ഭോപ്പാല്‍: മധ്യപ്രദേശിലെ വനിതാ മന്ത്രിയെ അവഹേളിച്ച സംഭവത്തില്‍ മാപ്പു പറയില്ലെന്ന് തുറന്നടിച്ച മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റുമായ കമല്‍ നാഥിനെതിരെ ചെറുവിരലനക്കാന്‍ പോലും പേടിച്ച് പാര്‍ട്ടി ദേശീയ നേതൃത്വം. കമല്‍നാഥിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്ന് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി എംപി പറഞ്ഞതും തള്ളിക്കളയുന്ന നിലപാടാണ് കമല്‍നാഥ് സ്വീകരിച്ചത്. ബിജെപി മന്ത്രിസഭയിലെ വനിതാ മന്ത്രി ഇമ്രതി ദേവിയെ ഐറ്റം എന്നു വിളിച്ചാണ് കമല്‍നാഥ് അവഹേളിച്ചത്. ഹാഥ്രസ് സംഭവത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയും കമല്‍നാഥിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിച്ചില്ല.
പ്രസ്താവന ദൗര്‍ഭാഗ്യകരം എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം മാത്രമാണെന്നാണ് കമല്‍നാഥ് പറഞ്ഞത്. കേരളത്തിലെ വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴാണ് രാഹുല്‍ കമല്‍നാഥിന്റെ വാക്കുകളോട് പ്രതികരിച്ചത്. കമല്‍നാഥ് പറഞ്ഞത് ദൗര്‍ഭാഗ്യകരമായി എന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നുമാണ് രാഹുല്‍ പറഞ്ഞത്.
രാഹുലിന്റെ വാക്കുകള്‍ക്ക് കമല്‍നാഥ് പുല്ലുവില കല്‍പ്പിച്ചതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ദേശീയ തലത്തില്‍ത്തന്നെ നാണം കെട്ടു. ഹാഥ്രസ് സംഭവത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിച്ച കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വന്തം പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ ധൈര്യപ്പെടാത്തത് ചര്‍ച്ചയായി.
സ്ത്രീ പീഡനക്കേസില്‍ പ്രതിയായ ആള്‍ക്ക് കോണ്‍ഗ്രസ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്കിയപ്പോള് എതിര്‍പ്പ് പ്രകടിപ്പിച്ച സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാവിനെ മര്‍ദ്ദിച്ച് അവശയാക്കിയ സംഭവം അടുത്തിടെയാണ് നടന്നത്. കമല്‍നാഥിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലും യുപിയില്‍ മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ പ്രശ്നത്തിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്ക വാദ്രയും ഒരക്ഷരം മിണ്ടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: