കൊല്ലം: കോവിഡ് രോഗിക്ക് ട്രാക്ക് ആംബുലന്‍സില്‍ സുഖപ്രസവം. ട്രാക്ക് വൈസ് പ്രസിഡന്റും ഹോളിക്രോസ്സ് ആശുപത്രി എമര്‍ജന്‍സി വിഭാഗം മേധാവിയുമായ ഡോ. ആതുരദാസാണ് ആംബുലന്‍സിനുള്ളില്‍ പ്രസവമെടുത്തത്. ശനിയാഴ്ച അതിരാവിലെ 2.10നായിരുന്നു സംഭവം.
കോവിഡ് പോസിറ്റീവ് ആയ ഗര്‍ഭിണിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് രാവിലെ ഒന്നേമുക്കാലോടെ കരിക്കോട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് ട്രാക്ക് ആംബുലന്‍സ് ഡ്രൈവര്‍ അമീന് ഫോണ്‍ വന്നത്. ഉടനെതന്നെ അമീനും ട്രാക്ക് വോളന്റിയര്‍ അഖില്‍ രവിയും ആംബുലന്‍സില്‍ കരിക്കോട് എത്തുകയും കോവിഡ് ബാധിച്ച ഗര്‍ഭിണിയെ പാരിപ്പള്ളി മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഗര്‍ഭിണിയുടെ നിലവിളിയും അവസ്ഥയും കണ്ടപ്പോള്‍ വഴിയില്‍ വച്ച് തന്നെ അവര്‍ പ്രസവിക്കുമെന്ന് ഭയന്ന അമീന് ഡോ. ആതുരദാസിന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു.
ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു ഹോളിക്രോസ്സ് ആശുപത്രിയില്‍ ഗര്‍ഭിണിയെ എത്തിക്കുമ്പോഴേക്കും കുഞ്ഞിന്റെ തല പുറത്തു വന്നിരുന്നു. തയ്യാറായി കാത്തുനിന്നിരുന്ന ഡോ. ആതുരദാസും ടീമും എമര്‍ജന്‍സി മനസിലാക്കി ആംബുലന്‍സില്‍ വച്ചുതന്നെ പ്രസവം എടുക്കുകയായിരുന്നു. ഡോ അരുളും ഡോ. ബിന്ദുവും സഹായത്തിനായി കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ഹോളിക്രോസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. കുട്ടിയും അമ്മയും ഇന്നലെ സുഖമായി വീട്ടില്‍ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: