പാലക്കാട്: വാളയാറില്‍ ക്രൂരപീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും അവസാനം വഞ്ചിക്കുകയുമായിരുന്നുവെന്ന് അമ്മ ജന്മഭൂമിയോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 ആണ് കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയത്. വീടു സന്ദര്‍ശിക്കാനെത്തിയ ദേശീയ ബാലാവകാശ കമ്മീഷന് പെണ്‍കുട്ടികളുടെ അച്ഛനമ്മമാരെ കാണുന്നത് ഒഴിവാക്കാന്‍ അവരെ തലേന്നു രാത്രി പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
മക്കള്‍ക്ക് നീതികിട്ടുമെന്ന് കരുതിയാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാലുപിടിച്ചതെന്ന് അമ്മ പറഞ്ഞു. എന്നാല്‍ എല്ലാ പ്രതീക്ഷയും നഷ്ടമായി. സിബിഐ അന്വേഷണം, പുനരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഭവം നടന്ന് ഒരുവര്‍ഷം പിന്നിടുമ്പോള്‍ കേസ് അട്ടിമറിച്ച ഡിവൈഎസ്പി സോജനും,
സിഐ ചാക്കോയ്ക്കും സ്ഥാനക്കയറ്റം നല്കി. സോജന് ഐപിഎസ് നല്കാന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയും ചെയ്തിരിക്കുകയാണ്. ഇതുസംബന്ധിച്ച് പറഞ്ഞിട്ടും മുഖ്യമന്ത്രി നടപടി കൈക്കൊള്ളാതെ വഞ്ചിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.
പോലീസിനെ വച്ച് കേസ് അന്വേഷിക്കുന്നത് അട്ടിമറിക്കാനാണ്. ശരിയായ രീതിയില്‍ കേസന്വേഷിച്ചാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടും. ആറാമനായി ഒരാള്‍ കൂടിയുണ്ട്. കേസ് അട്ടിമറിച്ച് നാല് പ്രതികളെയും വെറുതെ വിട്ടതോടെ ആറാമനും രക്ഷപ്പെട്ടു.
കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറും പറഞ്ഞു പറ്റിച്ചു. എല്ലാ പിന്തുണയും നല്‍കുമെന്ന് പറഞ്ഞു. മക്കളുടെ ജീവന് വില പേശിയാണ് പുന്നല ശ്രീകുമാര്‍ മുഖ്യമന്ത്രിയുടെ അടുത്ത് കൊണ്ടുപോയത്. അയാള്‍ പൈസ വാങ്ങിയോ എന്നറിയില്ല. കേസ് അട്ടിമറിച്ച ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നല്കിയ വിവരം ഞങ്ങളെ വിളിച്ച് അറിയിച്ചില്ല.
തിരിച്ച് വിളിച്ചപ്പോള്‍ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നിയമസഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സമുദായ സംഘടനനേതാവ് പറഞ്ഞതുകൊണ്ട് അത് നിരസിക്കുകയായിരുന്നു. അത് വലിയൊരു ചതിയായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു, പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
കേന്ദ്രകമ്മീഷനുമായുള്ള കൂടിക്കാഴ്ച അട്ടിമറിച്ചത് ഇങ്ങനെ
പാലക്കാട്: കേന്ദ്ര ബാലാവകാശ കമ്മീഷന് വരുന്നതറിഞ്ഞ് ഞങ്ങളെ മനപ്പൂര്‍വം പാലക്കാട്ടു നിന്ന് മാറ്റുകയായിരുന്നെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ.
ഒരുപക്ഷേ അന്ന് കമ്മീഷനെ കണ്ടിരുന്നെങ്കില്‍ നീതി കിട്ടുമായിരുന്നു. മുഖ്യമന്ത്രിയെ കാണാനായി കൊണ്ടുപോയി. അന്നാണ് ദേശീയ ബാലാവകാശ കമ്മീഷനും വന്നത്. അവര്‍ അടുത്തദിവസം രാവിലെ വരെ കാത്തിരുന്നു. തിരുവനന്തപുരത്ത് നിന്നും രാവിലെ പാലക്കാട് പറളിയെന്ന സ്ഥലത്തെത്തിയെങ്കിലും പുന്നലയുടെ ആളുകള്‍ വന്ന് തിരിച്ച് ഒറ്റപ്പാലത്ത് എത്തിച്ച് അവിടെ റൂം എടുത്ത് താമസിപ്പിച്ചു. കമ്മീഷന് കാത്തിരുന്ന് തിരികെ പോയി. അന്ന് ഉച്ചയോടെയാണ് തിരിച്ച് വീട്ടില്‍ എത്തിച്ചത്. ഇതില്‍ ഗൂഢാലോചനയുണ്ടെന്നും അമ്മ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25നാണ് വാളയാര്‍ കേസിലെ നാല് പ്രതികളെയും പോക്സോ കോടതി വെറുതെ വിട്ടത്. ഇതേദിനത്തില്‍ നീതിതേടി വിധിദിനം മുതല്‍ ചതിദിനം വരെ എന്ന മുദ്രാവാക്യവുമായി 31 ന് വൈകിട്ട് വരെ വീട്ടുപടിക്കല്‍ സത്യഗ്രഹം നടത്തുമെന്ന് രക്ഷിതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: