നാഷ് വില്ലെ: കോവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കാൻ സാധിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം. ജനം കൊവിഡിനൊത്ത് ജീവിക്കാൻ പഠിച്ചുവെന്നും തന്റെ നേതൃത്വത്തിൽ നടന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തനിക്ക് പലഭാഗത്ത് നിന്നും പ്രശംസ ലഭിച്ചുവെന്നും ട്രംപ് വ്യക്തമാക്കി. നാഷ് വില്ലെയിലെ ബെൽമോണ്ട് സർവകലാശാലയിൽ നടന്ന നിർണായകവും അവസാനത്തേതുമായ സംവാദത്തിലായിരുന്നു ട്രംപിന്റെ അവകാശവാദം.
എന്നാൽ കോവിഡ് പ്രതിരോധത്തില്‍ ട്രംപിന് വ്യക്തമായ കാഴ്ചപ്പാടുകളോ പദ്ധതികളോ ഉണ്ടായിരുന്നില്ലെന്നും കോവിഡിനെതിരെയുളള പോരാട്ടത്തില്‍ ട്രംപ് ഭരണകൂടം വൻ പരാജയമാണെന്നും ബൈഡൻ തിരിച്ചടിച്ചു. ഇത്രയധികം കൊവിഡ് മരണങ്ങൾ വരുത്തിവച്ച ട്രംപിനെ പോലൊരു വ്യക്തി പ്രസിഡന്റ് സ്ഥാനത്ത് തുടരരുതെന്നും ബൈഡൻ പറഞ്ഞു.
കൊവിഡ് പ്രതിരോധം, വംശീയത, ദേശീയ സുരക്ഷ, കാലാവസ്ഥ വ്യതിയാനം എന്നിവയായിരുന്നു സംവാദത്തിലെ പ്രധാന വിഷയങ്ങൾ. വ്യക്തിപരമായ വിമർശനങ്ങളുടേയും, ബഹളത്തിന്റേയും പേരിൽ ആദ്യ സംവാദം വിവാദമായിരുന്നു. ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാം സംവാദം റദ്ദാക്കിയിരുന്നു
ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതലെന്ന് ആരോപിച്ച ട്രംപ് ഡെമോക്രാറ്റുകളുടെ ഭരണത്തില്‍ ന്യൂയോര്‍ക്ക് പ്രേതനഗരമായെന്നും പറഞ്ഞു. ”ജോയ്ക്ക് റഷ്യയിൽ നിന്ന് 3.5 മില്യൺ ഡോളർ ലഭിച്ചു, അത് പുടിനിലൂടെയാണ് വന്നത്, കാരണം മോസ്കോയിലെ മുൻ മേയറുമായി അദ്ദേഹം വളരെ സൗഹൃദത്തിലായിരുന്നു. നിങ്ങൾക്ക് 3.5 മില്യൺ ഡോളർ ലഭിച്ചു. നിങ്ങളുടെ കുടുംബത്തിന് 3.5 ദശലക്ഷം ഡോളർ ലഭിച്ചു. ഒരു ദിവസം നിങ്ങൾ വിശദീകരിക്കേണ്ടി വരും.
എനിക്ക് റഷ്യയിൽ നിന്ന് പണമൊന്നും ലഭിച്ചില്ല. എന്റെ ജീവിതത്തിൽ ഇതുവരെ ഒരു വിദേശ സ്രോതസ്സിൽ നിന്നും ഒരു പൈസ പോലും ഞാൻ എടുത്തിട്ടില്ല. ഞാൻ ചൈനയിൽ നിന്ന് പണം സമ്പാദിക്കുന്നില്ല. നിങ്ങൾ സമ്പാദിക്കുന്നു . ഞാൻ ഉക്രെയ്നിൽ നിന്ന് പണം സമ്പാദിക്കുന്നില്ല. നിങ്ങൾ സമ്പാദിക്കുന്നു. ഞാൻ റഷ്യയിൽ നിന്ന് പണം സമ്പാദിക്കുന്നില്ല. നിങ്ങൾ 3.5 മില്യൺ ഡോളർ സമ്പാദിച്ചു, ജോ, നിങ്ങളുടെ മകൻ നിങ്ങൾക്ക് തന്നു.” ട്രംപ് ആരോപിച്ചു.
എന്നാൽ താൻ വൈസ് പ്രസിഡന്റായിരിക്കെ ചൈനയിൽ നിന്ന് പണം സമ്പാദിച്ചുവെന്ന ആരോപണങ്ങളെ നിഷേധിച്ച ബൈഡൻ അധാർമികമായി ഒന്നും ചെയ്തിട്ടില്ലെന്നും ആവർത്തിച്ചു. എബ്രഹാം ലിങ്കണ് കഴിഞ്ഞാല്‍ താനാണ് കറുത്ത വര്‍ഗക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച പ്രസിഡന്റെന്ന് ട്രംപ് അവകാശപ്പെട്ടു . ബരാക്ക് ഒബാമയും ബൈഡനും വംശീയമായ നീതി ഉറപ്പുവരുത്തുന്നതില്‍ വീഴ്ചയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളായിരിക്കേ രേഖകളില്ലാതെ യുഎസില്‍ എത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കുന്ന നിയമം അധികാരമേറ്റ് നൂറുദിവസത്തിനുളളില്‍ കൊണ്ടു വരുമെന്നും ബൈഡൻ അവകാശപ്പെട്ടു.
പ്രസിഡന്റ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മില്‍ നടന്ന അവസാന സംവാദമായിരുന്നു ഇത്. 90 മിനുട്ടായിരുന്നു സംവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: