ന്യൂദല്‍ഹി : അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ തീരുമാനം. മഹാരാഷ്ട്രയിലുള്ള പരമ്പര്യമായി ദാവൂദിന്
ലഭിച്ച സ്വത്തുക്കളാണ് ലേലം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ പത്തിനാണ് ലേലം. ദാവൂദിനെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി കര്ശ്ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് പാരമ്പര്യ സ്വത്തുക്കള്‍ ഉള്ളത്. സ്വത്തുക്കള്‍ മുഴുവന്‍ ലേലത്തില്‍ വയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സ്മഗ്ലേഴ്സ് ആന്റ് ഫോറിന് എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് ആക്ട് (സഫേമ) പ്രകാരമാണ് സ്വത്തുക്കള്‍ ലേലത്തിന് വയ്ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ദാവൂദിന്റെ സ്വത്തുക്കള്‍ക്ക് പുറമേ അടുത്ത അനുയായി ആയിരുന്ന ഇക്ബാല്‍ മിര്‍ച്ചിയുടെ രണ്ട് ഫ്ളാറ്റുകളും ഇതോടൊപ്പം ലേലത്തിന് വെയ്ക്കുന്നുണ്ട്. ലേലത്തിന് മുന്നോടിയായുള്ള നടപടികള്‍ നവംബര്‍ രണ്ടിന് മുന്‍പായി പൂര്‍ത്തിയാക്കും. അധികൃതരുടെ നേതൃത്വത്തിലായിരിക്കും ലേല നടപടികള്‍ നടത്തുക.
ഇതില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ നവംബര്‍ ആറിന് ഓരോ സ്വത്തിനും നല്കാന് ആഗ്രഹിക്കുന്ന തുക വ്യക്തമാക്കി കൊണ്ടുള്ള അപേക്ഷയുമായി സഫേമ ഓഫീസില്‍ എത്തണം. ഇ-, പൊതു, സീല്‍ഡ് എന്നീ മൂന്ന് വിധത്തിലുള്ള ലേലങ്ങളും അതേദിവസം നടക്കുന്നുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ഒളിച്ചോടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ലേലം ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് സഫേമ. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലാണ് ഈ നിയമം. ദാവുദിന്റെ 13 ഓളം സ്വത്തുക്കള്‍ കണ്ടുകെട്ടി ലേലം ചെയ്യാനുള്ള നടപടികള്‍ ഈ വര്‍ഷം ആദ്യം തന്നെ ആരംഭിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: