ബത്തേരി: പാലക്കാട് കഞ്ചിക്കോട്ട് മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായ റെയ്ഡ് നടത്തി. ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ തുടങ്ങിയ എക്സൈസ് റേഞ്ച് പരിധിയിലാണ് റെയ്ഡ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 325 ലിറ്റര്‍ വാഷ് പിടികൂടി.
ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി 59 കള്ളുഷാപ്പുകളിലും സംശയാസ്പദമായ ജില്ലയിലെ 64 കോളനികളിലുമായാണ് പരിശോധന നടത്തിയത്. ഇവയ്ക്കു പുറമെ 487 വാഹനങ്ങളും എക്സൈസ് പരിശോധിച്ചു. സംഭവത്തില്‍ മൂന്ന് അബ്കാരികേസുകളും 6 കോട്പ ആക്ട് പ്രകരാവും കേസെടുത്തതായി ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ജെ. താജുദ്ദീന്‍കുട്ടി പറഞ്ഞു.
പാലക്കാട് കഞ്ചിക്കോട് മദ്യദുരന്തം നടന്ന പ്രദേശത്തോട് സാമ്യമുള്ള വയനാട്ടില്‍ പ്രത്യേക നിരീക്ഷണമാണ് എക്സൈസ് വകുപ്പ് നടത്തിവരുന്നത്. കഞ്ചിക്കോട്ട് മദ്യദുരന്തമുണ്ടായ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതലാണ് ജില്ലയിലും പരിശോധനകള്‍ കര്‍ശനമാക്കിയത്. വരുദിവസങ്ങളിലും പരിശോധന തുടരും. രണ്ട് സംസ്ഥാനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയായതിനാല്‍ ഇവിടെനിന്നും വ്യാജമദ്യം ജില്ലയിലേക്കെത്താന്‍ സാധ്യത മുന്നില്‍കണ്ടാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
ജില്ലയുടെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളായ മുത്തങ്ങ, താളൂര്‍, ചോലാടി, പാട്ടവയല്‍, നമ്പ്യാര്‍കുന്ന്, പെരിക്കല്ലൂര്‍, ബാവലി, കാട്ടിക്കുളം എന്നിവടങ്ങളിലും വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: