ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്
സര്‍ക്കാര്‍ നയങ്ങളോടുള്ള നമ്മുടെ എതിര്‍പ്പ് രാജ്യത്തിന്റെ ഐക്യത്തെ പ്രതികൂലമായി ബാധിക്കാത്തതാകണം. ഭരണഘടനാ തത്വങ്ങളില്‍ നിന്നുകൊണ്ടും എല്ലാ മത വിഭാഗങ്ങളെയും മാനിച്ചുകൊണ്ടും ജാതി, വര്‍ഗ, ദേശ, ഭാഷ പശ്ചാത്തലങ്ങളെ മനസിലാക്കിക്കൊണ്ടും നാം പ്രവര്‍ത്തിക്കണം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ജനാധിപത്യം, ഭരണഘടന, മതേതരത്വം എന്നിവയുടെ എല്ലാം ചാമ്പ്യന്മാരാണെന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ സാമൂഹ്യ-സാംസ്ക്കാരിക മൂല്യങ്ങളെ എതിര്‍ക്കാന്‍ രംഗത്തിറങ്ങിയിട്ടുള്ള ശക്തികള്‍ ജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ടേ ഇരിക്കുന്നു.
1949 ആഗസ്റ്റ് 29ന് ഭരണഘടനാ നിര്‍മാണ സഭയില്‍ ആരാധ്യനായ ഡോ. ബി.ആര്. അംബേദ്ക്കര്‍ ഇത്തരക്കാരെ ‘ആരാജകത്വത്തിന്റെ വ്യാകരണം’ എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം പ്രശ്ചന്ന ശക്തികളെ തിരിച്ചറിഞ്ഞ് അവരുടെ ഗൂഢപദ്ധതികളെ നിര്‍വീര്യമാക്കുവാനും നമ്മുടെ സഹോദരീ സഹോദരന്മാരെ ജാഗരൂകരാക്കുവാനും നമ്മുക്ക് കഴിയണം. സംഘത്തെപ്പറ്റി ഇത്തരം ആശയകുഴപ്പങ്ങള്‍ നിര്മിക്കപ്പെടാതിരിക്കണം. അതുകൊണ്ടുതന്നെ ചില പദങ്ങളെ സംഘം ഏതര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നതെന്നും അല്ലെങ്കില്‍ എന്താണ് അവകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ഹിന്ദുത്വം ഇങ്ങനെയൊരു ശബ്ദമാണ്. പൂജാദികാര്യങ്ങളുമായി ബന്ധപ്പെടുത്തി അതിനെ സങ്കുചിതമാക്കി കാണിക്കുന്നു. സംഘത്തെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വം നമ്മുടെ അസ്ഥിത്വത്തോടൊപ്പം ആധ്യാത്മികയിലധിഷ്ഠിതമായ പാരമ്പര്യം, മൂല്യങ്ങള്‍ എന്നിവയുടെ നൈരന്തര്യത്തെയാണ് അര്‍ത്ഥമാക്കുന്നത്.
ഭാരതവര്‍ഷത്തിന്റെ സന്താനങ്ങളാണെന്നഭിമാനിക്കുന്ന 130 കോടി ജനങ്ങള്‍ക്കും ഈ ശബ്ദം ബാധകമാണ്. അനാദികാലം മുതല്‍ ഈ ആദ്ധ്യാത്മിക ഭൂമിയെ രൂപപ്പെടുത്തിയെടുത്ത പൂര്‍വികരിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുകയും അവരുടെ ധാര്‍മിക മൂല്യങ്ങളോട് തങ്ങളുടെ ദൈനംദിന ജീവിതത്തെ ചേര്‍ത്തുവയ്ക്കാനും ശ്രമിക്കുന്നവരുമാണ് ഈ ജനവിഭാഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: