ന്യൂദല്‍ഹി : കൊറോണ വൈറസ് പ്രതിരോധ വാക്സിന് തദ്ദേശീയമായി വികസിപ്പിക്കുന്നതിനുള്ള മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി. ഭാരത് ബയോടെക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ചുള്ള പരീക്ഷണത്തിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ചുള്ള അനുമതി നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി ദല്‍ഹി മുംബൈ, പട്ന, ലഖ്നൗ ഉള്‍പ്പെടെ 19 ഇടങ്ങളില്‍ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഭാരത് ബയോടെക് മരുന്ന് ഗവേഷണത്തിനായുള്ള അനുമതി തേടിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഭാരത് ബയോടെക്കുമായി വാക്സിന് നിര്‍മാണത്തില്‍ സഹകരിക്കുന്നുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് ഭാരത് ബയോടെക്. മൂന്നാം ഘട്ടത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള 28,500 ആളുകളില്‍ വാക്സിന് പരീക്ഷണം നടത്തുമെന്നാണ് സൂചന. ഓക്സ്ഫഡുമായി സഹകരിച്ച് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും കൊറോണ പ്രതിരോധ വാക്സിന് ഗവേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: