പാലക്കാട് : വാളയാര്‍ കേസില്‍ പ്രതിക്ക് വേണ്ടി ശിശുക്ഷേമസമിതിയുടെ അധ്യക്ഷന്‍ കോടതിയില്‍ ഹാജരായത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തന്നെ സ്ഥാനത്തു നിന്ന് നീക്കിയെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജാ മാധവന്. കേസില്‍ വിഴ്ച വരുത്തിയത് പ്രോസിക്യൂട്ടര്‍മാരാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയാണ് ജലജ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പാലക്കാട് ശിശുക്ഷേമ സമിതിയുടെ അധ്യക്ഷനാണ് കേസില്‍ പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ഇത് താന്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയത്. തനിക്ക് പകരം പ്രോസിക്യൂട്ടര്‍ സ്ഥാനത്തേയ്ക്ക് വന്നത് യുഡിഎഫ് കാലത്ത് എല്‍ഡിഎഫിനെതിരെ പ്രോസിക്യൂട്ടര്‍ സ്ഥാനത്തിരുന്ന് കേസ് നടത്തുകയും പിന്നീട് കേസ് തോറ്റപ്പോള്‍ സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്ത ആളാണ്.
തന്നെ മാറ്റി യുഡിഎഫ് സര്‍ക്കാര്‍ കാലത്തെ പ്രോസിക്യൂട്ടറെ കേസേല്‍പിച്ചതിന് പിന്നിലെ കാരണമെന്താണ്. വാളയാര്‍ കേസില്‍ താന്‍ മൂന്ന് മാസം മാത്രമാണ് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചത്. പിന്നിടാണ് തന്നെ മാറ്റി ലത ജയരാജിനെ പകരം നിയമിച്ചത്. ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഇടപെടലിലാണ് ഈ നിയമനം നടന്നിരിക്കുന്നതെന്നും ജലജാ മാധവന് ആരോപിച്ചു.
വാളയാര്‍ കേസില്‍ വീഴ്ചയുണ്ടായതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് 12 മണിക്ക് ജലജ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: