തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന സ്ഥാപന ഉടമയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കിഴക്കുഞ്ചേരി മൂലംകോട്് പാതയില്‍ വീട്ടില്‍ മണികണ്ഠനെ (28) ആണ് മൂന്നംഗ സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ തൃശൂര്‍ ഈസ്റ്റ് പോലീസ് പിടികൂടി. ചിയ്യാരം കണ്ണംകുളങ്ങര സ്വദേശി വേലംപറമ്പില്‍ ഷെഫീക് (28), കണിമംഗലം വലിയാലുക്കല്‍ മേനോത്ത്പറമ്പില്‍ സാജുല്‍ (26), ചിയ്യാരം ആക്കാട് വീട്ടില്‍ ഡിറ്റ് ബാബു (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് എയര്‍ ഗണ്ണും പോലീസ് പിടിച്ചെടുത്തു.
കാലില്‍ വെടിയേറ്റ് മണികണ്ഠന് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച വൈകീട്ട് ഏഴിനായിരുന്നു സംഭവം. കൂര്‍ക്കഞ്ചേരി കിണര്‍ സ്റ്റോപ്പിനടുത്ത് ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന സ്ഥാപനം നടത്തുകയാണ് മണികണ്ഠന്. മുന്‍വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. വാഹനത്തിന്റെ ടയര്‍ പഞ്ചറായെന്നും ഒട്ടിക്കാന്‍ വരണമെന്നും പ്രതികള്‍ മണികണ്ഠനോട് നാലു ദിവസം മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മണികണ്ഠന് ഇത് അനുസരിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യത്താല്‍ സ്ഥലത്തെത്തിയ പ്രതികള്‍ മണികണ്ഠനെ കടയില്‍ നിന്ന് വിളിച്ചിറക്കി ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ ഒന്നാം പ്രതി ഷെഫീക്ക് ഇടുപ്പിലൊളിപ്പിച്ചു വെച്ചിരുന്ന എയര്‍ പിസ്റ്റളെടുത്ത് മണികണ്ഠന്റെ മുഖത്തടിച്ചു. ഇതിനുശേഷം വെടി വെക്കുകയും ചെയ്തു. ഒഴിഞ്ഞു മാറിയതിനാല്‍ മണികണ്ഠന് കാലിലാണ് വെടിയേറ്റത്. അല്ലെങ്കില്‍ നെഞ്ചിലോ, തലയിലോ വെടിയേല്ക്കുമായിരുന്നുവെന്ന് ഇയാള്‍ പറയുന്നു.
പിസ്റ്റള്‍ കൊണ്ടുള്ള അടിയേറ്റ് ചുണ്ടിന് മുറിവേറ്റിട്ടുണ്ട്. വെടി വെച്ചതിനു ശേഷം മണികണ്ഠനെ മര്‍ദ്ദിക്കുകയും സ്ഥാപനം കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് സംഘം സ്ഥലംവിട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണികണ്ഠനില്‍ നിന്നു മൊഴിയെടുത്ത പോലീസ് മണിക്കൂറുകള്‍ക്കകം ഗുണ്ടാ സംഘത്തെ വീടുകളില്‍ നിന്ന് പിടികൂടുകയായിരുന്നു. ജില്ലയിലെ ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനിനായി പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന് റേഞ്ചര്‍ തുടരുന്നതിനിടയിലാണ് വെടിവെപ്പ് സംഭവമുണ്ടായത്. അറസ്റ്റിലായ പ്രതികളില്‍ ഷെഫീക്ക് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും മറ്റു പ്രതികളുടെ പേരിലും കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: