ലണ്ടന്‍:സുഡാനിലെ മത വിദ്യാലയങ്ങളില്‍ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ബാല പീഡനങ്ങള്‍ അരങ്ങേറുന്നതായി ബിബിസി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കേവലം അഞ്ചു വയസ്സുകാരായ കുട്ടികളെ പോലും ചങ്ങലയ്‌ക്കിടുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി ബിബിസി ന്യൂസ് അറബിക്കിന്റെ ‘The Schools that Chain Boys’ എന്ന ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു.
പ്രാദേശികമായി ഖല്‍വാ എന്നറിയപ്പെടുന്ന ഏകദേശം മുപ്പതിനായിരത്തോളം ഇസ്ലാമിക വിദ്യാലയങ്ങള്‍ സുഡാനില്‍ പ്രവര്‍ത്തിക്കുന്നു. ബിബിസി ന്യൂസ് അറബിക്കിന്റെ റിപ്പോര്‍ട്ടര്‍മാര്‍ പതിനെട്ടു മാസങ്ങളോളം ചെലവഴിച്ച് ചിത്രീകരിച്ച വാര്‍ത്താ ചിത്രത്തില്‍ മനുഷ്യാവകാശ, ബാലാവകാശ ലംഘനങ്ങളുടെ ഞെട്ടിപ്പിയ്‌ക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്.
ചെറിയ ആണ്‍കുട്ടികളെ ചങ്ങലയ്‌ക്കിട്ടും, ചൂഷണം ചെയ്തും, മര്‍ദ്ദിച്ചും നിര്‍ബന്ധിത മതപഠനത്തിന് വിധേയമാക്കുന്നതായി ഫത്തേ അല്‍ – രഹ്മാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗികളായവരെ ചികില്‍സകള്‍ നിഷേധിച്ച് നട തള്ളുന്നതും സാധാരണമാണ്. ഭീകരമായ മര്‍ദ്ദനത്തിന്റെ ഫലമായി കുട്ടികള്‍ പലപ്പോഴും ജീവശ്ശവങ്ങളായി മാറാറുണ്ട്.
ഇസ്ലാമിക സ്‌കൂളുകളില്‍ ചെറിയ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് സാധാരണമാണ്. ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന മുഹമ്മദ് നാദെറും ഇസ്മായിലും സാക്ഷ്യപ്പെടുത്തുന്നു. ഖല്‍വയിലെ ഏറ്റവും ഭയാനകമായ പീഡനം ബലാത്സംഗമാണ്.
ഒമര്‍ അല്‍ ബാഷിറിന്റെ ഇസ്ലാമിക സര്‍ക്കാര്‍ പുറത്തായതോടെ നീതി ലഭിയ്‌ക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. മുഹമ്മദിന്റെ അമ്മ പറയുന്നു. ‘മതമൗലിക വാദികളുടെ സന്തോഷത്തിനായി ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ ബലികൊടുക്കണോ ?’ അവര്‍ ചോദിയ്‌ക്കുന്നു.
ഇതേപ്പറ്റി ചോദിയ്‌ക്കുമ്പോള്‍ ‘ഞങ്ങളുടെ സ്ഥാപനത്തില്‍ മാത്രമല്ല, ഏതാണ്ടെല്ലാ ഖല്‍വകളും ചങ്ങലയ്‌ക്കിടാറുണ്ട്’ എന്ന വിചിത്രമായ ഉത്തരമാണ് മതനേതാക്കളായ ഷെയ്‌ക്കുമാരില്‍ നിന്ന് ബിബിസി ന്യൂസ് അറബിക്കിന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് കിട്ടുന്നത്.
മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് ഡോക്യുമെന്ററി രൂപത്തില്‍ ബിബിസി പുറത്തു വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: