പന്തളം: വാളയാറില്‍ മരിച്ച സഹോദരിമാരുടെ അമ്മയും പന്തളത്ത് 108 ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട കോവിഡ് രോഗിയായ പെണ്‍കുട്ടിയുടെ അമ്മയും സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന് സര്‍ക്കാരിന്റെ ദളിത് വിരുദ്ധതയുടെ ജീവിച്ചിരിക്കുന്ന പ്രതീകങ്ങള്‍ ആണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. പന്തളത്തെ പെണ്‍കുട്ടിയുടെ മാതാവിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ രണ്ട് അമ്മമാര്‍ക്കും നീതി ലഭിക്കുന്നതുവരെ ഇവരോടൊപ്പം പോരാട്ടത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന നിരാഹാരസമരത്തിന് ഒപ്പം പാര്‍ട്ടിയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പന്തളത്തെ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പെണ്‍കുട്ടിയുടെ അമ്മയുടെ ജോലി സ്ഥിരമാക്കി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പിന്റെ വീഴ്ചയുടെ ഇരയാണ് പന്തളത്തെ പെണ്‍കുട്ടി അതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിനും സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. കേസിലെ പ്രതിക്ക് ശക്തമായ ശിക്ഷ നല്കുന്ന കാര്യത്തിലും സര്‍ക്കാരും പോലീസും അലംഭാവം കാണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടാന്‍ തയ്യാറാകണമെന്നും ഇവര്‍ക്ക് നീതി ലഭിക്കുന്നതുവരെ ഇവരോടൊപ്പം ബിജെപിയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി . വാളയാര്‍ കേസ് അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ശ്രമിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു.
ഇതിന് ഉദാഹരണമാണ് കേന്ദ്ര ബാലാവകാശ കമ്മീഷന് അന്വേഷണത്തിന് എത്തിയ സമയം മാതാപിതാക്കളെ അവിടെ നിന്നും മാറ്റുവാന്‍ മുഖ്യമന്ത്രിയും ഒരു സാമുദായിക നേതാവും ശ്രമിച്ചത്. കുട്ടികളുടെ അമ്മ തന്നെ മുഖ്യമന്ത്രി ചതിച്ചു എന്ന് പറയുന്നത് കേരളത്തിന് അപമാനമാണ്. ഇത് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാളയാര്‍ കേസ് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പൂഴ്ത്തിയത് ആര്‍ക്കു വേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ ബിജെപി അടൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബിനുകുമാര്‍ പന്തളം മുനിസിപ്പല്‍ പ്രസിഡന്റ് രൂപേഷ് കുമാര്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: