ഇടുക്കി: കട്ടപ്പന നരിയംപാറയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സഹായം കാത്ത് നിര്‍ദ്ധന കുടുംബം. ചികിത്സ സൗജന്യമായി ലഭിക്കുമ്പോഴും താമസ സൗകര്യം പോലുള്ളവയാണ് കുടുംബത്തെ അലട്ടുന്നത്.
രാഷ്ട്രീയ സ്വാധീനത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ആദ്യം ശ്രമം നടന്നെങ്കിലും പിന്നീട് സംഭവം പുറം ലോകം അറിയുന്നത് 16കാരിയുടെ ആത്മഹത്യ ശ്രമത്തെ തുടര്‍ന്നാണ്. പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ച പെണ്‍കുട്ടിയെയാണ് പ്രണയം നടിച്ച് സമീപവാസി കൂടിയായ ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ചത്. ആദ്യം പരാതി നല്‍കിയെങ്കിലും കേസ് ഒതുക്കാന്‍ ശ്രമം നടന്നു. പിന്നീട് വിവാദമായതോടെ ഡിവൈഎസ്പിയുടെ ഓഫീസിലെത്തി മൂന്ന് ദിവസത്തിന് ശേഷം പ്രതിയായ മനു മനോജ് കീഴടങ്ങുകയായിരുന്നു.
തീര്‍ത്തും നിര്‍ദ്ധനരായ കുടുംബമാണ് പെണ്‍കുട്ടിയുടേതെന്ന് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. സാരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ എത്തിച്ചെങ്കിലും ഇവിടെ വെന്റിലേറ്ററില്ലെന്ന് പറഞ്ഞ് കൃത്യമായ പരിചരണം നല്‍കിയില്ല. കൊറോണ രോഗികള്‍ കൂടുതലായതിനാല്‍ ആണ് ചികിത്സ നിഷേധിച്ചത്.
വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത പെണ്‍കുട്ടി ചൂട് സഹിക്കാനാകാതെ കരഞ്ഞതോടെയാണ് ബന്ധുക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഇവിടെ ചികിത്സ മികച്ചതാണെങ്കിലും രാത്രിയില്‍ കിടക്കാനുള്ള സൗകര്യമില്ല. കൊറോണയാണ് ഇവിടേയും പ്രശ്നം. പുറത്ത് വലിയ തുക നല്കി മുറിയെടുത്ത് താമസിക്കാന്‍ ആവതില്ലാത്തതിനാല് നിലവില്‍ ദുരെയുള്ള ബന്ധുവീട്ടില്‍ നിന്ന് പോയി വരികയാണ്.
രണ്ട്-മൂന്ന് ആഴ്ചയ്ക്ക് ശേഷമെ കൃത്യമായ കാര്യങ്ങള്‍ പറയാനാകൂവെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം. ശരീരത്തിന് 50% പൊള്ളലേറ്റിട്ടുണ്ട്, ആന്തരിക അവയവങ്ങള്‍ക്കും പരിക്കുണ്ട്. ശക്തമായ വേദനയിലും ജീവിതത്തിലേക്ക് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് പെണ്‍കുട്ടി. ഇതിനായി സര്‍ക്കാര്‍ വേണ്ട സഹായം നല്‍കുമെന്ന പ്രതീക്ഷയില്‍ കണ്ണീരോടെ കാത്തിരിക്കുകയാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: