കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം കൈവരിക്കുന്ന നേട്ടങ്ങള്‍ക്കൊപ്പം മുന്നേറാന്‍ കേരളത്തിന് കഴിയുന്നില്ല എന്നത് ദുഃഖകരവും ആശങ്കാജനകവുമാണെന്ന് പറയാതെ വയ്യ. രാജ്യത്തെ രോഗവ്യാപനത്തിന്റെ പതിമൂന്നു ശതമാനവും മൂന്നര കോടി മാത്രം ജനസംഖ്യയുള്ള കേരളത്തിലാണെന്നു വരുന്നത് വലിയൊരു ആപല്‍ സൂചനയാണ്. രോഗമുക്തര്‍ വര്‍ധിക്കുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയാത്തത് പ്രതിരോധ സംവിധാനത്തിലെ പാളിച്ചകളിലേക്കും വീഴ്ചകളിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന്റെ പരാജയം മറ്റ് സംസ്ഥാനങ്ങള്‍ക്ക് പാഠമാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിക്ക് പറയേണ്ടി വന്നത് ഒട്ടും ഭൂഷണമല്ല. സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലുള്‍പ്പെടെ തുടക്കത്തില്‍ കാണിച്ച ശ്രദ്ധയും താല്‍പ്പര്യവും പൊള്ളയായ അവകാശവാദങ്ങള്‍ക്ക് വഴിമാറിയതാണ് സ്ഥിതിഗതികള്‍ കൈവിട്ടുപോകാനിടയാക്കിയത്. ഇക്കാര്യം ഏറ്റവും മാന്യമായ ഭാഷയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനു പകരം കേന്ദ്ര ആരോഗ്യമന്ത്രിയെ രാഷ്ട്രീയമായി കടന്നാക്രമിക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ മുതിര്‍ന്നത്. കേരളത്തില്‍ എല്ലാം ഭദ്രമാണെന്നും, രോഗപ്രതിരോധത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും പറഞ്ഞുകൊണ്ടിരുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചിത്രത്തിലേയില്ലായിരുന്നു. പക്ഷേ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഈ മന്ത്രി പ്രത്യക്ഷപ്പെട്ടു.
കൊവിഡ് വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്നും, രോഗപ്രതിരോധത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ് മുഖവിലയ്ക്കെടുക്കാന്‍ നമുക്ക് കഴിയണം. വരാനിരിക്കുന്ന ഉത്സവകാലത്ത് ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പെരുമാറണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ആരും ഒരു കാരണവശാലും അവഗണിക്കാന്‍ പാടില്ല. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അന്പതിനായിരത്തിന് താഴേക്ക് എത്തിയ സാഹചര്യത്തിലാണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഇത് ഏഴാമത്തെ തവണയാണ് കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് ജനങ്ങളുമായി മോദി നേരിട്ട് സംസാരിക്കുന്നത്. മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് രോഗബാധയും മരണനിരക്കും ഭാരതത്തില്‍ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതില്‍ പ്രധാനമന്ത്രിയുടെ ഇടപെടലുകള്‍ക്ക് വലിയ പങ്കുണ്ട്. ഭാരതത്തിന്റെ ജനസംഖ്യയുടെ വലുപ്പവും, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയും കണക്കിലെടുക്കുമ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ അദ്ഭുതകരമായ മികവാണ് മോദി സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. മഹാമാരിയുടെ കാലത്ത് എണ്‍പത് കോടി ജനങ്ങള്‍ക്കാണ് ആറുമാസത്തിനിടെ സര്‍ക്കാര്‍ വിവിധ രീതിയിലുള്ള സഹായമെത്തിച്ചത്. മലയാളികളും ഇതിന്റെ ഗുണഭോക്താക്കളായെങ്കിലും സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തുകയാണ് ഇടതു-വലതു മുന്നണികള്‍ ചെയ്തത്.
കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ ആപല്‍ക്കരമായ രാഷ്ട്രീയം കളിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ജനങ്ങള്‍ കൂട്ടംകൂടാതിരിക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ആത്മാര്‍ത്ഥതയില്ലാതെയാണ് സര്‍ക്കാര്‍ പെരുമാറിയത്. സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും ഉള്‍പ്പെടെ ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശുഷ്കാന്തി കാണിച്ചില്ല. സര്‍ക്കാര്‍ അഴിമതികളില്‍ മുങ്ങിനില്ക്കുമ്പോള് അതിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടികളെ കൊവിഡ് വ്യാപനത്തിന്റെ പേരു പറഞ്ഞ് ദിവസവും ഭീഷണിപ്പെടുത്തുന്നതിലായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ ശ്രദ്ധ. അഴിമതിക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുറുകുമ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാനുള്ള തിരക്കില്‍ കൊവിഡ് പ്രതിരോധം ദുര്‍ബ്ബലമായി. ആരോഗ്യ സംവിധാനങ്ങള്‍ അവതാളത്തിലാവുകയും, ആശുപത്രി അധികൃതരുടെ അവഗണനയും ചികിത്സാ പിഴവുകളും മൂലം പല രോഗികളും മരിക്കുന്ന അവസ്ഥ വരികയും ചെയ്തു. അറസ്റ്റൊഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനൊരുക്കിയ ആശുപത്രി സംവിധാനങ്ങള്‍ പാവപ്പെട്ട കൊവിഡ് രോഗികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കുന്ന മാനസികാവസ്ഥയിലേക്ക് സര്‍ക്കാരിനെ നയിക്കുന്നവര്‍ മാറിയാലല്ലാതെ ഇപ്പോഴത്തെ ഗുരുതരമായ സ്ഥിതിവിശേഷത്തില്‍നിന്ന് കേരളത്തിന് കരകയറാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: