തിരുവല്ല: വരുന്ന മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ശബരിമലയിലെ കുത്തക ലേലം പ്രതിസന്ധിയില്‍. ഇന്നലെ വിവിധയിനങ്ങളുടെ ഇ-ടെന്‍ഡര്‍ തുറന്നപ്പോള്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ നഷ്ടം നികത്താന്‍ സഹായിക്കുന്ന വിധത്തില്‍ ഇളവ് വേണമെന്ന് വ്യാപാരികള്‍ ദേവസ്വം മന്ത്രിയെയും ബോര്‍ഡ് പ്രസിഡന്റിനെയും കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരികള്‍ ടെന്‍ഡര്‍ ബഹിഷ്ക്കരിച്ചത്.
ഓരോ വര്‍ഷവും കുത്തക ലേലത്തിലൂടെ 150 കോടി രൂപയാണ് ബോര്‍ഡിന് ലഭിച്ചത്. എന്നാല്‍, കൊവിഡ് പശ്ചാത്തലത്തില്‍ ദേവസ്വം കലണ്ടര്‍ പ്രകാരമുള്ള 142 പ്രവൃത്തി ദിവസങ്ങളില്‍ 70 ദിവസം മാത്രമാണ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. 72 പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇ-ടെന്‍ഡറില്‍ നിന്ന് പിന്മാറി നിലവിലുള്ള വ്യാപാരികള്‍ക്ക് ഒരു വര്‍ഷം കൂടി കരാര്‍ നീട്ടി നല്‍കണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ബോര്‍ഡ് മുന്‍ വര്‍ഷത്തേത് പോലെ ലേല നടപടികളുമായി മുമ്പോട്ട് പോയി. നിരക്കുകള്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു. ലേലവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയപ്പോള്‍ മാനുഷിക പരിഗണന പോലും നല്‍കിയില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. ബോര്‍ഡിലെ മറ്റംഗങ്ങളും ഉദ്യോഗസ്ഥരും അനുഭാവപൂര്‍ണ്ണമായ നിലപാടെടുത്തെങ്കിലും ബോര്‍ഡ് പ്രസിഡന്റ് കടുംപിടിത്തം തുടര്‍ന്നു. ഏതാനും വ്യാപാരികള്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ ലേല ഇനങ്ങളുടെ എണ്ണം ബോര്‍ഡ് കുറച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇരുനൂറ്റമ്പതോളം ഇനങ്ങള്‍ ഉണ്ടായിരുന്നയിടത്ത് ഇത്തവണ നൂറ്റിനാല്പ്പതോളം ഇനങ്ങള്‍ മാത്രം. ഇത്തവണ പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും സാമൂഹിക അകലം പാലിക്കാന്‍ കടകളുടെ എണ്ണം കുറച്ചു. വിരി ഷെഡ്ഡും പായും തലയണയും അടക്കമുള്ളവ ഒഴിവാക്കി.
ലേലം നടക്കാതെ വരുന്നതോടെ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ പരിതാപകരമാകും. സാധാരണ സന്നിധാനത്തിന് സമീപമുള്ള ഹോട്ടല്‍ ശരാശരി ഒന്നര കോടി രൂപയ്ക്കാണ് ലേലം കൊള്ളുന്നത്. എല്ലാ വര്‍ഷവും ലേല ഇനത്തില്‍ മാത്രം 40 മുതല്‍ 45 കോടി വരെ ബോര്‍ഡിന് വരുമാനമായി കിട്ടും. ലേലം നടക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യം വന്നതോടെ കടകളുടെ നടത്തിപ്പ് കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ എന്നിവയെ ഏല്‍പ്പിക്കാനാണ് നീക്കം. ഈ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചാല്‍ ദേവസ്വം ബോര്‍ഡിന് ഒരു രൂപ പോലും വരുമാനമായി ലഭിക്കില്ല. പൂജാ സാധനങ്ങള്‍ അടക്കം ഈ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുമോയെന്ന സംശയവുമുണ്ട്. ഹോട്ടലുകളും മറ്റും പ്രവര്‍ത്തിക്കാതെ വന്നാല്‍ ഭക്തജന ദുരിതവും ഇരട്ടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: