കോഴിക്കോട് : കോര്പ്പറേഷന് അനുവദിച്ച അളവില്‍ അധികമായി വീട് നിര്‍മിച്ചതില്‍ കെ.എം. ഷാജി എംഎല്‍എയ്ക്കെതിരെ നടപടിക്ക് സാധ്യത. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനുമതിയില്ലാതെയുള്ള നിര്‍മാണം കണ്ടെത്തിയത്.
3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്. 2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്പ്പറേഷന് നല്കിയ നോട്ടീസിന് മറുപടി നല്കാത്തതിനാല് വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. വീടിന്റെ മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയിട്ടുള്ളത്. അനുവദിച്ച അളവിലും അധികമായി വീട് നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകും.
അഴീക്കോട് മണ്ഡലത്തിലെ ഒരു സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയതായി കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് വിജിലന്‍സിന് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ച എന്‍ഫോഴ്സ്മെന്റ് കെ.എം.ഷാജിയുടെ വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോര്‍ട്ട് നല്കാന് കോര്‍പ്പറേഷനോടും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കോര്പ്പറേഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാലൂര്‍കുന്നിന് സമീപത്തെ വീട് വ്യാഴാഴ്ച അളന്നത്.
എംഎല്‍എ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി വീടിന്റെ മതിപ്പുവില, വിസ്തീര്‍ണം, പൂര്‍ത്തിയാക്കിയ പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് എന്‍ഫോഴ്സ്മെന്റ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 27-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: