ഭാഷാ സ്നേഹികളെല്ലാം ആര്‍ജവത്തോടെ പരിശ്രമിച്ചാലേ ഭാഷയിലെ മലിനീകരണം, ഒരു പരിധിവരെയെങ്കിലും തടയാന്‍ കഴിയൂ. അധ്യാപകരും എഴുത്തുകാരുമെന്നപോലെ പത്രപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കേണ്ടവരാണ്. പത്രഭാഷ ശരിയാണെന്നു കരുതുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും ഒട്ടേറെയുണ്ട്. അതിലെ വൈകല്യങ്ങള്‍ അവരുടെ ഭാഷയെ കാര്യമായി ബാധിക്കും. ആ നിലയ്ക്ക്, ഭാഷാശുദ്ധിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ബാധ്യത പത്രങ്ങള്‍ക്കുണ്ട്.
ദൗര്‍ഭാഗ്യവശാല്‍, അജ്ഞതകൊണ്ടും അശ്രദ്ധകൊണ്ടുമുള്ള തെറ്റുകളും പ്രയോഗ വൈകല്യങ്ങളും മാധ്യമങ്ങളിലെല്ലാം സാധാരണമായിരിക്കുന്നു. അക്ഷരത്തെറ്റുകളെ അച്ചടിത്തെറ്റുകളായിക്കരുതി ആശ്വസിക്കാമെങ്കിലും അവയുടെ ആവര്‍ത്തനവും പെരുപ്പവും മടുപ്പുണ്ടാക്കും.
തെറ്റ് ആവര്‍ത്തിച്ചാല്‍ ‘ശരി’യാകുമെന്ന ധാരണ പലര്‍ക്കുമുണ്ട്. ‘ഇങ്ങനെ എഴുതിയാലെന്താ, പലരും ഇതുപോലെ എഴുതുന്നുണ്ടല്ലൊ’ എന്നാണ് തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ ചിലര്‍ നല്കുന്ന വിശദീകരണം. ശരി രൂപം അറിയാമെങ്കിലും ഇവര്‍ക്ക് തെറ്റായ രൂപം എഴുതാനോ പറയാനോ മടിയില്ല. ‘യാദൃശ്ചിക’ത്തിനല്ലേ പ്രചാരം, പിന്നെ ‘യാദൃച്ഛികം’ എന്തിനെന്ന് ഈയിടെ ഒരു പ്രഭാഷകന്‍ ചോദിക്കുന്നതു കേട്ടു. ‘നിച്ചയം’ എന്നു പറഞ്ഞിട്ട് ‘നിശ്ചയം’ എന്നെഴുതണമെന്ന് ശഠിക്കാമോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരുചോദ്യം. ‘വേഗത’യെന്നാണ് കൂടുതല്‍ പേര് എഴുതുകയും പറയുകയും ചെയ്യുന്നത്. അതുകൊണ്ട് ‘വേഗം’ എന്ന ശരിരൂപം
ഉപയോഗിച്ചാല്‍ തെറ്റുപറ്റിയതാണെന്നു കരുതും എന്നു പറഞ്ഞവരില്‍ പത്രപ്രവര്‍ത്തകരുമുണ്ട്. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ഭാഷയില്‍ ശരിയും തെറ്റും നിശ്ചയിക്കുന്ന കാലം അത് വിദൂരമല്ലെന്നാണ് ഇവയെല്ലാം തെളിയിക്കുന്നത്!
പത്രങ്ങളില്‍ നിന്ന്:
‘അധ്യാത്മിക പുസ്തകങ്ങള്‍’
‘ആധ്യാത്മികതയെ കൈവിടരുത്’
അധ്യാത്മികം, അധ്യാത്മികം, ആദ്ധ്യാത്മീകത എന്നിവ തെറ്റ്.
അധ്യാത്മം, ആധ്യാത്മികം, ആധ്യാത്മികത എന്നിവ ശരി.
”ഇതില്‍ നാല്പതു കേസുകള്‍ സ്ഥിതീകരിച്ചു.”
‘സ്ഥിരീകരിച്ചു’ (ശരി)
ചില വാചകമടികള്‍:
”ജനങ്ങളുടെ ജീവിതത്തിന്റെ അടയാളപ്പെടുത്തലായി മെട്രോ മാറിയെന്ന് അദ്ദേഹം പറഞ്ഞു.”
പാവം ജനം എന്താണ് മനസ്സിലാക്കേണ്ടത്?
”വേമ്പനാട്ടു കായലിന്റെ തീരവാസികളുടെ ജീവിത രീതിയില്‍ ഇത് മുതല്‍ക്കൂട്ടാകും.”
ഇതും ഒരു ഭാഷാരീതി!
”ഈ വര്‍ഷം 20 ഗ്രാമീണ ടൂറിസം പാക്കേജ് കൂടി ഏറ്റെടുക്കും. കയര്‍, കൈത്തറി, കള്ളുചെത്ത്, മണ്‍പാത്ര നിര്‍മാണം എന്നിവയെല്ലാം പ്രമേയമാക്കും.”
പ്രമേയത്തിനൊത്ത പ്രതിപാദനം!
മുഖപ്രസംഗങ്ങളില്‍ നിന്ന്:
”അകവും പുറവും ശുദ്ധിയുടെ വെണ്മയിലെന്നപോലെ സുതാര്യമായിരുന്നു ആ കവിതയുടെ ഉടലഴകും അകക്കാമ്പും.”
അകവും പുറവും ഉടലും അകവുമെല്ലാം ചേര്‍ന്നൊരു കുഴമറിച്ചില്‍! അര്‍ത്ഥം വ്യക്തമല്ലെങ്കില്‍ ഒരു ഗുണമുണ്ട്. എങ്ങനെയും വ്യാഖ്യാനിക്കാം!
”അക്കിത്തത്തിന്റെ കവിതകളില്‍ ചിലതു മാത്രം ഊരിയെടുത്ത് അനവസരങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടു.”
കവിതകളില്‍ ചിലത് ഒടിച്ചെടുക്കുകയും മറ്റു ചിലത്
പറിച്ചെടുക്കുകയും ചെയ്തിട്ടുണ്ടാവാം!
”ഇടശ്ശേരിക്കവിതകളുടെ സ്വാധീനം അദ്ദേഹത്തിന്റെ
കാവ്യശൈലിയില്‍ തീര്‍ച്ചയായും ഉണ്ട്.
ഇക്കാര്യത്തില്‍ ഇനിയാരും സംശയിച്ചേക്കരുത്!
പിന്കുറിപ്പ്:
യുവകവി പത്രാധിപരോട്:
സാര്‍, ഞാനയച്ച കവിത നോക്കിയോ?
പത്രാധിപര്‍: നോക്കി. ഒന്നും വിചാരിക്കരുത്.
അത് കവിതയായി തോന്നിയില്ല.
യുവകവി: മുകളില്‍ കവിത എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടല്ലോ സാര്‍…!
പ്രതികരിക്കാൻ ഇവിടെ എഴുതുക: