ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്
ഹിന്ദു എന്ന പദത്തിന്റെ അര്‍ത്ഥത്തോട് നീതി പുലര്‍ത്താതിരുന്നാല്‍ അത് നമ്മുടെ സമാജത്തെയും രാഷ്ട്രത്തെയും ചേര്‍ത്തു നിര്‍ത്തുന്ന യഥാര്‍ത്ഥ ധാരയെ ദുര്‍ബലമാക്കും. രാഷ്ട്രത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ശബ്ദത്തെ തന്നെ തങ്ങളുടെ പ്രഥമ ലക്ഷ്യമാക്കുന്നത് ഇക്കാരണത്താലാണ്. ഹിന്ദു തത്വ ചിന്തയുടെ ഭാഗമായി കാലങ്ങളായി നിലനിന്നു പോരുന്ന വൈവിധ്യങ്ങളെ ഭിന്നതകളായി ചിത്രീകരിച്ച് ഹിന്ദുത്വത്തെ അതില്‍ തളച്ചിടാനാണ് ശ്രമം.
ഹിന്ദു എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ ജാതിയുടെയോ പേരല്ല. ഏതെങ്കിലും പ്രാദേശിക ചിന്താഗതിയെയോ ഏതെങ്കിലും പ്രത്യേക ഭാഷ സംസാരിക്കുന്നവരെയോ അത് സൂചിപ്പിക്കുന്നില്ല. അസംഖ്യമായ ഭിന്നാസ്മിതകളെ ഉള്‍ക്കൊള്ളുന്ന മാനവ സംസ്ക്കാരത്തിന് കളിത്തൊട്ടിലായ വിശാലമായ ഒരു മനശാസ്ത്രമാണത്. ഈ വാക്കിനെ അംഗീകരിക്കാന്‍ ഇഷ്ടമില്ലാത്ത ചിലരുണ്ടാകാം. മേല്‍പ്പറഞ്ഞ അര്‍ത്ഥം മനസില്‍ വച്ചുകൊണ്ട് മറ്റൊരു വാക്ക് ഉപയോഗിക്കാന്‍ അവര്‍ക്കു കഴിയുമെങ്കില്‍ നാം അതിനെ എതിര്‍ക്കുന്നില്ല. ഹിന്ദുസ്ഥാനം ഹിന്ദുരാഷ്ട്രമാണെന്നു സംഘം പറയുമ്പോള്‍ അതിന് രാഷ്ട്രീയമായതോ അധികാര കേന്ദ്രകൃതമായതോ ആയ ഒരു അര്‍ത്ഥവുമില്ല. ഹിന്ദുത്വം എന്നത് രാഷ്ട്രത്തിന്റെ സത്തയാണ്.
ഭാരതത്തിന്റെ സ്വത്വമാണ് ഹിന്ദു എന്ന് ഞങ്ങള്‍ തുറന്നുപറയാന്‍ കാരണം, നമ്മുടെ എല്ലാ സാമൂഹ്യ, സാംസ്ക്കാരിക ധാരകളും അതിനാല്‍ നിയന്ത്രിക്കപ്പെടുന്നതിനാലാണ്. നമ്മുടെ ഓരോരുത്തരുടെയും വൈയക്തികവും കുടുംബപരവും തൊഴില്‍പരവും സാമൂഹ്യവുമായ ബന്ധങ്ങളുടെ ദിശാ ദര്‍ശനവും ഹിന്ദുത്വം തന്നെ. ഈ ശബ്ദത്തിന്റെ ഭാവനാ പരിധിയില്‍ ജീവിക്കാന്‍ വേണ്ടി ആരും തന്നെ തങ്ങളുടെ ആരാധനാക്രമം, പ്രദേശം, ഭാഷ തുടങ്ങി ഒരു വിശേഷതകളും ഉപേക്ഷിക്കേണ്ടതില്ല.
ആധീശത്വം നേടാനുള്ള ത്വര ഉപേക്ഷിക്കുക മാത്രംമതി. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും അധീശത്ത്വത്തിന്റെ തെറ്റായ സ്വപ്നങ്ങള്‍കാട്ടി വിഭാഗീയത വളര്‍ത്തുകയും ചെയ്യുന്നവരെ കരുതിയിരിക്കുകയും വേണം. ഭാരതത്തിലെ വൈവിധ്യങ്ങള്‍ക്കിടയില്‍ അതിശക്തമായി നിലകൊള്ളുന്ന ഏകതയുടെ ചരടിനെ ഇല്ലാതാക്കാനുള്ള പരിതാപകരമായ ശ്രമം നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: