കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബികാദേവീക്ഷേത്രത്തില് നവരാത്രി ആഘോഷത്തിന്റെ പ്രധാന ചടങ്ങായ പുഷ്പരഥോത്സവം മഹാനവമി ദിനമായ ഇന്ന് രാത്രി 10.30ന്. എഴുത്തിനിരുത്തല്‍ വിജയദശമി ദിനമായ നാളെ പുലര്‍ച്ചെ നാലു മുതല്‍.
ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശന നിയന്ത്രണമേര്‍പ്പെടുത്തി. രഥം വലിക്കല് ചടങ്ങിന് ഭക്തര്‍ കൂടാതിരിക്കാനാണ് നിയന്ത്രണം. പൂജാരിമാര്‍ ഉള്‍പ്പെടെ ചുരുക്കം പേര്‍ക്ക് പ്രവേശനം നല്കിയാല് മതിയെന്ന് ഉഡുപ്പി ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
ഇന്ന് പുലര്‍ച്ചെ മൂന്നിന് നട തുറക്കും. ചണ്ഡികായാഗത്തോടെ മഹാനവമി ആഘോഷം തുടങ്ങും. തന്ത്രി ഡോ.കെ. രാമചന്ദ്ര അഡിഗയുടെ നേതൃത്വത്തില്‍ സുഹാസി പൂജയ്ക്കും മുഹൂര്‍ത്ത ദീപാരാധനയോടെ അകത്തും പുറത്തുമുള്ള ശീവേലിക്കും ശേഷമാണ് രാത്രി സര്‍വാഭരണവിഭൂഷിതയായ ദേവീ വിഗ്രഹം പുഷ്പാലംകൃതമായ രഥത്തിലേറ്റുക.
ക്ഷേത്ര പ്രദക്ഷിണ പഥത്തില്‍ ഒരു തവണ വലംചുറ്റിയ ശേഷം രഥം അമ്മയുടെ കാവല്‍ക്കാരനായ വീരഭദ്രസ്വാമി ക്ഷേത്രത്തിനു മുന്നില്‍ സമാപിക്കും. തുടര്‍ന്ന് ദേവീവിഗ്രഹം സരസ്വതിമണ്ഡപത്തിലെ പൂജയ്ക്കു ശേഷം ശ്രീകോവിലിലെത്തിച്ച് കലശപൂജ നടത്തുന്നതോടെ രഥോത്സവ ചടങ്ങുകള്‍ക്ക് സമാപനമാകും.
വിജയദശമി ദിനമായ നാളെ പുലര്‍ച്ചെ മൂന്നിന് നട തുറക്കും. നാല് മണി മുതല്‍ സരസ്വതി മണ്ഡപത്തിനു സമീപത്തെ യാഗശാലയുടെ അകത്തും പുറത്തുമായാണ് എഴുത്തിനിരുത്തല്‍. സ്വര്ണമോതിരത്തില് കുരുന്നുകളുടെ നാവില്‍ ഹരിശ്രീ കുറിക്കുന്നത് ഇത്തവണയുണ്ടാകില്ല.
ഇന്നലെ ക്ഷേത്രദര്‍ശനത്തിന് ഭക്തജന തിരക്ക് ഉണ്ടായില്ല. കൊവിഡ് വ്യാപന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുടെ വരവ് വന്‍തോതില്‍ കുറഞ്ഞു.
ടി.കെ. ബിജീഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: