കുന്നത്തൂര്‍: പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റ് ആരോഗ്യം തകര്‍ന്ന യുവാവ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും കൂലിപ്പണിയെടുത്തു ജീവിക്കാനാകുന്നില്ലെന്നുമാണ് പരാതി. ശാസ്താംകോട്ട വേങ്ങ കാവില്‍തെക്കതില്‍ അനീഷ് ആണ് പരാതിക്കാരന്.
സെപ്തംബര്‍ 2ന് ഓണനാളില്‍ തന്റെ വീടിന് മുന്നില്‍ നിന്നവരെ അതുവഴി വന്ന ശാസ്താംകോട്ട പോലീസ് അകാരണമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് തന്നെയും മര്‍ദ്ദിച്ചു. തന്റെ വീട്ടില്‍വന്ന ബന്ധുക്കളാണിവര്‍ എന്നു പറഞ്ഞതാണ് ക്രൂരമര്‍ദ്ദനത്തിന് കാരണമായതെന്നും പരാതിയില്‍ പറയുന്നു. അനീഷിനെ മര്‍ദ്ദിക്കുന്നതുകണ്ട് ഓടിവന്ന് തടഞ്ഞ പിതാവ് ബാലന്പിള്ളയെയും പോലീസ് സംഘം മര്‍ദ്ദിച്ചതായും വീടിനുമുന്നിലിട്ടും ജീപ്പില്‍വച്ചും ക്രൂരമര്‍ദ്ദനത്തിന് വിധേയനാക്കിയെന്നും പരാതിയില്‍ പറയുന്നു.
തലയ്ക്ക് പൊട്ടലും കണ്ണിന് ഇടിയേറ്റ് ഞരമ്പ് തകര്‍ന്ന് കാഴ്ചഭ്രംശവും നാഭിക്ക് ഗുരുതരമായക്ഷതവും ഏറ്റതായാണ് അനീഷ് പറയുന്നത്. മര്‍ദ്ദനത്തില്‍ കടുത്ത ശാരീരിക അവശത ഉള്ളതിനാല്‍ ജാമ്യം ലഭിച്ചിട്ടും കൂലിപ്പണിക്ക് പോകാന്‍ സാധിക്കുന്നില്ല. മര്‍ദ്ദനവിവരം കോടതിയില്‍ പറഞ്ഞാല്‍ കൂടുതല്‍ വകുപ്പുകള്‍ ചാര്‍ജു ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്രേ. എസ്ഐ അനീഷ്, എഎസ്ഐ പ്രസന്നന്, കണ്ടാലറിയാവുന്ന മൂന്നു പോലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അനീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: