വളരെ കഷ്ടപ്പെട്ടാണ് നാട്ടിലേക്ക് പോരാന്‍ ഒരു എയര്‍ ടിക്കറ്റ് നേടിയത്. നാട്ടിലെത്തിയപ്പോഴോ രണ്ടാഴ്ചക്കാലം ‘തൊട്ടുകൂടായ്മ’ യില്‍ കഴിയണം!
ആറു ദിവസമായി ഈ മുറിയില്‍ അക്ഷരാര്‍ത്ഥത്തില്‍ തടവുകാരനാണ്. പുറത്തിറങ്ങാന്‍ പാടില്ല. ആരുമായും സംസാരിക്കരുത്. ഫോണിലല്ലാതെ. ആരെയും കാണരുത്, വീഡിയോ കാളിലല്ലാതെ.
വീട്ടുതടങ്കല്‍ എന്ന വാക്കിന്റെ യഥാര്‍ത്ഥ സാരം അനുഭവിക്കുന്നു. ഒരു വീട്ടില്‍ എല്ലാ സുഖസൗകര്യങ്ങളോടുംകൂടി കഴിയുന്നവരില്‍ എന്താണ് കുഴപ്പം എന്നായിരുന്നു വിചാരം. കുഴപ്പമേയുള്ളൂ എന്നാണ് ബോധ്യമാകുന്നത്.
എന്തു ചോദിച്ചാലും, ഫോണ്‍ വെച്ച് പത്തുമിനിറ്റിനകം ആ സാധനം മുറിയുടെ മുന്നിലെത്തും. പക്ഷേ അതു കൊണ്ടുവരുന്നതും കാളിംഗ് ബെല്‍ അടിക്കുന്നതും ഒരു ‘റോബി’ യാണ്, മനുഷ്യനല്ല. വണങ്ങും, സാധനവും ബില്ലും തരും, ഒപ്പു വാങ്ങും., ഒരിക്കല്‍ കൂടി വണങ്ങും തിരികെ യാത്രയാവും.
പരീക്ഷിക്കാന്‍ ഒരിക്കലേ ശ്രമിച്ചുള്ളൂ. ബില്ലിന്റെ ഡ്യൂപ്ലിക്കേറ്റ് ഒപ്പു വെച്ചു തിരികെ നല്‍കാതെ നിര്‍ത്തിയിട്ട് ചോദിച്ചു; ‘പേരെന്താണ്?’
‘ആര് സെവന് ഫോര്‍ എയ്ററ് സിക്സ്.’
‘ഇപ്പോള്‍ സമയമെത്രയായി?’
‘ക്ഷമിക്കണം അറിയില്ല…’
എല്ലാ ചോദ്യത്തിനും ഇതേ മറുപടി. പക്ഷേ നിശ്വാസവായു ഇല്ല, ഉമിനീരില്ല, വൈറസില്ല, ബാക്ടീരിയ ഇല്ല, വിയര്‍പ്പില്ല, മാസ്ക് ഇല്ല.
മനുഷ്യര്‍ക്ക് മാസ്ക് നിര്‍ബന്ധം.
നാട്ടിലേക്ക് വന്നിട്ട് ദശകങ്ങള്‍ കഴിഞ്ഞു. അര നൂറ്റാണ്ടായി വിദേശത്താണ്. വീട്ടില്‍ തനിച്ചായ അമ്മയെ കൂടെ കൊണ്ടുപോകാനാണ് കാല് നൂറ്റാണ്ടു മുമ്പ് വന്നത്.
ആവാസ സ്ഥലം എന്തെങ്കിലും മാറ്റേണ്ടി വന്നാല്‍ അത് നാട്ടില്‍ മതി എന്ന് അന്ന് നിശ്ചയിച്ചു. പിന്നെയും കുറെ കഴിഞ്ഞാണ് ഒരു ഫ്ളാറ്റ് വാങ്ങിയത്. ഒരു പതിനാറു നില കെട്ടിടത്തിന്റെ ഒരു ഫ്ളോര്‍ മുഴുവനും. സ്ഥലം കമ്മിയാകേണ്ടï എന്ന് നിശ്ചയിച്ചു. ‘നിലയും വിലയും’ നോക്കണമെന്നും തോന്നി. ഒറ്റയാനാണെങ്കിലും പരിമിതികള്‍ ഒരിക്കലും ഇഷ്ടപ്പെട്ടില്ല. മറിച്ചും പറയാം എന്നോര്‍ത്തപ്പോള്‍ ചിരി വന്നു. പരിമിതികള്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഒറ്റയാനായത്!
ക്വാറന്‍ീനില്‍ കഴിഞ്ഞേ പറ്റൂ എന്ന് അധികാരികള്‍ ശഠിച്ചത് ഒരു കണക്കിന് നന്നായി. ഫ്ളാറ്റ് കണ്ടാമിനേനേറ്റഡ് ആകാതെ കഴിഞ്ഞുകൂടും, തനിക്ക് ഇന്ഫെക്ഷന് ഉണ്ടെങ്കിലും. മാത്രമല്ല, ഇവിടെ അടുക്കളയിലും മറ്റുമുള്ള പരിചാരകരെ ശരിയായി നേരില്‍ കണ്ടേ നിയമിക്കാനൊക്കൂ. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ അവിടെ കയറി പൊറുക്കാന്‍ വയ്യ. അവിടെ പൊറുതി വേണോ, അതും വില്‍ക്കണോ എന്നും സൂസനേ കണ്ടേ തീരുമാനിക്കാനുമാവൂ.
വിളിക്കാനോ കാണാനോ വേറെയാരും ഇങ്ങനെയില്ല. താന്‍ ജനിക്കുമ്പോഴെ തറവാട്ടില്‍ അംഗസംഖ്യ കുറവായിരുന്നു. മുത്തച്ഛനും മുത്തശ്ശിയും അച്ഛനമ്മമാരും അവിവാഹിതനായ അമ്മാമനും. വലിയൊരു വീട്. മിക്ക മുറികളും തുറക്കാറില്ല. അയല്‍ക്കാരെന്ന് പറയാന്‍ കാല് കിലോമീറ്റര്‍ അകലെ ഒരു ചെറിയവീട്. ‘താഴ്ന്ന ജാതി’ക്കാരായതുകൊണ്ട് അവിടെ കളിക്കാനൊന്നും വിടില്ല. വീടും പഠിത്തവും സ്കൂളും മാത്രം. സ്കൂളില്‍ പോകുന്നതും വരുന്നതും കുതിരവണ്ടിയിലാണ്. തിരികെ വന്നാല്‍ പത്തായപ്പുരയില്‍ കയറി ഉടുപ്പഴിച്ച് മൂലയിലിട്ട്, അവിടെ തയ്യാറാക്കി മടക്കിവെച്ച അലക്കുതോര്‍ത്തുടുത്ത് കുളത്തില്‍ പോയി മുങ്ങിക്കുളിച്ച് മാത്രമേ വീട്ടിനകത്ത് കടക്കാവൂ. കര്‍ശനമാണ് മുത്തശ്ശിയുടെ നിയമം. ‘അശുദ്ധം’ കളയാനാണ് കുളി. അശുദ്ധി ‘അയിത്തം’, ശുദ്ധി ‘ചിത്തം’.
എല്ലാവരും മരിച്ചുപോയി.
വീട് പഞ്ചനക്ഷത്ര ഹോട്ടലായി. ‘പൈതൃക ടൂറിസ’ക്കാരുടെ അംഗീകാരമുള്ള ഇടം. അയിത്തമില്ല, ശുദ്ധവുമില്ല.
ഒന്നിനോടും വൈകാരികമായി ഒരു ബന്ധവും ഇല്ല. മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന് നാടുവിട്ടതില്‍ പിന്നെ വീട്ടില്‍ വല്ലപ്പോഴുമേ തങ്ങിയിട്ടുള്ളൂ. അമ്മ മാത്രമേ ശേഷിപ്പുള്ളൂ എന്നായതോടെ അവസാനമായി അവിടെ ഒരിക്കല്‍ ചെന്നു. അതോടെ നാടുമായുള്ള എല്ലാ ചരടുകളും അറ്റു.
എന്നിട്ടും ഇപ്പോള്‍ രാവും പകലും പുറത്തിറങ്ങാതെ മുറിയില്‍ ഇരിക്കെ, ഓര്‍മ്മകള്‍ വരുന്നതായി അയാള്‍ കണ്ടു. മരുഭൂമി എന്ന് കരുതിയേടത്ത് എന്തെല്ലാമോ മുളയ്ക്കുന്നു. തറവാട്ടുവീട്ടിലെ ഭിത്തിയില്‍ കുമ്മായം അടര്‍ന്ന് ചെങ്കല്ല് പുറത്തു കാണുന്നേടത്ത് കല്ലിന്റെ വിടവില്‍ ചെറിയ ഇനം തേനീച്ചകള്‍ കൂടുണ്ടാക്കിയിരുന്നത്. കരിന്തിരി കത്താതിരിക്കാന്‍ അന്തിവിളക്ക് വിരല്‍തുമ്പ് കൊണ്ട് കെടുത്തിയശേഷം അമ്മ വിരലറ്റം മുടിയില്‍ തുടയ്ക്കുന്നത്. ഒപ്പം നിറഞ്ഞ കണ്ണുകള്‍ താന്‍ കാണാതിരിക്കാന്‍ തുടയ്ക്കുന്നതും നനവുള്ള കണ്തടങ്ങളില് നറുചിരി വരുത്തുന്നതും.
ഇഷ്ടമായിരുന്ന ഏകാന്തത കഷ്ടമായി അനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. താന്‍ തന്നെ അടച്ച് അകത്തുനിന്ന് മുദ്രവെച്ച വാതിലുകളിലെ പൂട്ടുകള്‍ തുരുമ്പിച്ച് തുറക്കാവതല്ലാതായിട്ടുണ്ട്. ഒറ്റപ്പെടല്‍ കൂടുതല്‍ വിഷമിപ്പിക്കുന്നത് ഇന്ത്യയിലെത്തിയപ്പോഴാണ്. ഇതെന്തിനാലാണെന്ന് മനസ്സിലാകുന്നുമില്ല. അമേരിക്കയില്‍ എല്ലാരും വെവ്വേറെ വഴികളിലാണ് എപ്പോഴും. മറ്റൊരാളുടെ വഴി മുറിച്ചു കടക്കുന്നതിന് പോലും മുറകളുണ്ട്. കളി വേറെയാണ് എന്നൊരു മട്ട്. ഇവിടുത്തെ കളിയില്‍ എല്ലാവരും തിക്കിത്തിരക്കിയാണ്. മാറിനില്‍ക്കുന്നതാണ് മുറയില്ലായ്മ. മാറിനില്‍പ്പ് ശീലമായതുകൊണ്ടാണ് വല്ലായ്മ. മാറിനില്‍പ്പാണ് ഇവിടെയും ശരി എന്ന് കൊറോണവൈറസ് പഠിപ്പിക്കുമ്പോഴും മാറിനില്ക്കാന് മടി. ഈ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കൊറോണയ്ക്ക് മുമ്പേതന്നെ മാറിനില്‍പ്പ് രീതി വ്യാപിപ്പിക്കാന്‍ ശ്രമം തുടങ്ങിയതിന്റെ തെളിവാണല്ലോ ആ റോബി പഴയ ബെയററെ പാഴ്വസ്തുവാക്കിയത്.
വ്യക്തിബോധം എത്രത്തോളമാകാം എന്ന ചിന്തയോടൊപ്പം മനസ്സില്‍ രണ്ടു കാര്യങ്ങള്‍ പതിവുപടി പൊങ്ങിവന്നു. ഒന്നു മേരി കോറെല്ലി എന്ന എഴുത്തുകാരിയുടെ ഒരു നോവല്‍. ബാക്ടീരിയയെ ഭയന്ന് മകനെ തീവ്ര അണുനശീകരണം നടത്തിയ മുറിയില്‍ തടവുകാരനെ പോലെ വളര്‍ത്തിയ ഒരു അമ്മ, അവസാനം മകന് ബാക്ടീരിയയെ ഭൂതമായി തെറ്റിദ്ധരിച്ച് അതിഭയം കൊണ്ട് ആപത്തിലെത്തുന്നതിന് സാക്ഷിയാവുന്നത് ഒരു കാര്യം. രണ്ടാമത്തേത് അച്ഛന് ‘ബാരിസ്റ്റര്‍ ഭാഗം’ പഠിക്കാന്‍ ഇംഗ്ലണ്ടില്‍ പോയി നാലുനാള്‍ക്കകം തിരികെ കപ്പല്‍ കയറിയ കഥ. ശൗചത്തിന് കടലാസുപയോഗിക്കാന്‍ കഴിയാഞ്ഞായിരുന്നു മടക്കം! അതു നന്നായി എന്നേ അന്നത്തെ വലിയമ്മാമന് പറഞ്ഞുള്ളൂപോലും! പക്ഷേ അച്ഛന് പിന്നീട് സുഭാഷ് ചന്ദ്രബോസിന്റെ ആര്‍മിയില്‍ ചേര്‍ന്നപ്പോള്‍ പറഞ്ഞത് ഒട്ടും നന്നായില്ല എന്നാണ്. മത്സ്യം പച്ചയായി തിന്നുന്നവരുടെ ഭാഗത്തോ! പിന്നെ, അച്ഛന് ബര്‍മ്മയിലെ ഏതോ വനാന്തരത്തില്‍ വെച്ച് മരിച്ചെന്നറിഞ്ഞപ്പോഴാകട്ടെ ഒന്നുമേ മിണ്ടിയുമില്ല.!
മെഡിസിനാണ് പഠിക്കേണ്ടത് എന്ന് നിശ്ചയിച്ചത് താന്‍ തന്നെയാണ്. അന്ന് ഭരണകര്‍ത്തവായിരുന്ന നേരമ്മാമന്‍ എതിരൊന്നും പറഞ്ഞില്ല. വലിയമ്മാമന് മരിച്ചപ്പോള്‍ ബിരുദം പൂര്‍ത്തിയാക്കാതെ മദിരാശിയില്‍ നിന്ന് മടങ്ങിയതാണ്. ഇദ്ദേഹത്തിനും സംസാരം നന്നേ കഷ്ടിയായിരുന്നു. തറവാട്ടിലെ തൂണുകളില്‍നിന്നു പോലും സമദൂരം പാലിച്ചാണ് കഴിഞ്ഞത്. ശുദ്ധി കടുകട്ടി. കുളിയും കാല്‍മടമ്പുരച്ചു കഴുകലും കൂട്ടി രണ്ടുരണ്ടര മണിക്കൂര്‍!
മുഖം കാണിച്ച് ‘മെഡിസിന് പോകണം’ എന്നറിയിച്ചപ്പോള്‍ ഏതാനും നിമിഷങ്ങള്‍ മൗനിയായി. പിന്നെ ‘ഓ’ എന്നു മൂളി. അമ്മയാകട്ടെ അങ്ങോട്ടുപറഞ്ഞത് കേട്ടതായിപ്പോലും ഭാവിച്ചില്ല. മകന് എന്നായാലും പിരിഞ്ഞുപോകുമെന്ന് എന്നോ മുന്‍നിശ്ചയിച്ചിരുന്നപോലെ.
ഒറ്റക്കുട്ടി മാത്രമല്ല. ഒറ്റപ്പെട്ട കുട്ടി കൂടി ആയതിനാല്‍ താന്‍ തനിക്ക് സ്വന്തമായി ഒരു ഗോപുരം പണിതിരുന്നു. അതിനകത്ത്, കളിക്കാന്‍ സാങ്കല്‍പ്പിക കൂട്ടുകാരും കഴിക്കാന്‍ വേണ്ടുവോളം മനപ്പായസവുമുണ്ടായിരുന്നു. പുറമേക്കാരുടെ സഹായമൊന്നും വേണ്ടിയിരുന്നില്ല.
ഈ കോട്ടമതിലാണ് മൂന്നരവര്‍ഷത്തെ സാഹസപ്രവര്‍ത്തനത്തിനൊടുവില്‍ സൂസന് ജോര്‍ജ്ജ് തകര്‍ത്തുകളഞ്ഞത്. തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നത് സൂസന് ഇതൊരു വെല്ലുവിളിപോലെ ഏറ്റെടുത്തു എന്നാണ്. തോല്ക്കാന് മനസ്സില്ല എന്നമട്ടില്‍. അല്ലാതെ തന്നില്‍ അത്രയേറെ ആകര്‍ഷകമായി ഒന്നും ഉണ്ടായിരുന്നില്ലല്ലൊ.
സൂസനിലും ഒരു പുരുഷനെ ആകര്‍ഷിക്കാന്‍ തക്ക വിഭവങ്ങളൊന്നും പുറമെ ഇല്ലായിരുന്നു. മഷിക്കറുപ്പു നിറത്തില്‍ ഒരു തെലുങ്കത്തി. ശരാശരി ഉയരം. വണ്ണം, നടപടി. കണ്ണുകള്‍കൊണ്ടുമാത്രം ചിരിക്കാനുള്ള കഴിവ് ഒന്നുമാത്രം പ്രത്യേകം. ഒരേ ക്ലാസ്സിലായതുകൊണ്ട് വീണ്ടും കാണും. മിക്ക ദിവസങ്ങളിലും ഒന്നും പറയാറില്ല. എന്നാണ് അതൊരു ഇഷ്ടമായത് എന്നും പിടിയില്ല. എങ്ങനെ എന്നും.
ഏതായാലും, കോഴ്സു കഴിയുമ്പോഴേക്കും ആ ബന്ധം ഉറച്ചിരുന്നു. പി.ജി കൂടി കഴിഞ്ഞാല്‍ ഒരുമിച്ചു ജീവിതം തുടങ്ങാമെന്നും മോഹിച്ചു. പ്രയാസമുണ്ടാകുമെന്ന് കരുതിയില്ല. പക്ഷേ, ഉണ്ടായി. അന്യമതക്കാരി എന്നതുതന്നെ പ്രധാന തടസം. അതും പ്രത്യേകിച്ച് അന്യസംസ്ഥാനക്കാരിയും. സര്‍വ്വോപരി ‘അവശ’ സമുദായംഗവും!
ഇതൊന്നും പക്ഷേ സൂസനോട് പറഞ്ഞില്ല. കുറച്ചുകൂടി പഠിക്കാന്‍ അമേരിക്കയിലേക്ക് പോകുന്നു ഏന്നേ അറിയിച്ചുള്ളൂ. അന്നത് ശരിയുമായിരുന്നു. പക്ഷേ, അവിടെ ചെന്നാല്‍ സൂസനെയും അങ്ങോട്ട് വിളിച്ചുകൊണ്ടുപോകാമെന്ന പൂതി സൂസനോട് പറയാതിരുന്നത് പിഴച്ചു. സൂസന് തന്റെ നാട്ടിലെ പാവങ്ങളെ ശുശ്രൂഷിക്കാനാണ് പ്ലാനിട്ടത്. ഒരു മിണ്ടാപ്രാണിയുടെ മനസ്സില്‍ കയറിക്കൂടുക എന്നതിലേറെ അക്കാര്യത്തില്‍ സൂസന് വാശിയുണ്ടായിരുന്നു.
അമേരിക്കയിലെത്തി, രണ്ടരവര്‍ഷം കഴിഞ്ഞ് നില്പുറച്ചാണ് സൂസനെ മനസ്സിലിരിപ്പറിയിച്ചത്. അപ്പോഴാണ് രണ്ടുകൂട്ടരുടെയും ലക്ഷ്യം രണ്ടാണെന്ന് മനസ്സിലായത്. പിന്നെ ചെയ്യാവുന്നത് സൂസന്റെ അരികിലേക്ക് ചെല്ലുകയും ആ യജ്ഞത്തില്‍ പങ്കെടുക്കുകയുമായിരുന്നു. അതിന് രണ്ട് വിഷമങ്ങള്‍ ഉണ്ടായി. ഒന്ന്, അമ്മയുടെയും അമ്മാവന്റെയും ‘ശുദ്ധാശുദ്ധ’ നിബന്ധനകള്‍ ഈ നാട്ടില്‍ വച്ചുതന്നെ തെറ്റിക്കണം. അവര്‍ക്കത് വലിയ ആഘാതമാവും. രണ്ട് ഒരുമിച്ചു ജീവിക്കുകയെന്നത് ഒരാളുടെ മാത്രം ആവശ്യമായി തീരുന്നത് ശരിയാണെന്ന് തോന്നിയില്ല. കൂട്ടുജീവിതം മോഹിച്ചാണ് നാടും വീടും വിട്ടുപോന്ന് ഇത്രയും പാടുപെട്ട് ഇടം കണ്ടെത്തി കാലുറപ്പിച്ചത്. സൂസന് കൂടുതല്‍ പ്രധാനം അവളുടെ നാട്ടിലെ അവശരെ സേവിക്കലാണെങ്കില്‍ അങ്ങനെയാവട്ടെ!
ഇക്കാര്യം സൂസന് തുറന്നെഴുതാന്‍ പ്രായോഗിക വിഷമങ്ങളൊന്നും തോന്നിയില്ല. ഔപചാരികമായ കൂടിക്കാഴ്ചകളില്‍ കവിഞ്ഞ വേഴ്ചകളൊന്നും സംഭവിച്ചിരുന്നില്ല.
സൂസനെ കാണുമ്പോള്‍ ഈ എണ്‍പ്പത്തിയെട്ടാം വയസ്സിലും താനൊരു ‘പരിശുദ്ധനാ’ണെന്ന് പറയാമല്ലോ എന്നോര്‍ക്കെ അയാള്‍ ഉറക്കെ ചിരിച്ചുപോയി. ചിരിച്ച കാലമേ മറന്നുപോയിരുന്നതിനാല്‍ ഇതയാള്‍ക്ക് വലിയ അത്ഭുതവുമായി.
മടക്കയാത്രയുടെ ഉദ്ദേശ്യം തന്നോടുതന്നെ സമ്മതിക്കാന്‍ നേരത്തെ തയ്യാറെടുത്തിരുന്നു. സൂസനെ കാണണം!
ഇത്രയും ദശകങ്ങളായി നീട്ടിവച്ചതാണ്. മാസത്തിലൊരിക്കല്‍ കൃത്യമായി കത്തുകള്‍ വരും. പിറന്നാള്‍ ആശംസകള്‍ കൈമാറും. സൂസനും തനിയെത്തന്നെ ജീവിക്കുന്നു.
ഇനി കാണില്ലെന്നാണ് ആദ്യം നിശ്ചയിച്ചത്. കാണാന്‍ വിരോധമില്ല. പക്ഷേ, ആര് ചെന്ന് ആരെയാണ് ആദ്യം കാണേണ്ടത് എന്ന തീരുമാനം. അനുകൂലമല്ലാഞ്ഞാണ് പിന്നെ കുറെ വര്‍ഷങ്ങള്‍ പോയത്.
പിന്നെപ്പിന്നെ ഇതും മാറി- ഇത്രയും കാലം എന്തിന്റെ പേരിലായാലും, കാണാതിരുന്നത് തെറ്റ് എന്ന കുറ്റബോധമായി. ഇതായി. ജീവിതത്തിലെ അശുദ്ധി.
അതിന് പരിഹാരമായി ആദ്യം ചെയ്തത്, വരുന്നു എന്ന കാര്യം സൂസനെ അറിയിക്കുകയാണ്. സൂസന് തുടങ്ങിവെച്ച ഗ്രാമീണാതുര സേവനപ്രവര്‍ത്തനം ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നിരുന്നു. അതിന് ആഗോള അംഗീകാരം ലഭിച്ചിരുന്നു. അതിനാല്‍, ഇനിയുള്ള കാലം ജീവിക്കാന്‍ അത്യാവശ്യമുള്ളത് മാറ്റിവെച്ച് ബാക്കി സമ്പാദ്യമത്രയും സൂസന് അയച്ചുകൊടുത്തു. അതിനുള്ള റസീറ്റ് വന്നപ്പോഴാണ് മനസ്സിലാകുന്നത്, പ്രായക്കൂടുതലുള്ളവരുടെ സംരക്ഷക്കായി സൂസന് സ്ഥാപിച്ച കേന്ദ്രത്തിന് തന്റെ പേരാണ് ഇട്ടിരിക്കുന്നത് എന്ന്!
ജീവിതം ധന്യമായതായി അയാള്‍ക്ക് അന്ന് ആദ്യമായി അനുഭവപ്പെട്ടു.
ഇനിയും ഏതാനും ദിവസം വേണം ഈ വീട്ടുതടങ്കല്‍ കഴിയാനെന്നും സൂസനെ കാണുമ്പോഴും മുഖം മൂടി ആവശ്യമാകുമെന്നും ഓര്‍ത്താണ് അയാള്‍ ഉറക്കത്തിലേക്ക് നീങ്ങിയത്. ദേഹം എന്ന അശുദ്ധം കഴുകികളയാനുള്ള അവസാനത്തെ കുളിക്കു പുറപ്പെടുകയാണെന്നാണ് അമ്മ അവസാനമായി പറഞ്ഞത്. അതില്‍പ്പിന്നെ എന്നും ഉറങ്ങാന്‍ കിടക്കേ അയാളും അതുതന്നെ വിചാരിച്ചു.
പിറ്റേന്ന് പതിവു സമയത്ത് ബെഡ്കോഫിയും കൊണ്ട് വന്ന റോബി എത്ര തവണ മണിയടിച്ചിട്ടും, അയാള്‍ ഉണര്‍ന്നില്ല. കോഫി ട്രേയില്‍ രാത്രി വൈകി വന്ന ഒരു മെസ്സേജുണ്ടായിരുന്നു.
‘ദുഃഖവാര്‍ത്ത അറിയിക്കേണ്ടിവന്നതില്‍ ഖേദിക്കുന്നു. ജയശങ്കര്‍ പീഡിയാട്രിക് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍. ഡയറക്ടര്‍ അറിയിക്കുന്നത്, ഡോ.സൂസന് ജോര്‍ജ്ജ് നമ്മെ വിട്ടുപോയി.’ എത്ര വിളിച്ചിട്ടും ഡോക്ടറെ ഫോണില്‍ കിട്ടാത്തതിനാല്‍ കുറച്ച് മുന്‍പ് റിസപ്ഷനില്‍ അവര്‍ വിളിച്ചുപറയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: