കല്‍പ്പറ്റ: നിയമന അംഗീകാരം ആവശ്യപ്പെട്ട് അധ്യാപകര്‍ രണ്ടാഴ്ചയായി നടത്തുന്ന അധ്യാപക സമരത്തിന് വിവിധ സംഘടനകളുടെ പിന്തുണ. നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയന് കേരളയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് വിവിധ അധ്യാപക സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
അഞ്ച് വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സമരം 12 ദിവസം പിന്നിട്ടു. 2016, 2020 വര്‍ഷത്തില്‍ സംസ്ഥാനത്തെ വിവിധ എയ്ഡഡ് സ്കൂളുകളില്‍ നിയമനം ലഭിച്ചിട്ടും നിയമന അംഗീകാരമോ ശമ്പളമോ ലഭിക്കാത്ത അധ്യാപകരാണ് സമരം ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ദുരിതം പേറുന്ന ഇവര്‍ക്ക് ഇനിയും നീതി ലഭ്യമായിട്ടില്ല.
എയ്ഡഡ് സ്കൂളില്‍ കുട്ടികള്‍ വര്‍ധിച്ചതിനാല്‍ ഉണ്ടായ അധിക തസ്തികയിലും ലീവ് വേക്കന്‍സി, റിട്ടയര്‍മെന്റ് തുടങ്ങിയ ഒഴിവുകളിലും അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് പല തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എയ്ഡഡ് മേഖലയിലെ അധിക തസ്തികകളില്‍ 50% അധ്യാപക ബാങ്കില്‍ നിന്ന് ആവണമെന്ന 2016 ഡിസംബറിലെ കെഇആര്‍ ഭേദഗതിയാണ് മൂവായിരത്തോളം അധ്യാപകരെയും കുടുംബത്തേയും ദുരിതത്തിലേക്ക് തള്ളി വിട്ടത്.
സെപ്റ്റംബര്‍ 16ന് നടന്ന ചര്‍ച്ചയില്‍ ഉള്‍പ്പെടെ അനുകൂലമായ ഒരു തീരുമാനവും സര്‍ക്കാര്‍ കൈ കൊള്ളാത്തതില്‍ പ്രതിഷേധിച്ചാണ് അദ്ധ്യാപകര്‍ അനിശ്ചിതകാല സമരം നടത്തുന്നത്. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് വിവിധ സംഘടനകളും അധ്യാപകരും ആവശ്യപ്പെട്ടു. ഇല്ലായെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്ന് അധ്യാപകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: