മാവേലിക്കര: മത്സ്യവിപണനത്തിന് അഞ്ചു ശതമാനം ലേലക്കമ്മിഷന് നല്‍കണമെന്നതടക്കമുള്ള വ്യവസ്ഥകളുമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ക്ക് എതിര്‍പ്പ്. വിഷയത്തില്‍ വേണ്ട ചര്‍ച്ച നടത്താതെയാണ് തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടി മന്ത്രിമാരും വിഷയത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന ആക്ഷേപവും സിപിഐക്കുണ്ട്.
തൊഴിലാളിസംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് മുഖ്യ ആക്ഷേപം. വിഷയം ഈ മാസം അവസാനപാദം ചേരുന്ന അടിയന്തര സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചര്‍ച്ചചെയ്യും. മറ്റ് ഘടകകക്ഷികള്‍ക്കും സമാനമായ ആക്ഷേപമാണുള്ളത്. ഹാര്‍ബറുകളിലും ഫിഷ്ലാന്‍ഡിങ് സെന്ററുകളിലും വിപണനം നടത്തുന്ന മത്സ്യത്തിന്റെ ലേലത്തുകയുടെ അഞ്ചു ശതമാനം കമ്മീഷന് നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. ഹാര്‍ബറില്‍ ഇടപാടുകാര്‍ക്ക് യൂസര്‍ ഫീസ് ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.
ഓര്‍ഡിനന്‍സിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ഒരുങ്ങുകയാണ് തൊഴിലാളി സംഘടനകള്‍. ഒരു ബോട്ട് ഒരാഴ്ചത്തേക്ക് കടലില്‍ പോയാല്‍ രണ്ടര ലക്ഷം രൂപയാണ് ചെലവ്. മൂന്നു ലക്ഷത്തിലധികം രൂപ മത്സ്യം വിറ്റുകിട്ടിയാലേ മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ടുടമയ്ക്കും നാമമാത്രമായ വരുമാനം ലഭിക്കൂ. അതില്‍നിന്നാണ് 15,000 രൂപയ്ക്ക് അടുത്ത് ലേലക്കമ്മിഷന് നല്‍കണമെന്ന് വ്യവസ്ഥ വയ്ക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ മത്സ്യം വില്ക്കാവൂയെന്ന വ്യവസ്ഥയും തൊഴിലാളികളെ ദ്രോഹിക്കുന്നതാണ്.
അഞ്ചു ശതമാനം ലേലക്കമ്മീഷന്‍ നല്‍കണമെന്ന വ്യവസ്ഥ മത്സ്യത്തൊഴിലാളികളുടെ നാമമാത്രമായ വരുമാനത്തില്‍ കൈയിട്ടുവാരാനുള്ള നീക്കമെന്നാണ് വിമര്‍ശനം. കേരളത്തിലെ മത്സ്യമേഖലയെ ഒന്നായി സിപിഎം നിയന്ത്രണത്തില്‍ എത്തിക്കാനുള്ള കുറുക്കുവഴിയാണ് ഓര്‍ഡിനന്‍സെന്ന് തുടക്കം മുതല്‍ ആക്ഷേപമുണ്ടായിരുന്നു.
ഓര്‍ഡിനന്‍സ് പ്രകാരം ഹാര്‍ബറുകള്‍ മാത്രമല്ല ഏതു കടല്‍ത്തീരത്തെയും ഫിഷ് ലാന്‍ഡിങ് സെന്ററുകളായി വിജ്ഞാപനം ചെയ്ത് അവിടങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന മാനേജ്മെന്റ് സൊസൈറ്റികള്‍ക്ക് പരമാധികാരം നല്കിയിരിക്കുന്നു. സൊസൈറ്റി നിയമിക്കുന്ന ലേലക്കാരനു മാത്രം മീന്‍ വില്ക്കാന് അനുമതി നല്‍കും. വില്‍ക്കുന്ന മീനിന്റെ ആകെ വിലയുടെ അഞ്ചു ശതമാനം മാനേജ്മെന്റ് സൊസൈറ്റികള്‍ വഴി സര്‍ക്കാര്‍ പിടിക്കും. ഇത് ലംഘിച്ചാല്‍ ഒരു വര്‍ഷം തടവും ലക്ഷങ്ങളുടെ പിഴയുമാണ് ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: