ആത്മീയതയുടെ നീലത്താമര വിടര്‍ന്ന് ബംഗാളിലെ ഗൗഡിയ ഭക്തികല്ലോനിയില് സൗരഭം തൂകിയ യോഗാത്മക പ്രതിഭയാണ് ചൈതന്യമഹാപ്രഭു. ആ മഹാഗുരുവിന്റെ കൈവിളക്കേന്തിയ ആത്മീയ പ്രഭുക്കന്മാരാണ് നിത്യാനന്ദയും അദൈ്വതാചാര്യയും. വൈഷ്ണവ സിദ്ധാന്തത്തിന്റെ അരുളും പൊരുളും പ്രചരിപ്പിക്കാന്‍ ചൈതന്യപുരി ആസ്ഥാനമാക്കിയാണ് നിത്യാനന്ദ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആ ആത്മീയ പ്രസരം വിസ്മയകരമായ അനുഭവ ഹര്ഷമായി സമൂഹം ഏറ്റെടുക്കുകയായിരുന്നു.
മൈഥിലി ബ്രാഹ്മണനായ പണ്ഡിറ്റ് ഹദായി ഓജയുടെയും പത്മാവതിയുടെയും പുത്രനായി 1474 ലാണ് ഏകചക്ര ഗാമത്തില്‍ നിത്യാനന്ദയുടെ പിറവി. ഭക്തിയുടെ കൊച്ചോളങ്ങളില്‍ മുഴുകിയ ബാല്യകാലത്തു തന്നെ ജന്മസിദ്ധമായ സംഗീതവാസനയും വളര്‍ന്നു. മധുരോദാരമായി ആലപിച്ച സങ്കീര്‍ത്തനങ്ങള്‍ ചുറ്റുമുള്ളവരെ ആനന്ദിപ്പിക്കുകയായിരുന്നു. ഗ്രാമങ്ങളില്‍ അരങ്ങേറിയ രാമായണ നാടകങ്ങളില്‍ സ്ഥിരമായി സ്വീകരിച്ച ലക്ഷ്മണവേഷം അത്ഭുതാദരങ്ങളോടെയാണ് സമൂഹം ഏറ്റു വാങ്ങിയത്. ആയിടെയാണ് ലക്ഷ്മീപതീ തീര്‍ഥ എന്ന സഞ്ചാരിയായ സംന്യാസിവര്യന്‍ നിത്യാനന്ദയുടെ വീട്ടിലെത്തി താമസിക്കാനിടയായത്.
ബാലനായ നിത്യാനന്ദ ആഹ്ലാദപൂര്‍വം സ്വാമിജിയെ പരിചരിച്ചു. സംന്യാസി യാത്ര പുറപ്പെട്ടപ്പോള്‍ അനുഗ്രഹമര്ഥിച്ച ഹദായി പണ്ഡിറ്റിനോട് പുത്രനായ നിത്യാനന്ദിനെ തന്റെ കൂടെ തീര്‍ഥയാത്രയ്ക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടു. ഹദായി മനസ്സില്ലാമനസ്സോടെയാണ് ആ പതിമൂന്നുകാരനെ ലക്ഷ്മീപതീതീര്ഥയോടൊപ്പം യാത്രയാക്കിയത്.
പദയാത്രയില്‍ നിത്യാനന്ദ നേടിയ ആത്മീയ വീര്യവും ജ്ഞാനവും അഗാധമായിരുന്നു. ലക്ഷ്മീപതിയില് നിന്ന് സംന്യാസദീക്ഷ സ്വീകരിച്ച് സഹസംന്യാസികളായ മാധവേന്ദ്രപുരി, ഈശ്വരപുരി, അദൈ്വതാചാര്യ എന്നിവരൊത്ത് നടത്തിയ നാമസങ്കീര്‍ത്തന യാത്രകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. സൂര്യദാസ് സരലേഖയുടെ പുത്രിമാരായ വസുധയും ജാഹ്നവിയുമായിരുന്നു നിത്യാനന്ദയുടെ ധര്‍മപത്നിമാര്‍. പുത്രനായ വീരഭദ്രനും പുത്രി ഗംഗയുമാണ് സദ്സംഗ യാത്രകളില്‍ പില്ക്കാലം നിത്യാനന്ദയെ അനുഗമിച്ചത്. സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും സമത്വദര്‍ശനത്തിന്റെയും വഴികളില്‍ ചൈതന്യമഹാപ്രഭുവിനൊപ്പം ഭാരതത്തിന്റെ പൂര്വദിക്കുകളിലായിരുന്നു നിത്യാനന്ദയുടെ സഞ്ചാരം. കര്‍മസരണിയിലെ പാരസ്പര്യത്താല്‍ ചൈതന്യയും നിത്യാനന്ദയും ഭക്തര്‍ക്ക് ശ്രീകൃഷ്ണനും ബലരാമനുമായി. ‘രാമകൃഷ്ണന്മാര്’ എന്ന സംബോധനാരൂപം പോലെ ‘ഗൗര-നിതായ്’ എന്നാണ് അവരെ സമൂഹം വിശേഷിപ്പിച്ചത്.
ചൈതന്യമഹാപ്രഭു, നിത്യാനന്ദ, അദൈ്വതാചാര്യ, ഗംഗാധര പണ്ഡിറ്റ്, ശ്രീവാസ എന്നീ വൈഷ്ണവ സാരഥികള്‍ അന്നറിയപ്പെട്ടത് ‘പഞ്ചതത്വ’ എന്ന ആദരനാമധേയത്തിലാണ്. ഒറീസയില്‍ ചൈതന്യ മഹാപ്രഭു കൊളുത്തിയ പ്രഭാപൂരത്തെ സംരക്ഷിക്കാനുള്ള ആത്മീയസേനയില് ജഗന്നാഥദാസ, വലേഥദാസ, അച്യുതാനന്ദ, യശോധന്‍ ദാസ്, ആനന്ദ എന്നീ അഞ്ച് ആചാര്യന്മാരാണ് പ്രമുഖ സ്ഥാനം വഹിച്ചത്. അവരാണ് ‘പഞ്ച സുഹൃത്തുക്കള്‍’ എന്നറിയപ്പെട്ടത്. ഒറിയാഭാഷയ്ക്കും സാഹിത്യത്തിനും അവര്‍ നവ ചൈതന്യം പകരുകയായിരുന്നു. സനാതനും രൂപ് ഗോസ്വാമിയും ചൈതന്യസ്വാമികളുടെ ധര്മദീപശിഖയുമായി വൃന്ദാവനം സന്ദര്‍ശിച്ചതും രഘുനാഥ് ദാസും ജീവഗോസ്വാമിയും കാവ്യങ്ങളിലൂടെ കൃഷ്ണമയ സുധാരസം നേദിച്ചതും കാലത്തിന്റെ കൗതുകങ്ങളായി എന്നും ചരിത്രം സൂക്ഷിക്കുന്നു.
യോഗാത്മകതയുടെ നിത്യമധുരമായ ശംഖനാദമാണ് നിത്യാനന്ദ. ചൈതന്യമഹാപ്രഭുവിന്റെ അതീത കര്‍മങ്ങള്‍ക്ക് അമരപ്രഭ ചേര്‍ത്തത് ഈ മഹാഗുരുവാണ്. ഭക്തിധന്യമായ ഗൗഡിയ പദ്ധതിയുടെ സാരാംശത്തെ സാധാരണ മനുഷ്യനിലേക്ക് പകര്‍ന്നാണ് നിത്യാനന്ദയുടെ മഹിത ജീവിതം സ്വയം സന്ദേശമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: