തിരുവനനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് വീണ്ടും സര്‍ക്കാര്‍ പുതിയ പാക്കേജ് തയാറാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്.
കോവിഡ് പകര്‍ച്ചവ്യാധി ഗതാഗത മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്തു പൊതുഗതാഗതം സ്തംഭിച്ചിരുന്നു. അതിനു ശേഷവും സാധാരണ നിലയിലേക്ക് ഗതാഗത സംവിധാനങ്ങള്‍ തിരിച്ചു വന്നിട്ടില്ല. ഇത് കെഎസ്ആര്‍ടിസിയുടെ നില വളരെ പരുങ്ങലിലാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ പാക്കേജ്.
കഴിഞ്ഞ പാക്കേജ് എന്തുകൊണ്ട് നടപ്പായില്ല എന്നതു സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവരും ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്. കേരള സര്‍ക്കാര്‍ പറഞ്ഞ വാക്ക് കൃത്യമായി പാലിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷവും 1000 കോടി രൂപ വീതം കെഎസ്ആര്‍ടിസിക്ക് നല്കുകയുണ്ടായി. നടപ്പുവര്‍ഷത്തില്‍ സര്‍ക്കാര്‍ നല്കുന്ന സാമ്പത്തിക സഹായം 2000 കോടി രൂപയിലേറെ വരും. ആകെ 4160 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഈ സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. കഴിഞ്ഞസര്‍ക്കാരിന്റെ അഞ്ചുവര്‍ഷ ഭരണകാലത്ത് കെഎസ്ആര്‍ടിസിക്ക് ആകെ നല്കിയ സഹായം 1220 കോടി രൂപ മാത്രമാണ്.
പൊതുമേഖലയെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുമെന്നതാണ് സര്‍ക്കാര്‍ നിലപാട്. പുതിയ പാക്കേജിന്റെ ഭാഗമായി തൊഴിലാളികളുടെ നീണ്ട കാലത്തെ ചില ആവശ്യങ്ങള്‍ക്കാണ് പരിഹാരമുണ്ടാക്കുന്നത്.
1. ബാങ്കുകള്‍, എല്‍ഐസി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ള ജീവനക്കാരുടെ ശമ്പള റിക്കവറികള്‍ കുടിശികയിലാണ്. അതുപോലെ തന്നെയാണ് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റും. ജൂണ്‍ മാസം അവസാനം വരെയുള്ള കണക്കുപ്രകാരം 255 കോടി രൂപ ഈ വകകളില്‍ 2016 മുതല്‍ നല്കുവാനുണ്ട്. ഈ തുക സര്‍ക്കാര്‍ അടിയന്തരമായി കെഎസ്ആര്‍ടിസിക്ക് ലഭ്യമാക്കും.
2. 2012നുശേഷം ശമ്പളപരിഷ്കരണം നടപ്പായിട്ടില്ല. അതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുപോലുമില്ല. എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും പ്രതിമാസം 1500 രൂപ വീതം ഇടക്കാലാശ്വാസം അനുവദിക്കുന്നു. ഇതിനുള്ള അധിക തുക സക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. പാക്കേജിന്റെ ഭാഗമായി ശമ്പളപരിഷ്കരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.
3. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതല്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പത്തുവര്‍ഷം സേവനമുള്ളവരും പിഎസ്സി അല്ലെങ്കില്‍ എംപ്ലോയ്മെന്റ് വഴി നിയമനം ലഭിച്ചവരെ മാത്രമേ സ്ഥിരപ്പെടുത്തുന്നതിനു പരിഗണിക്കാനാവൂ. ബാക്കിയുള്ളവരെ ഘട്ടം ഘട്ടമായി കെഎസ്ആര്‍ടിസിയുടെ സബ്സിഡിയറി കമ്പനിയായി രൂപീകരിക്കുന്ന സ്വിഫ്റ്റ് എന്ന സ്ഥാപനത്തില്‍ തുടര്‍ന്നും തൊഴില്‍ നല്‍കും.സ്കാനിയ, വോള്‍വോ ബസുകള്‍, ദീര്‍ഘദൂര ബസുകള്‍, പുതുതായി കിഫ്ബി വഴി വാങ്ങുന്ന ബസുകള്‍ തുടങ്ങിയവ ഈ കമ്പനി വഴിയായിരിക്കും ഓപ്പറേറ്റ് ചെയ്യുക.
4. കേരള സര്‍ക്കാരിന് കെഎസ്ആര്‍ടിസി നല്‍കാനുള്ള 961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും. 3194 കോടി രൂപയുടെ വായ്പ ഓഹരിയായി മാറ്റും. കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കോര്പ്പറേഷന് ബാധ്യതയില്ലാത്ത രീതിയില്‍ പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കും.
5. കണ്‍സോര്‍ഷ്യവുമായി ഉണ്ടാക്കിയിട്ടുള്ള ഇപ്പോഴത്തെ ധാരണ പ്രകാരം സര്‍ക്കാരില്‍ നിന്നല്ലാതെ കെഎസ്ആര്‍ടിസിക്ക് വായ്പയെടുക്കാന്‍ അവകാശമില്ല. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച ചെയ്ത് പുതിയൊരു വായ്പാ പാക്കേജ് ഉറപ്പുവരുത്തും.
6. ഇതോടൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനും ചെലവുകള്‍ ചുരുക്കുന്നതിനും വളരെ വിശദമായ ഒട്ടേറെ നടപടികള്‍ സ്വീകരിക്കേണ്ടിവരും. ഇതിന്റെ ഫലമായി അടുത്ത മൂന്നുവര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയുടെ വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടി രൂപയായി കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ തുക കെഎസ്ആര്‍ടിസി നല്കുന്ന സൗജന്യ സേവനങ്ങള്‍ക്ക് പ്രതിഫലമായി ഗ്രാന്റായി കോര്പ്പറേഷന് സര്‍ക്കാര്‍ തുടര്‍ന്നു നല്‍കുമെന്നും അദേഹം പറഞ്ഞു.
ചിത്രത്തിന് കടപ്പാട്: വി.എന്‍ കൃഷ്ണ പ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: