തൊടുപുഴ: കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞ തൊടുപുഴ പോലീസ് സ്റ്റേഷനിലെ എസ്ഐ സി.കെ. രാജു സേനയിലെ മാതൃകാ ഉദ്യോഗസ്ഥന്. ഇടുക്കി ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ റൈറ്ററായി ജോലി ചെയ്ത ശേഷമാണ് അദ്ദേഹം 2017-ല്‍ തൊടുപുഴയില്‍ എസ്ഐയായി എത്തിയത്.
മേലുദ്യോഗസ്ഥര്‍ക്കും കീഴുദ്യോഗസ്ഥര്‍ക്കും ഏറെ പ്രിയപ്പെട്ട ഉദ്യോഗസ്ഥന്, സത്യസന്ധനായ ഇദ്ദേഹത്തെ എല്ലാവരും ഈ മികവിലാണ് ഓര്‍മ്മിക്കുന്നത്. കുറ്റമറ്റ രീതിയില്‍ കേസ് എഴുതുന്നതില്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പോലീസ് സ്റ്റേഷനിലെ രേഖകള്‍ വ്യവസ്ഥാപിതമായി സൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
ജോലിയില്‍ ഏറെ കൃത്യത പുലര്‍ത്തിയ രാജു കേസന്വേഷണത്തിലോ ജോലിക്കിടയിലോ തെറ്റുണ്ടായാല്‍ അത് തിരുത്താന്‍ ശ്രമിച്ചിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട സര്‍വീസ് കാലമായിരുന്നു ഇതിന് കൈമുതലായതെന്ന് അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് ജന്മഭൂമിയോട് പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായാറാഴ്ച രാത്രിയിലായിരുന്നു മരണം. ഏഴ് മാസം കൂടി സര്‍വീസ് ബാക്കിയുള്ളപ്പോഴാണ് വിധി രാജുവിനെ തട്ടിയെടുത്തത്. കടുത്ത പ്രമേഹം അലട്ടുമ്പോഴും അതൊന്നും വകവയ്ക്കാതെ തന്റെ ഡ്യൂട്ടി കൃത്യമായി ചെയ്യാന്‍ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഈ മാസം ആദ്യം കാക്കനാട് നിന്ന് മുക്കുപണ്ട പണയ കേസില്‍ റിമാന്‍ഡ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ രാജു ഉള്‍പ്പെടുന്ന സംഘം പോയിരുന്നു. പിന്നാലെ പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇയാളില്‍ നിന്നാകാം രാജുവിനും ഒപ്പം പോയ ഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിച്ചതെന്നാണ് സംശയം. സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്ഐ അടക്കം ആറു പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. ഇവരുടെയെല്ലാം ഫലം നിലവില്‍ നെഗറ്റീവാണ്.
രാജുവിന്റെ ഭാര്യ മായ തൊടുപുഴയില്‍ ഗാല ലേഡീസ് കളക്ഷന്‍സ് എന്ന സ്ഥാപനം നടത്തുകയാണ്. കൊറോണ പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു സംസ്കാര ചടങ്ങുകള്‍. ബന്ധുക്കളെ മാത്രമാണ് പിപിഇ കിറ്റ് ധരിച്ച് മൃതദേഹം കാണാന്‍ അനുവദിച്ചത്. കഴിവ് തെളിയിച്ച സഹപ്രവര്‍ത്തകനെ നഷ്ടപ്പെട്ട വേദനയിലാണ് തങ്ങളെന്ന് തൊടുപുഴ ഡിവൈഎസ്പി സദന് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: