ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഐ ഗ്രൂപ്പിലുണ്ടായ ഭിന്നത കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. ഐ ഗ്രുപ്പിലെ പ്രധാനികളായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ എന്നിവര്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഐ ഗ്രുപ്പില്‍ ഭിന്നതയ്‌ക്കിടയാക്കിയത്. ചെന്നിത്തല പക്ഷക്കാരനും, യുവജന നേതാവുമായ ആര്‍. അംജിത് കുമാറിനെ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം കെപിസിസി ഇടപെട്ട് ഈ നിയമനം റദ്ദാക്കി. കെ. സി. വേണുഗോപാലിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ആരോപിക്കുന്നത്.
ചെന്നിത്തലയുടെ സ്വന്തം ജില്ലയില്‍ വേണുഗോപാല്‍ പക്ഷം കരുത്താര്‍ജിക്കുകയാണ്. ഏതു വിധേനയും ഐ ഗ്രൂപ്പിലെ ആധിപത്യം നിലനിര്‍ത്താനുള്ള പരിശ്രമത്തിലാണ് ചെന്നിത്തല വിഭാഗം. ഇതിന്റെ ഭാഗമായാണ് അംജിതിനെ സംസ്ഥാന തല ചുമതല നല്‍കിയത്. എന്നാല്‍ നിയമനം റദ്ദാക്കിയത് ചെന്നിത്തല പക്ഷത്തിന് കനത്ത തിരിച്ചടിയായി. ഐ ഗ്രൂപ്പിലെ പോര് രൂക്ഷമായതിനാല്‍ യുത്ത് കോണ്‍ഗ്രസ് മണ്ഡലം ചുമതലക്കാരെ പോലും നിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ആലപ്പുഴ നഗരസഭയിലടക്കം വേണുഗോപാലിന്റെ അനുമതിയില്ലാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കെസി പക്ഷക്കാര്‍.
കെപിസിസി പുനസംഘടനയില്‍ ആലപ്പുഴ ജില്ലയില്‍ നിന്ന് തന്റെ പക്ഷക്കാരെ നിര്‍ണായക ചുമതലകളില്‍ നിയോഗിക്കാന്‍ കഴിഞ്ഞതോടെ വേണുഗോപാല്‍ ഐ പക്ഷത്ത് കൂടുതല്‍ കരുത്തനാകുകയാണ്. ചെന്നിത്തലയാകട്ടെ സ്വന്തം തട്ടകം നിലനിര്‍ത്താനുള്ള ശ്രമത്തിലും, ഐ വിഭാഗത്തിലെ ഭിന്നത പാര്‍ട്ടിയുടെ സാദ്ധ്യതകള്‍ ഇല്ലാതാക്കുമോയെന്ന ആശങ്കയിലാണ് എ വിഭാഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: