മാവേലിക്കര: കോവിഡ് മരണം സംഭവിക്കുന്ന മുസ്ലീം മത വിഭാഗക്കാര്‍ക്ക് മതാചാര പ്രകാരം സംസ്കാരം നടത്താന്‍ കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പരിഗണനയില്‍. വിഷയത്തില്‍ വിവിധ മുസ്ലീം സംഘടനകളുടെ അപേക്ഷയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടത്. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്കി. മന്ത്രി കെ.ടി.ജലീലും സമാന വിഷയത്തില്‍ ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
എന്നാല്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വിഷയം പരിഗണിക്കേണ്ടെന്ന നിലപാടിലാണ് ആരോഗ്യ വിദഗ്ധര്‍. മരണശേഷം വ്യാപന സാധ്യത കുറവാണെങ്കിലും പ്രതിരോധത്തിന്റെ ഭാഗമായി തല്‍സ്ഥിതി തുടരണമെന്ന് ഐഎംഎയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുസ്ലീം മതപുരോഹിതരടക്കം വിഷയം പരസ്യമായി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍. പള്ളിപ്പറമ്പുകളില്‍ മതാചാര പ്രകാരമുള്ള കര്‍മ്മങ്ങള്‍ക്ക് നിയന്ത്രിതമായ ഇളവുകള്‍ ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ നല്കിയാല് വലിയ പ്രതിസന്ധി ഉണ്ടാക്കും. കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കാരത്തിനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മൃതദേഹം കുളിപ്പിക്കുക, ആവശ്യമായ പുരോഹിതരെയും ബന്ധുക്കളെയും പങ്കെടുപ്പിക്കണമെന്നുമാണ് സംഘടനകള്‍ ആവശ്യപ്പെട്ടു. രോഗം പകരില്ലെന്ന് ഉറപ്പാക്കാന്‍ മൂന്നു പാളി കവറുകളിലാക്കി കൈമാറുന്ന മൃതദേഹം നിലവില്‍ കുഴിയിലേക്ക് ഇറക്കി വച്ച് സംസ്കരിക്കുന്ന രീതിയും മാറ്റണമെന്നാണ് മറ്റൊരാവശ്യം. വിശ്വാസപ്രകാരമുളള അത്യാവശ്യ ചടങ്ങുകള്‍ നടത്താനെങ്കിലും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമസ്ത അടക്കമുളള സംഘടനകള്‍ രംഗത്തെത്തിയത്.
മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ക്കെങ്കിലും അവസാനമായി കാണാനുളള അവസരമൊരുക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി ചൂണ്ടിക്കാട്ടിയാണ് ആവശ്യം. നിലവില്‍ നാലു ബന്ധുക്കള്‍ക്ക് സംസ്കാരചടങ്ങില്‍ പങ്കെടുക്കാം. മൃതദേഹത്തില്‍ തൊടാനോ അടുത്ത് പെരുമാറാനോ പാടില്ല. സ്പര്‍ശനം ഒഴിവാക്കിയുള്ള മതാചാരം അനുസരിച്ച് സംസ്കാര കര്‍മങ്ങള്‍ ചെയ്യാം. എന്നാല്‍ മൃതദേഹം മറവ് ചെയ്യാന്‍ സഹായിക്കുന്നവര്‍ മാസ്ക്, ഗ്ലൗസ് പ്രതിരോധ കിറ്റ് ഉള്‍പ്പെടെ ധരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: