വിജയദശമി നാളിലെ വിദ്യാരംഭം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കൊല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ അമ്മയുടെ തിരുമുമ്പില്‍ കുട്ടികളുടെ നാവില്‍ ഹരിശ്രീ എഴുതി വിദ്യാരംഭം കുറിക്കാനായാല്‍ അത് ഏറെ പവിത്രമായി രക്ഷിതാക്കള്‍ കാണുന്നു.
ശക്തിയും ഐശ്വര്യവും വിദ്യയും സമന്വിതമായി പ്രദാനം ചെയ്തനുഗ്രഹിക്കുന്ന മൂകാംബികാദേവിയുടെ തിരുമുമ്പിലിരുത്തി ആദ്യാക്ഷരം കുറിക്കുന്നത് ഒരു അസുലഭ ഭാഗ്യമായാണ് കണക്കാക്കിപ്പോരുന്നത്. അംബയെ വന്ദിച്ചാരാധിച്ച് മനോമുകുരത്തില്‍ കുടിയിരുത്തി ഈശ്വരസ്വരൂപികളായ കുഞ്ഞുങ്ങളെ ശ്രദ്ധയോടെ രക്ഷിതാക്കള്‍ വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചാനയിക്കുന്നു. ദേവീകടാക്ഷത്തിന് പാത്രീഭൂതരായ കുഞ്ഞുങ്ങളെ നേര്‍വഴിക്ക് നയിക്കുമ്പോള്‍ അത് ഒരു തലമുറയെത്തന്നെയാണ് മുന്നോട്ടു നയിക്കുന്നത്.
നവരാത്രി തുടങ്ങുന്നതു മുതല്‍ മുതല്‍ വിദ്യാരംഭം വരെയുള്ള ദിനങ്ങള്‍ക്ക് മൂകാംബികാ ക്ഷേത്രത്തില്‍ വളരെ പ്രാധാന്യമുണ്ട്. മൃത്യഞ്ജയ ശിവനെ തപസ്സുചെയ്തു പ്രത്യക്ഷനാക്കിയ കംഹാസുരനെ, മഹാദേവനോടു ഇഷ്ടവരം ചോദിക്കാന്‍ സാധിക്കാത്തവിധം വാഗ്ദേവിയായ സരസ്വതീദേവി മൂകനാക്കി. ഇതില്‍ ക്രുദ്ധനായ മൂകാസുരന് എന്നറിയപ്പെട്ട കംഹാസുരന് അവിടെ തപസ്സു ചെയ്തുകൊണ്ടിരുന്ന കോലമഹര്‍ഷിയെ ഉപദ്രവിക്കാനും വധിക്കാനും ശ്രമിച്ചു. ലോകരക്ഷാര്ഥം ദുര്‍ഗാദേവി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിക്കുകയായിരുന്നു. ഇതില്‍ സന്തുഷ്ടനായ കോലമഹര്‍ഷിയുടെ അഭ്യര്‍ഥനപ്രകാരം അവിടെ ദേവി കുടികൊണ്ടു എന്നാണ് സങ്കല്പം. മറ്റൊന്ന്, ശങ്കരാചാര്യ സ്വാമികള്‍ അനേക ദിനങ്ങള്‍ അവിടെ തപസ്സു ചെയ്തതിന്റെ ഫലമായി സരസ്വതീദേവി പ്രത്യക്ഷപ്പെട്ടുവെന്നും ദേവിയെ അവിടെ പ്രതിഷ്ഠിച്ചുവെന്നുമാണ്. ഏറെ പ്രചരിതമായ ഈ ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂകാംബികാദേവിയുടെ ക്ഷേത്രസന്നിധി വിദ്യാരംഭത്തിന് പ്രാധാന്യമേറുന്നു. സൗപര്‍ണികാ തീര്‍ഥത്തെ തഴുകിവരുന്ന കുളിര്‍കാറ്റ് മനോമാലിന്യങ്ങള്‍ കഴുകിക്കളയാന്‍ പ്രാപ്തമാണ്.
ഭാരതീയ സംസ്കൃതി അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ ജ്ഞാനപ്രകാശത്തില്‍ രതി ചെയ്യുന്നു. ജ്ഞാനം അനാദികാലമായി ഗുരു-ശിഷ്യ പരമ്പരകളിലൂടെ വാമൊഴിയായും വരമൊഴിയായും പ്രചരിച്ചുവരുന്നതാണ്. ഈയൊരു പശ്ചാത്തലത്തിലാണ് നാം വിദ്യാരംഭത്തിന്റെ പ്രാധാന്യവും അന്തസ്സത്തയും നോക്കിക്കാണുന്നത്. പരമ്പരാശ്രേണിയുടെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാന്‍ ഉതകുന്നതാണ് വിദ്യാരംഭം എന്ന ശ്രേഷ്ഠകര്‍മം.
വിദ്യാരംഭം യഥാര്‍ഥത്തില്‍ സകല മേഖലകളെയും എത്തിപ്പിടിക്കാനുള്ള കുഞ്ഞിന്റെ ഒരു പ്രവേശികയാണെന്നു പറയാം. മാനവസമൂഹത്തിന് അഹൈതുകദയാസിന്ധുക്കളായ ആചാര്യന്മാര് നല്കിയ അമൂല്യമായ നിധിയുണ്ട് – ശാസ്ത്രങ്ങളുടെയും ജ്ഞാനത്തിന്റെയും നിധിപേടകം. കൈയില്‍ കിട്ടിയ അമൂല്യ രത്നങ്ങളടങ്ങിയ ഈ പേടകം തുറന്നനുഭവിക്കാനുള്ള താക്കോലാണ് വിദ്യ. അതിനാലാണ് മുന്നോട്ടുള്ള ജീവിത പ്രയാണത്തിന്റെ പ്രവേശികയായി വിദ്യാരംഭത്തെ കാണുന്നത്.
അതീവ പുണ്യംചെയ്ത ജന്മങ്ങളായിരിക്കണം അംബാകടാക്ഷത്താല് അനുഗൃഹീതരായ കുഞ്ഞുങ്ങളുടേത് എന്ന് അനുമാനിക്കാം. മൂകാംബികാദേവിയില്‍ കുടികൊള്ളുന്ന ശക്തി, ഐശ്വര്യം, വിദ്യ എന്നീ ഭാവങ്ങളുടെ സമന്വയത്തിലൂടെയും മാതൃവാത്സല്യത്താലും സമാജത്തില്‍ സുസ്ഥിതിയുണ്ടാവുന്നു.
കളങ്കലേശമേല്ക്കാത്ത കുഞ്ഞുമനസ്സിലേയ്ക്ക് ആദ്യാക്ഷരം കുറിക്കാന്‍ ഇത്തരം ക്ഷേത്രസങ്കേതങ്ങളുടെയും അറിവും അനുഭവസമ്പത്തുമുള്ള ആചാര്യന്മാരുടെയും സാന്നിദ്ധ്യമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
രവീന്ദ്രന് കൊളത്തൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: