ടി. പത്മനാഭന് നായര്‍ എന്ന പേരില്‍ കവിഞ്ഞൊരു പ്രൗഢി വേറെയുണ്ടായിരുന്നില്ല തപസ്യയ്ക്ക്. കലാകാരന്മാരും സാഹിത്യപ്രതിഭകളും അരങ്ങുവാഴുന്ന തപസ്യയുടെ വേദിക്ക് പിന്നിലും മുന്നിലുമായി പതിറ്റാണ്ടുകള്‍ പിന്നിട്ട നിശ്ശബ്ദസാന്നിധ്യമാണ് വിടവാങ്ങുന്നത്.
സംസ്ഥാനധനകാര്യവകുപ്പില് ഡെപ്യൂട്ടി സെക്രട്ടറി പദത്തില്‍ ജോലി ചെയ്യുമ്പോഴും അദ്ദഹം തപസ്യയില്‍ സാധാരണക്കാരനായിരുന്നു. സ്വതസിദ്ധമായ തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുകയും പ്രതിസന്ധികളെ അതേ ലാഘവത്വത്തോടെ മറികടക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്ത ഉജ്ജ്വലനായ സംഘാടകന്‍. കേരളത്തിലെവിടെ തപസ്യ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നാലും താനെത്തേണ്ടിടമാണെങ്കില് എത്തിച്ചേരുമായിരുന്നു അദ്ദേഹം.
വേദിയിലെ ഇടമായിരുന്നില്ല ഹൃദയത്തിലെ ഇടമായിരുന്നു പത്മനാഭന് ചേട്ടന് തപസ്യ.
തലസ്ഥാനനഗരിയില്‍ സംഘപരിവാര്‍ പ്രഭാവം നിറയുമ്പോഴും ഒപ്പത്തിലൊരാളാവുക എന്നതിനപ്പുറം അദ്ദേഹം ഒന്നും പ്രതീക്ഷിച്ചില്ല. അതൊരു കടമയായിരുന്നു അദ്ദേഹത്തിന് . താന്‍ സ്നേഹിച്ച ആദര്‍ശത്തിന്റെ പ്രതിപുരുഷന്മാര് പുതിയ ഉയരങ്ങളിലേക്ക് നടന്നുകയറുന്നത് ഹൃദയം കൊണ്ട് കാണാനല്ലാതെ, അവര്‍ക്കൊപ്പം നിന്ന് അവകാശത്തിന്റെ പകര്‍പ്പ് തനിക്കുമുണ്ടെന്ന് പറയുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നില്ല.
തപസ്യ കേരളമാകെ നടത്തിയ ഐതിഹാസികമായ തീര്‍ത്ഥയാത്രകളില്‍ മഹാരഥന്മാര്ക്കൊപ്പം അദ്ദേഹവും നടന്നു. മഹര്‍ഷിമാരുടെ കമണ്ഡലുവേന്താന് മടികാട്ടാത്ത നിഷ്കാമിയായ പരിചാരകനെപ്പോലെ ഒരു നേതാവിന്റെ സഞ്ചാരം…. പത്മനാഭന്ചേട്ടന് സംഘാടനം എന്ന സര്ഗാത്മകതയില് ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു. എങ്ങനെയാണ് ഇത്രമേല്‍ സക്രിയമായിരുന്നിട്ടും ഭ്രമിപ്പിക്കുന്ന വെള്ളിവെളിച്ചത്തില്‍ നിന്ന് ഈ മനുഷ്യന് ഒഴിഞ്ഞുനിന്നത് എന്നത് ആരെയും അതിശയിപ്പിക്കും. സ്വാര്‍ത്ഥരഹിതമായ ജീവിതം കൊണ്ട് ഈ കാലഘട്ടത്തിന്റെ കല്പലകയില് അദ്ദേഹം എഴുതിച്ചേര്‍ത്തത് സന്ധിയില്ലാത്ത സംഘാടനകലയുടെ ഏടുകളാണ്.
ഏറ്റവും മുതിര്‍ന്ന സാഹിത്യപ്രവര്‍ത്തകര്‍ തപസ്യക്ക് നേതൃത്വം നല്കിയ കാലത്ത് തുടങ്ങിയതാണ് അദ്ദേഹത്തിന്റെ സംഘടനാബന്ധം. അതാകട്ടെ അദ്ദേഹത്തിന്റെ ജീവിതാവസാനം വരെയും തുടര്‍ന്നു. മരണം വന്ന് വിളിക്കുന്ന ദിവസത്തിലും തപസ്യ പ്രവര്‍ത്തകര്‍ ഒത്തുചേരുന്ന ഓണ്‍ലൈന്‍ മീറ്റിങില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. പ്രതിഭകളുടെ കാലത്തോടൊപ്പം നടന്ന്, കുതുകികളെ കൂട്ടിച്ചേര്‍ത്ത്, പുതിയ കാലത്തിന് കര്‍മ്മം കൊണ്ട് മാതൃകയായ ഒരു സംഘാടകന്റെ വിടവാങ്ങല്‍….. സാക്ഷാല്‍ അനന്തപത്മനാഭന്റെ നഗരത്തില്‍ ആ പേര് തപസ്യക്ക് എന്നും ഒരു പ്രൗഢിയായിരുന്നു. ഇപ്പോള്‍ ആ ഓര്‍മ്മകളും ……
പ്രതികരിക്കാൻ ഇവിടെ എഴുതുക: