പതിവില്‍ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ നവരാത്രി ആഘോഷം. പൂജവയ്പ്പും പൂജയെടുപ്പും വിദ്യാരംഭവുമെല്ലാം വീടുകളില്‍ തന്നെയാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളില്‍ പോയി വിദ്യാരംഭമെന്നത് സുഗമമല്ല. വൈകുന്നേരം അഷ്ടമി വരുന്നത് വെള്ളിയാഴ്ച ആയതിനാല്‍ ഇന്നാണ് പൂജവയ്പ്പ്. അസ്തമയ സമയത്താണ് പൂജവയ്പ്പ് തുടങ്ങുന്നത്.
വീടുകളില്‍ പൂജാമുറിയുണ്ടെങ്കില്‍ അവിടെ, അല്ലെങ്കില്‍ സൗകര്യപ്രദമായി ചിട്ടപ്പെടുത്തുന്നിടത്ത് പൂജയ്ക്ക് വയ്ക്കാം. ഭുവനേശ്വരീദേവിയായതിനാല് എല്ലായിടത്തും നിറഞ്ഞ പരാശക്തി ചൈതന്യത്തെയാണ് നാം പൂജിച്ച് ആരാധിക്കുക. ഭൂമിയുടെ മാത്രമല്ല, പ്രപഞ്ചത്തിന്റെ മുഴുവന്‍ അധിദേവതായണ് ശ്രീഭുവനേശ്വരി.
സര്‍വം ഖല്വിദമേവാഹം
നാന്യദസ്തി സനാതനം
എന്ന അര്‍ധ ശ്ലോകീ ഭാഗവതം ദേവി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എവിടെ വേണമെങ്കിലും ദേവിയെ ആരാധിക്കാം എന്നിരിക്കിലും ശുദ്ധിയുള്ള ഒരിടത്ത് കിഴക്കോട്ട് തിരിഞ്ഞിരുന്ന് ആരാധിക്കുന്ന വിധത്തില്‍ ദേവിക്ക് പീഠമൊരുക്കുന്നതാണ് ഉചിതം.
ഉദ്ദിഷ്ടസ്ഥാനത്ത് ആദ്യം ദേവിക്ക് മണ്ഡപമൊരുക്കുക. നടുക്ക് മഹാദേവി, തെക്ക് ഗണപതി, വടക്ക് ദക്ഷിണാമൂര്‍ത്തി എന്നിങ്ങനെ സങ്കല്പിച്ച് പീഠമൊരുക്കുക. പലക അല്ലെങ്കില്‍ പട്ട് വിരിച്ച് പീഠമൊരുക്കണം. അതുപോലെ തൂശനിലയിട്ടോ, നെല്ലും ഉണക്കലരിയും ചേര്‍ത്ത് അക്ഷതം വിരിച്ചോ, പത്മമിട്ടോ പീഠം തയാറാക്കാം.
കുളിച്ചു ശുദ്ധമായി ഗണപതിയേയും ഗുരുവിനേയും ആരാധിച്ചിരുത്തി ഹൃദയപത്മത്തില്‍ നിന്നും ആദിപരാശക്തിയെ ആവാഹിക്കുന്നതായി സങ്കല്പിച്ച് പീഠത്തിലെ ദേവീ ചിത്രത്തിലോ, പ്രതിമയിലോ ആരാധിച്ചിരുത്തി വന്ദിക്കുക. അതിനു മുമ്പില്‍ ഇലയിലോ തട്ടത്തിലോ നിലവിളക്കു വച്ച് അഞ്ചു തിരിയിട്ട് ഭദ്രദീപം കൊളുത്തണം. തുളസിമാല, ചെത്തിമാല മുല്ലമാല ഇത്യാദികളാല്‍ അലങ്കരിക്കുന്നത് നല്ലതാണ്. അവില്, മലര്, ശര്‍ക്കര, പഴം, തേന്‍ തുടങ്ങിയവ വച്ച് നേദ്യമൊരുക്കാം. ഇതില്‍ അല്പം നെയ്യൊഴിച്ച് നേദിക്കണം.
അഷ്ടമിയില്‍ ദുര്‍ഗാ സങ്കല്പത്തിലാണ് പൂജ. തുളസിപ്പൂ പ്രധാനമായെടുത്ത് ലളിതാ സഹസ്രനാമ സ്തോത്രം ഇത്യാദി സ്തോത്രങ്ങളാല്‍ അര്‍ച്ചന നടത്താം. ഈ പൂജാസ്ഥാനത്തിനരികില് പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവ പൂജയ്ക്കു വയ്ക്കാം. ദേവീ മാഹാത്മ്യത്തിലെ ‘യാ ദേവി സര്‍വഭൂതേഷു…’ എന്ന സ്തുതിയും നാരായണീ സ്തുതിയും ചൊല്ലി ആരാധിക്കാം.
ഈ വര്‍ഷം നാളെയും മറ്റന്നാളുമാണ് മഹാനവമി ആഘോഷങ്ങള്‍. തൊട്ടടുത്ത നാള് വിജയദശമിയും.
നവമിക്ക് മഹാദേവിയെയാണ് ആരാധിക്കുക. നവമി രണ്ടു ദിവസമുള്ളതിനാല്‍ ഒരുനാള്‍ മഹാകാളിയായും അടുത്തനാള്‍ മഹാലക്ഷ്മിയായും ആരാധിക്കാം. മഹാകാളി പൂജയ്ക്ക് തെച്ചിപ്പൂവാണ് പ്രധാനം. മഹാലക്ഷ്മിക്ക് ചെന്താമരയാണ് പ്രധാനമെങ്കിലും പുഷ്പങ്ങളേതും ആരാധനയ്ക്കെടുക്കാം. മഹാകാളി പൂജാദിവസം ആയുധങ്ങള്‍, ചിലങ്ക, വാദ്യങ്ങള്‍ ഇവയും പൂജയ്ക്കു വയ്ക്കാം. പ്രഭാതസന്ധ്യയിലും പ്രദോഷ സന്ധ്യയിലും വിളക്കു വച്ച് ആരാധിക്കുന്നതും നിവേദ്യങ്ങള്‍ നല്‍കുന്നതും നല്ലതാണ്.
വിജയദശമി നാളില്‍ രാവിലെ 6.20 മുതല്‍ 7.45 വരെയുള്ള തുലാം രാശിയാണ് പൂജയെടുപ്പിനും വിദ്യാരംഭത്തിനും ഉചിതം. രാവിലെ 8.00 മുതല്‍ 8.50 വരെയുള്ള വൃശ്ചികം രാശിയും അനുകൂലമാണ്. മഹാസരസ്വതി, ശ്രീവിദ്യ എന്നീ സങ്കല്‍പ്പങ്ങളിലാണ് വിജയദശമിയിലെ ആരാധന. വെള്ളത്താമരയാണ് പൂജയ്ക്ക് പ്രധാനം. വിളക്കുവച്ച് നിവേദ്യവും നല്‍കിയാവണം പൂജയെടുപ്പ്. മുന്‍പു പഠിച്ച പാഠങ്ങളില്‍ കുറച്ചെങ്കിലും വീണ്ടും അഭ്യസിച്ച് ഓര്മ പുതുക്കണം.
അമ്മ, അച്ഛന്, അമ്മാവന് എന്നിവര്‍ക്കെല്ലാം കുട്ടികളെ വിദ്യാരംഭം ചെയ്യിക്കാം. എഴുത്തിനിരുത്തുന്ന കുട്ടിയെ കിഴക്കോട്ട് തിരിച്ചിരുത്തി വിദ്യാരംഭം കുറിക്കണം. സ്വര്‍ണമോതിരം ദേവിക്കു നേദിച്ച തേനില്‍ മുക്കി, ആ മോതിരം കൊണ്ടാവണം കുട്ടിയുടെ നാവില്‍ ‘ഹരി ശ്രീ ഗണപതയേ നമഃ’ എന്നെഴുതാന്‍. ഉപാസനാ മന്ത്രങ്ങളും ആകാം.
തുടര്‍ന്ന് തട്ടത്തില്‍ ഉണക്കലരിയെടുത്ത് (അതില്‍ നാണയവും ഇടാം) ആ അരിയില്‍ മോതിരവിരല്‍ കോണ്ടോ, ചൂണ്ടു വിരല്‍ കൊണ്ടോ അക്ഷരങ്ങള്‍ എഴുതിക്കണം. വിദ്യാരംഭം നടത്തിയാല്‍ പിറ്റേ ദിവസം നിശ്ചയമായും സ്വാധ്യായമായിരിക്കണമെന്നും പ്രമാണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: