ചിറക്കര: കോവിഡ് 19 പടരുമ്പോഴും ചിറക്കര പഞ്ചായത്ത് പ്രദേശം മാലിന്യമുക്തമാക്കാന്‍ കഴിയാതെ അധികൃതര്‍. ചിറക്കര ഏറം തെക്ക് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കോഴിഫാമില്‍ നിന്ന് ആയിരവല്ലി തോട്ടിലേക്ക് മാലിന്യങ്ങള്‍ ഒഴുകുന്നതായാണ് ആക്ഷേപം. കഴിഞ്ഞദിവസം ആയിരവല്ലി ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകളും തടസ്സപ്പെട്ടു. ചിറക്കര ആയിരവല്ലി ക്ഷേത്രത്തിലെ തര്പ്പണചടങ്ങുകള്ക്കായി ഈ തോടാണ് ഉപയോഗിക്കുന്നത്.
ഫാമിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും ഫലമില്ലെന്ന് ജനങ്ങള്‍ പറയുന്നു. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ഇത് അടച്ചുപൂട്ടാന്‍ പലവട്ടം നോട്ടീസ് നല്‍കിയിട്ടും പ്രയോജനമില്ല. മാസങ്ങള്‍ക്ക് മുമ്പേ പ്രദേശവാസികളുടെ ദുരവസ്ഥ നേരിട്ട് മനസിലാക്കി ആരോഗ്യ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
പരിസരമലിനീകരണം സംബന്ധിച്ച് പ്രദേശവാസികളുടെ പരാതിയില്‍ പഞ്ചായത്ത് ഫാമുടമയ്ക്ക് നോട്ടീസും നല്‍കിയിരുന്നു. നിലവില്‍ കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്ന് നമ്പറോ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതിയോ വാങ്ങാതെയാണ് ഒരു വന്‍കിട ഫാം പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: