കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതായി ഡോ. നജ്മ സലീം. ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതായും ചൂണ്ടിക്കാട്ടി ഡോക്ടര്‍ കളമശ്ശേരി പോലീസില്‍ പരാതി നല്‍കി.
മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയതിനെ തുര്‍ന്ന് ദേശാഭിമാനി, സിഐടിയു കളമശ്ശേരി, സുധീര്‍ കെ.എച്ച്, ഗവണ്‍മെന്റ് നേഴസസ് ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി തനിക്കെതിരെ ആരോപണങ്ങള്‍ അഴിച്ചുവിടുകയാണ്. കെഎസ്‌യു പ്രസ്ഥാനത്തിന്റെ നേതാവാണെന്ന് പറഞ്ഞാണ് അവര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും സമൂഹ മാധ്യമങ്ങളിലുടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. തന്റെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതായും. അടിയന്തിര നടപടി സ്വീകരിക്കണമെന്നും നജ്മ പോലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അതേസമയം മെഡിക്കല്‍ കോളേജിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് നജ്മ മാധ്യമങ്ങളെ അറിയിച്ചു. തനിക്ക് പൂര്‍ണ ബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞത്. ആര്‍എംഒക്കും സൂപ്രണ്ടിനും പരാതി ശബ്ദ സന്ദേശമായി അയച്ചിരുന്നു. തനിക്ക് ദുരുദ്ദേശമുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. വെളിപ്പെടുത്തലില്‍ ആശുപത്രി അധികൃതരോ അന്വേഷണ സംഘമോ ഇതുവരെ വിശദീകരണം തേടിയിട്ടില്ല. തനിക്കെതിരെ നടപടി ഉണ്ടായാല്‍ സ്വീകരിക്കും. വിഷയത്തില്‍ പ്രതികരണം രാഷ്‌ട്രീയ പ്രേരിതമല്ലെന്നും നജ്മ കൂട്ടിച്ചേര്‍ത്തു.
കൊറോണ രോഗികളെ കൈകാര്യം ചെയ്യുന്നതില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് നജ്മ വെളിപ്പെടുത്തിയത്. സി.കെ ഹാരിസിന്റെ മരണം വെന്റിലേറ്റര്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു കിടന്നിരുന്നതിനാലാണെന്നും മുമ്പ്ും പല തവണ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നും നജ്മ പറഞ്ഞിരുന്നു. ജോലി പോകുമെന്ന് ഭയമുള്ളതുകൊണ്ടാവാം പല ഡോക്ടര്‍മാരും ഈ കാര്യങ്ങള്‍ പുറത്തു പറയാതിരുന്നതെന്നായിരുന്നു നജ്മ ആരോപണം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: