ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം ചെയ്യാനുള്ള തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ മുപ്പതുകോടി പേര്‍ക്ക് വാക്സിന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. വാക്സിന് മുന്‍ഗണനാ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടികളും കേന്ദ്രം സജീവമാക്കി. അമ്പതിനായിരം കോടി രൂപ ചെലവുവരുന്ന നടപടികളാണിത്.
ഇന്ത്യ വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ഡിസംബറോടെ ലഭ്യമാക്കാനാവുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ. ഭാരത് ബയോടെക്ക് തയാറാക്കുന്ന കൊവാക്സിന് മൂന്നാംഘട്ട ട്രയലിന് അനുമതി നേടിയതോടെയാണ് ഇന്ത്യയില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തിന് ഐസിഎംആര്‍ ഭാരത് ബയോടെക്കിന് അനുമതി നല്‍കിക്കഴിഞ്ഞു.
വാക്സിന് വിതരണത്തിനായി പ്രത്യേക പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കും. ആഗോള രോഗ പ്രതിരോധ പദ്ധതിക്ക് സമാനമായ പദ്ധതിയാവും ഇന്ത്യയിലും നടപ്പാക്കുക. വാക്സിന് കേന്ദ്രസര്‍ക്കാര്‍ തന്നെ നേരിട്ട് സംഭരിക്കും. പോളിയോ അടക്കമുള്ള വാക്സിന് വിതരണ സംവിധാനം തന്നെ ഇതിനായി ഉപയോഗിക്കും. നിലവിലെ സംസ്ഥാന-ജില്ലാ-ബ്ലോക്ക് ശൃംഖലകളിലൂടെയാവും വാക്സിന് വിതരണവും. നവംബര്‍ പകുതിയോടെ ഉപഭോക്താക്കളുടെ പട്ടിക തയാറാക്കി നല്കാന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അമ്പതു വയസിന് മുകളില്‍ പ്രായമുള്ള 26 കോടി പേര്‍ക്ക് ആദ്യഘട്ടത്തില്‍ത്തന്നെ വാക്സിന് ലഭ്യമാക്കും. ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയ ഒരു കോടി പേര്‍ക്കും ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കും. നഗരസഭാ ഉദ്യോഗസ്ഥര്‍, പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, സൈനിക വിഭാഗങ്ങള്‍ എന്നിവരടങ്ങുന്ന രണ്ടു കോടി പേരും ആദ്യഘട്ട പട്ടികയിലുണ്ട്. ഇതിന് പുറമേ അമ്പതു വയസ്സില്‍ താഴെ പ്രായമുള്ള, മറ്റസുഖങ്ങളുള്ള, പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു കോടി പേര്‍ക്കും വാക്സില്‍ ആദ്യഘട്ടത്തില്‍ ലഭിക്കും.
രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും വാക്സിന് ലഭ്യമാക്കുകയെന്ന ദൗത്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ഏഴു ബില്യണ്‍ യുഎസ് ഡോളര്‍ ചെലവ്് വരുമെന്നാണ് ഏകദേശ കണക്ക്. ഇലക്ട്രോണിക് വാക്സിന് ഇന്റലിജന്‍സ് നെറ്റ് വര്‍ക്ക്(ഇ-വിന്) എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി വാക്സിന് പദ്ധതി നിയന്ത്രിക്കും. വാക്സിന്റെ സ്റ്റോക്കും സൂക്ഷിക്കുന്ന വിധവുമടക്കം ഇതുവഴി നിയന്ത്രിക്കും.
അടുത്ത ജൂലൈ മാസത്തോടെ ഇരുപത്തഞ്ച് കോടി ജനങ്ങള്‍ക്കായി 40-50 കോടി ഡോസ് കൊവിഡ് വാക്സിന് വേണ്ടിവരുമെന്നാണ് കണക്കെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ദ്ധന് പറഞ്ഞു. ഒരാള്‍ക്ക് വാക്സിന് നല്‍കുന്നതിന് 400-500 രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
പത്തു സംസ്ഥാനങ്ങളിലായി ദല്‍ഹി, മുംബൈ, പാട്ന, ലഖ്നൗ അടക്കം പത്തൊമ്പതു നഗരങ്ങളില്‍ വാക്സിന് പരീക്ഷണങ്ങള്‍ തുടരുകയാണ്. പതിനെട്ട് വയസ്സിന് മുകളിലുള്ളവരിലാണ് പരീക്ഷണം.
സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിന് രണ്ടാംഘട്ട പരീക്ഷണത്തിലാണ്. പൂനെ ആസ്ഥാനമായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ വാക്സിനും രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളിലേക്ക് കടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: