ശാസ്താംകോട്ട: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തില്‍ ആഫ്രിക്കന്‍പായലിന്റെ വളര്‍ച്ച രൂക്ഷം. ചെറുവിരലനക്കാതെ അധികൃതര്‍. ഒന്നരവര്‍ഷം മുമ്പാണ് പായലിന്റെ സാന്നിധ്യം തടാകത്തില്‍ കണ്ടു തുടങ്ങിയത്. എന്നാല്‍ അന്ന് തന്നെ ഇത് മുളയിലേ നുള്ളാന്‍ വേണ്ട നടപടിഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരുന്നത് വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
പ്രതിദിനം ഇരുനൂറ്റി എണ്‍പത് ലക്ഷം ലിറ്റര്‍ ജലം വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി പമ്പ് ചെയ്‌തെടുക്കുന്ന തടാകത്തെ അശുദ്ധമാക്കും വിധം പായലിന്റെ വളര്‍ച്ച ദിനംപ്രതി വര്‍ധിക്കുകയാണ്. എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് അധികൃതര്‍. ഇതിനിടെ ആകെയുള്ള പ്രതീക്ഷ വരാനിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വലിയ പ്രോജക്ട് മാത്രമാണ്.
തുടക്കത്തില്‍ നാമമാത്രമായിരുന്ന ആഫ്രിക്കന്‍പണ്ടായലിന്റെ സാന്നിധ്യം ഇപ്പോള്‍ തടാകത്തിലെമ്പാടുമായി വ്യാപിച്ചു. രാജഗിരി കുതിരമുനമ്പ്, ആദിക്കാട് പമ്പ് ഹൗസ് തുടങ്ങിയ പ്രദേശങ്ങളില്‍ കിലോമീറ്ററുകള്‍ നീളത്തിലാണ് പായല്‍ വ്യാപിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളില്‍ ജലത്തിന് നിറവ്യത്യാസം കണ്ടുതുടങ്ങി. ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. തടാകത്തിലെ ശുദ്ധജല സാന്നിധ്യം നഷ്ടപ്പെടുന്നതരത്തിലേക്ക് പായലിന്റെ ക്രമാതീതമായ വളര്‍ച്ച ഇടയാക്കിയിട്ടുണ്ട്.
മീന്‍പിടുത്തക്കാര്‍ മറ്റ് ജലാശയങ്ങളില്‍ ഉപയോഗിക്കുന്ന വലകള്‍ പായലിന്റെ അംശത്തോടെ ശാസ്താംകോട്ട തടാകത്തില്‍ മീന്‍ പിടിക്കാന്‍ ഉപയോഗിച്ചതു വഴിയാണ് പായല്‍ വളരാന്‍ തുടങ്ങിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.സംസ്ഥാന തണ്ണീര്‍തട അതോറിറ്റിക്ക് കായല്‍ സംരക്ഷണ പ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തടാകത്തിലെ പായല്‍ നീക്കം ചെയ്യാനുള്ള കരാറിന്റെ വിജ്ഞാപനം ഇറക്കിയെങ്കിലും ഇതിനുള്ള തുക അപര്യാപ്തമായതിനാല്‍ കരാര്‍ ഏല്‍ക്കാന്‍ കഴിഞ്ഞദിവസം വരെയും ആരും തയാറായിട്ടില്ല.
ഇതിനിടെ കായല്‍ സംരക്ഷണത്തിന് പുതുജീവന്‍ നല്‍കുന്ന ഒരു ബൃഹദ്പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ പ്രണ്ടാഥമിക അനുമതി നല്‍കിയതായാണ് അറിയുന്നത്. സംസ്ഥാന മണ്ണ് സംരക്ഷണ ഡയറക്ടറേറ്റിന് മാസങ്ങള്‍ക്ക് മുമ്പ് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. നണ്ടാല്‍പ്പത് കോടി രൂപയുടെ പദ്ധതിക്കാണ് അനുമതിയായത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി നടപ്പാക്കുന്നതിനും കാലതാമസമുണ്ടായി.
തടാകത്തിനെ കാര്‍ന്ന് തിന്നുന്ന ആഫ്രിക്കന്‍ പായലിനെ പൂര്‍ണമായും നീക്കം ചെയ്യുക, തടാകതീരത്ത് സംരക്ഷണഭിത്തി, മരം നട്ട് പിടിപ്പിക്കല്‍, ചാലുകള്‍ നിര്‍മിച്ചുള്ള ശാസ്ത്രീയമായ മണ്ണൊലിപ്പ് തടയല്‍, വ്യഷ്ടിപ്രദേശങ്ങളിലെ കുത്തിറക്കങ്ങളില്‍ പാറകെട്ടി ഇരുമ്പ് വല കൊണ്ട് മൂടുക, മഴക്കുഴി നിര്‍മാണം തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുകയാണ് കേന്ദ്രഫണ്ട് ഉപയോഗിച്ച് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: