കുന്നത്തൂര്‍: പ്രളയം തന്നെ വേണമെന്നില്ല, രണ്ട് ദിവസം മഴ പെയ്താല്‍ തന്നെ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിക്കാര്‍ക്ക് അത് ദുരിതമാണ്. പിന്നെ വീട്ടില്‍ നിന്നും കൈയില്‍ കിട്ടുന്നതെല്ലാം വാരിയെടുത്ത് അഭയാര്‍ഥികളായി ബന്ധുവീടുകളിലേക്ക് പോകേണ്ടി വരും.
തുലാവര്‍ഷമാണ് വരുന്നത്. മാനത്ത് മഴക്കാറു കണ്ടാല്‍ പടിഞ്ഞാറ്റംമുറിക്കാര്‍ക്ക് ചങ്കിടിപ്പാണ്. മഴ ശക്തമായാല്‍ പളളിക്കലാറ് കരകവിയും. വീടും കൃഷിയിടങ്ങളും തൊഴുത്തുമെല്ലാം വെള്ളത്തിലാകും. കലങ്ങിമറിഞ്ഞു വരുന്ന വെള്ളം കിണറുകളില്‍ കയറും. മോട്ടോറുകള്‍ തകരാറിലാകും. വീട്ടുമുറ്റത്ത് സംഭരിച്ച് സൂക്ഷിക്കുന്ന വൈക്കോലുകള്‍ ഉള്‍പ്പെടെ നശിക്കും. ചാണകക്കുഴികളിലും ശൗചാലയക്കുഴികളിലും വെള്ളം നിറയും. റോഡുകള്‍ വെള്ളക്കെട്ടാകുന്നതോടെ ഗതാഗതവും താറുമാറാകും.
മഴ കുറഞ്ഞ് ജലനിരപ്പ് താഴ്ന്നാലും ദുരിതം മാറില്ല. വീടും പരിസരവും നിറയെ ചെളിയാകും. ദിവസങ്ങള്‍ വേണം എല്ലാം പഴയ നിലയിലെത്താന്‍. വര്‍ഷങ്ങളായുള്ള അവസ്ഥയാണിത്. ശൂരനാട് വടക്ക് പഞ്ചായത്തിലെ 16, 17 വാര്‍ഡുകളിലെ കുടുംബങ്ങളാണ് വെള്ളം കയറി ദുരിതത്തിലാകുന്നത്. തുടര്‍ന്ന് ബന്ധുവീടുകളിലും താത്കാലികമായി ഒരുക്കിയ ക്യാമ്പുകളിലുമാണ് ദിവസങ്ങളോളം അവര്‍ കഴിച്ചുകൂട്ടുന്നത്.
ആവശ്യങ്ങള്‍ പഴങ്കഥ
ഈ വര്‍ഷവും മഴയില്‍ പള്ളിക്കലാറ് കരകവിഞ്ഞ് വീടും പരിസരവും മെല്ലാം വെള്ളക്കെട്ടായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നില്ല. പകരം ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും മാറി. മഴ ശമിച്ചതോടെയാണ് അവരെല്ലാം തിരികെ എത്തിയത്. തുടര്‍പ്രക്രിയ പോലെ ഇതെല്ലാം വര്‍ഷാവര്‍ഷം നടക്കുന്നു. എന്നാല്‍ ശാശ്വത പരിഹാരമുണ്ടാകണമെന്ന് അധികൃതര്‍ക്കും താല്പര്യമില്ല. വശങ്ങളില് സംരക്ഷണഭിത്തി കെട്ടണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
കരിങ്ങാട്ടില്‍ ക്ഷേത്രം മുതല്‍ തൊടിയൂര്‍ പാലം വരെ പള്ളിക്കലാറിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി തൊടിയൂര്‍ പാലത്തിന് സമീപം നിര്‍മിച്ച തടയണ പള്ളിക്കലാറിന്റെ നീരൊഴുക്കിന് തടസമായതോടെ വെള്ളക്കെട്ടിന് കാരണമായി. ഇതേത്തുടര്‍ന്ന് തടയണയുടെ ഒരുഭാഗം പൊളിച്ചുമാറ്റിയെങ്കിലും പൂര്‍ണമായും പൊളിച്ചാലെ ദുരിതം ഒഴികയുള്ളൂ.
പദ്ധതികള്‍ നിരവധി
പള്ളിക്കലാര്‍ സംരക്ഷിക്കുന്നതിനും വെള്ളം കവിഞ്ഞൊഴുകുന്നത് ഒഴിവാക്കാനും നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ പലതും ഫയലുകളിലൊതുങ്ങി. പള്ളിക്കലാറിന്റെ പുനരുജ്ജീവനത്തിന് 40 ലക്ഷം രൂപയുടെ പദ്ധതിയാണ് അവസാനം പ്രഖ്യാപിക്കപ്പെട്ടത്.
മഴക്കാല മുന്നൊരുക്കപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ആറിന്റെ സ്വഭാവികമായ ഒഴുക്കിന് തടസമായി പ്രളയത്തില്‍ വന്നടിഞ്ഞ മണ്‍തിട്ടകളും പടര്‍ന്നു പിടിച്ച കുറ്റിക്കാടുകളും നീക്കം ചെയ്യുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നാണ് തുക അനുവദിച്ചത്.
പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണ്ണും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. കുറച്ച് ഭാഗങ്ങളില്‍ മാത്രം ആഴം കൂട്ടുകയും കുറ്റിക്കാടുകള്‍ നീക്കം ചെയ്യുകയും ചെയ്തെങ്കിലും പൂര്‍ണമായും ഫലപ്രദമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: