തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി. കെറോണയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന് കര്‍ശ്ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റോഡ് ഷോ, വാഹന റാലി എന്നിവയ്ക്കായി മൂന്ന് വാഹനങ്ങളില്‍ കൂടുതല്‍ പാടില്ല. പ്രചാരണത്തിന് അവസാനമായി നടത്തുന്ന തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം പാടില്ല. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്കി സ്വീകരിക്കാന്‍ പാടില്ല. പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ അഞ്ച് പേര് മാത്രമേ പങ്കെടുക്കാവൂ. പ്രചാരണത്തിനായി സമൂഹ മാധ്യമം കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം മുതല്‍ വോട്ടെണ്ണല്‍ വരെ മാനദണ്ഡങ്ങള്‍ കര്‍ശ്ശനമായി പാലിക്കണം. നാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് മൂന്ന് പേരില്‍ കൂടുതല്‍ പാടില്ല. ജാഥ സംഘടിപ്പിക്കുന്നതും, ആള്‍ക്കൂട്ട പ്രചാരണവും ഒഴിവാക്കണം.
പോളിങ് സ്റ്റേഷനുകളില്‍ വെള്ളം സോപ്പ് സാനിറ്റൈസര്‍ എന്നിവ കരുതണം. പത്തില്‍ കൂടുതല്‍ ബൂത്ത് ഏജന്റുമാര്‍ ഉണ്ടാകാന്‍ പാടില്ല. പോളിങ് സ്റ്റേഷന് ദൂരപരിധിക്ക് പുറത്ത് സ്ലിപ്പ് വിതരണത്തിന് രണ്ട് പേര് മാത്രമേ പാടൊള്ളൂ. ബൂത്തിനുള്ളില്‍ ഒരേ സമയം പ്രവേശനം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം. പോളിങ് ബൂത്ത് ഉദ്യോഗസ്ഥര്‍ മാസ്ക്, ഫെയ്സ് ഷീല്‍ഡ് കയ്യുറ എന്നിവ ധരിച്ചിരിക്കണം.
കൊറോണ പോസിറ്റീവ് ആയിട്ടുള്ളവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം. വോട്ടെണ്ണല്‍ സമയത്തും ഫലപ്രഖ്യാപന വേളയിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്കും കൊറോണ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. ഇവയ്ക്കും നിയന്ത്രണം ഉള്ളതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: