തിരുവനന്തപുരം: സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്ക്കരണം നടത്തി കെഎസ്ആര്‍ടിസി ന്യൂജന്‍ ആകുന്നു. സീസണ് ടിക്കറ്റ്, പാസുകള്‍, കണ്സഷന് ടിക്കറ്റുകളെല്ലാം കാര്‍ഡ് രൂപത്തിലേക്ക് മാറ്റുന്ന പദ്ധതി നടപ്പാക്കും. കച്ചവട സ്ഥാനപങ്ങളിലൂടെ കാര്‍ഡുകള്‍ വില്‍ക്കാനുള്ള സൗകര്യവുമൊരുക്കും.
രണ്ട് വര്‍ഷത്തിനകം കാഷ്ലെസ് ടിക്കറ്റ് സംവിധാനം നടപ്പാക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന ഒരു കാര്‍ഡിന് 40 രൂപയോളം വില വരും. കാര്‍ഡില്‍ പരസ്യങ്ങള്‍ നല്കാനായാല് ഈ കാര്‍ഡുകള്‍ സൗജന്യമായോ, അല്ലെങ്കില്‍ ചെറിയ തുകയ്ക്കോ നല്‍കാനാണ് ഉദ്ദേശ്യം. പരസ്യത്തിലൂടെയാണ് വരുമാനം നേടാന്‍ ലക്ഷ്യമിടുന്നത്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കാര്‍ഡില്‍ പരസ്യം ചെയ്യാനാകും. ബാങ്കുകളുമായി ചിപ്പ് എംബഡ് ചെയ്താല്‍ കാര്‍ഡുകള്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡായോ ഉപയോഗിക്കാം. ഘട്ടംഘട്ടമായി വണ്‍ കാര്‍ഡ് വണ്‍ നേഷന്‍ എന്ന നിലയിലേക്ക് കാര്‍ഡ് ഉയര്‍ത്തും.
നവീകരണത്തിന്റെ ഭാഗമായി സമ്പൂര്‍ണ കമ്പ്യൂട്ടറൈസേഷന് തുടക്കം കുറിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 16.98 കോടി രൂപ അനുവദിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കുമായി ചേര്‍ന്ന് വൈക്കില്‍ ട്രാക്കിങ് സിസ്റ്റം നടപ്പാക്കാന്‍ കരാറിലേര്‍പ്പെട്ടു. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനൊപ്പം പേയ്മെന്റുകള്‍ നടത്തുന്നതിനും വിവിധ മൂല്യത്തിലുള്ള സേവനങ്ങള്‍ ലഭിക്കുന്നതിനുമുള്ള സ്മാര്‍ട്ട് കാര്‍ഡുകളും കെഎസ്ആര്‍ടിസി അവതരിപ്പിക്കും. യാത്രാക്കാര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള സഞ്ചാര അനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഇതിനോടൊപ്പം പുറത്തിറക്കുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ റീചാര്‍ജോ ടോപ്പ് അപ്പോ ചെയ്ത് ഇഷ്ടമുള്ള സൗകര്യം തെരഞ്ഞെടുക്കാം. ഓണ്‍ലൈന്‍, കിയോസ്ക്കുകള്‍, ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. കൂടാതെ എയര്‍ലൈന്‍ ബുക്കിങ്ങിനു സമാനമായി ഒറ്റയടിക്ക് ഒന്നിലധികം മേഖലകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: