ന്യൂദല്‍ഹി: കൊറോണയെ നേരിടുന്നതില്‍ കേരളം ദല്‍ഹിയില്‍ നിന്ന് ചിലത് പഠിക്കാനുണ്ടെന്ന് കവി കെ. സച്ചിദാനന്ദന്. കൊറോണയുടെ പേരില്‍ കേരളത്തില്‍ അനാവശ്യഭീതിയാണ് പടര്‍ത്തുന്നത്. ഇതില്‍ ഒരു പരിധിവരെ മുന്നിട്ട് നില്‍ക്കുന്നത് പോലീസാണെന്നും അദേഹം പറഞ്ഞു. ഏകദേശം ഒരേ ജനസംഖ്യയുള്ള കേരളവും ദില്ലിയും മഹാമാരിയെ വ്യത്യസ്ത തരത്തിലാണ് അഭിമുഖീകരിച്ചത്.
ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളില്‍ പരസ്പരം സഹായിക്കാനുള്ള സന്നദ്ധതയും സഹാനുഭൂതിയും ദല്‍ഹിയില്‍ ഉണ്ട്. കൊറോണ മഹാമാരിയെ നേരിടുന്നതില്‍ കേരളത്തിലെയും ദില്ലിയിലെയും സമീപനങ്ങള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ അതു സര്‍ക്കാരുകളുടെ മനോഭാവത്തിലാണോ ജനങ്ങളുടേതാണോ എന്നറിയില്ല, എന്നാല്‍ വലിയ വ്യത്യാസമുണ്ടെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലും ദില്ലിയിലും ഏതാണ്ട് ഒരേ ജനസംഖ്യയാണുള്ളത്. രണ്ട് പ്രദേശങ്ങളും മഹാമാരിയെ നേരിടുന്ന കാര്യത്തില്‍ ഞാന്‍ എന്തെങ്കിലും വ്യത്യാസം കണ്ടെത്തിയെങ്കില്‍ അത് സര്‍ക്കാരിന്റെ മനോഭാവത്തിലാണോ ജനങ്ങളുടെ മനോഭാവത്തിലാണോ എന്നെനിക്കറിയില്ല. ദില്ലിയില്‍ കുറച്ചുകൂടി റിലാക്സ്ഡ് ആണ്. ഞാന്‍ മാത്രമല്ല, ഇവിടെ എല്ലാവരും അങ്ങനെത്തന്നെയാണ്. രോഗം ഇവിടെയുമുണ്ട്. പക്ഷേ കേരളത്തില്‍ കാണുന്ന പോലൊരു ഭയം ഇവിടെയില്ല. ആ ഭയം ആര് സൃഷ്ടിക്കുന്നതെന്ന് പറഞ്ഞാലും. ഇവിടെയും ആളുകള്‍ മാസ്ക് ധരിക്കുന്നുണ്ട്. പരമാവധി സാമൂഹ്യ അകലം പാലിക്കുന്നുണ്ട്. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങുന്നത്. ഇവിടെ ജാഗ്രതയുണ്ട്. പക്ഷെ ഭയപ്പാടില്ല.
ദല്‍ഹിയില്‍ പോലീസിന്റെ ഇടപെടലുകള്‍ വളരെ പരിമിതമാണ്. പക്ഷേ കേരളത്തിന്റെ സ്ഥിതി അതല്ല. കേരളത്തില്‍ ആളുകള്‍ കൂടുന്നിടത്ത് പോലീസ് റൂട്ട് മാര്‍ച്ചുകള്‍ നടത്തുന്നുവെന്നും അദേഹം വിമര്‍ശിച്ചു.
മഹാരാഷ്ട്രയ്ക്കൊപ്പം തന്നെ കൊറോണ രോഗികള്‍ ദല്‍ഹിയില്‍ മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണ പ്രതിരോധത്തില്‍ എഎപി സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ദല്‍ഹിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ടെസ്റ്റുകള്‍ കൂട്ടി രോഗബാധിതരെ വേഗം കണ്ടെത്തി ചികിത്സിച്ചാണ് ദല്‍ഹിയില്‍ കൊറോണ രോഗം പിടിച്ചുകെട്ടിയത്. ഇതിനിടയില്‍ അമിത് ഷായ്ക്കും കൊറോണ രോഗം ബാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: