കണ്ണൂര്‍: ഇന്ന് തുലാപ്പത്ത് പിറന്നതോടെ വടക്കേ മലബാറില്‍ തെയ്യാട്ടക്കാലത്തിന് തുടക്കമായി. എന്നാല്‍ പതിവു വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തില്‍ തെയ്യാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രത്തില്‍ ആഘോഷം ചടങ്ങുകള്‍ മാത്രമായി നടക്കും. ക്ഷേത്രത്തില്‍ ഇക്കുറി കളിയാട്ടമില്ലെന്ന തീരുമാനിച്ചു കഴിഞ്ഞു. ഇതേ ദിവസം തെയ്യാട്ടം നടക്കുന്ന നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലും ആഘോഷം ഇത്തവണ ആചാര ചടങ്ങുകളിലൊതുങ്ങും.
കാവുകളിലും ക്ഷേത്രങ്ങളിലും തോറ്റം പാട്ടിന്റെ താളത്തില്‍ ചെണ്ടയും ചിലമ്പൊച്ചയും തീര്‍ക്കുന്ന കാലമാണ് കളിയാട്ടക്കാലം. ഇടവപ്പാതിവരെ നീണ്ടു നില്‍ക്കുന്ന ഈ ആഘോഷക്കാലം വടക്കേ മലബാറിലെ ജനങ്ങളുടെ അനുഷ്ഠാനവും ഒപ്പം ഉത്സവകാലവുമാണ്. കോവിഡിന്റെ വരവോടെ ആളും ആരവങ്ങളും മാഞ്ഞതോടെ കഴിഞ്ഞ തെയ്യാട്ടക്കാലത്തിന്റെ പകുതിയോടെ നിരവധി കാവുകളിലേയും ക്ഷേത്രങ്ങളിലേയും തെയ്യാട്ടങ്ങള്‍ മാറ്റിവെച്ചിരുന്നു. ഇതോടെ കോലക്കാരന്‍ തൊട്ട് ബലൂണ്‍ വില്‍പ്പനക്കാരന്റെ വരെ ഉപജീവനമാര്‍ഗം വലിയ പ്രതിസന്ധിയിലായിരുന്നു.
ആളുകള്‍ കൂടിനില്‍ക്കാത്ത കളിയാട്ടങ്ങള്‍ ഉത്തരമലബാറുകാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഭക്തിയില്‍ നിറഞ്ഞാടുന്ന വലിയ ആള്‍ക്കൂട്ടങ്ങളുടെ അടയാളങ്ങളാണ് ഓരോ കളിയാട്ടവും. കരിമരുന്നും കാഴ്ചവരവും ഘോഷയാത്രയും എന്നുവേണ്ട സകലതിനും ആള്‍ക്കൂട്ടങ്ങളുടെ അകമ്പടിയാണ്. കോവിഡ് പ്രോട്ടോകോള്‍ നില നില്‍ക്കുന്നതിനാല്‍ ഇത്തവണയും തെയ്യാട്ടങ്ങള്‍ കഴിഞ്ഞകാലങ്ങളിലേതുപോലെ പൂര്‍വ്വാധികം ശക്തിയോടെ നടക്കില്ലെന്ന സ്ഥിതിയാണ്.
ഓര്‍മ്മകളിലൊന്നും കഴിഞ്ഞ കളിയാട്ടക്കാലം പോലെ ഒരു വര്‍ഷം കടന്നുപോയിട്ടില്ലെന്ന് പ്രായമായവര്‍ ഓര്‍ത്തെടുക്കുന്നു. അനുഷ്ഠാനപൂര്‍വം തെയ്യം കെട്ടിയാടുന്ന വണ്ണാന്‍, മലയര്‍, വേലന്മാര്‍, അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍, മാവിലര്‍, ചിങ്കത്താന്മാര്‍, കോപ്പാളര്‍, പുലയര്‍ തുടങ്ങിയ സമുദായങ്ങളിലെ കോലധാരികള്‍ കഴിഞ്ഞ സീസണില്‍ തെയ്യാട്ടങ്ങള്‍ നടക്കാത്തതിനാല്‍ കഴിഞ്ഞ ആറു മാസമായി ജീവിതം വളരെ വിഷമം നിറഞ്ഞതാണ്. കോവിഡ് രോഗ വ്യാപനം നിലനില്‍ക്കെ പലരും ഇനിയൊരു തെയ്യാട്ടക്കാലം കൂടി ഇത്തരത്തില്‍ അന്യമാകുന്നതിനെ കുറിച്ച് ഏറെ ആശങ്കയിലാണ്.
തുലാം മുതല്‍ ഇടവം വരെയുള്ള തെയ്യാട്ടക്കാലത്ത് കിട്ടുന്ന വരുമാനത്തിലാണ് തെയ്യക്കാരുടെ ജീവിതം മുന്നോട്ടുപോകുന്നത്. കുന്നോളം കൂട്ടിയ തീക്കനലുകളില്‍ വീണും കത്തുന്ന മേലേരിയില്‍ കിടന്നും അരയ്‌ക്കു ചുറ്റും ജ്വലിക്കുന്ന പന്തങ്ങളുമായി കലാശം വച്ചും ഭക്തന്മാര്‍ക്ക് അനുഗ്രഹവും കാഴ്ചക്കാര്‍ക്ക് ഭക്തിനിര്‍ഭരമായ ആത്മീയ അനുഭൂതിയും നല്‍കിയ തെയ്യ കോലാധാരികളടക്കമുളളവരുടെ മനസില്‍ കോവിഡ് വ്യാപന സാഹചര്യം തുടരുന്നത് ഭാവിയെ കുറിച്ച് കടുത്ത ആശങ്കയുയര്‍ത്തുകയാണ്.
ഇനിയുള്ള ആറു മാസം ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ടു പോകണമെന്നറിയില്ല. മറ്റൊരു ജീവിതമാര്‍ഗം കണ്ടെത്താനാകാതെ വിഷമിച്ചിരിക്കുകയാണ് പലരും. മറ്റ് തൊഴിലുകള്‍ അറിയാത്തതിനാല്‍ നന്നേ ചെറുപ്പം തൊട്ട് തെയ്യങ്ങളുടെ കോലധാരിയായി ജീവിതം മുന്നോട്ട് നയിച്ചു കൊണ്ടിരുന്ന നിരവധി പേരുണ്ട്. കോവിഡ് വന്നതോടെ ജീവിതം വഴിമുട്ടിയ നിലയിലാണ് ഇക്കൂട്ടരെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: