കൊല്‍ക്കത്ത: രാജ്യത്ത് ഉടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കൊറോണ വൈറസ് വ്യാപനം ഉണ്ടായതിനാലാണ് ഇത്രയും വൈകിയത്. സിഎഎ പാര്‍ലമെന്റില്‍ ഇരുസഭകളിലും പാസാക്കിയ നിയമമാണ്. പൗരത്വനിയമം നടപ്പാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. എല്ലാവര്ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും നദ്ദ പറഞ്ഞു. പശ്ചിമബംഗാളിലെ സിലിഗുരിയില്‍ ബിജെപി റാലി അഭിസംബോധന ചെയ്തുകൊണ്ടാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
കൊറോണ ഇന്ത്യയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഉടന്‍ നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരുമെന്നും അദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്പര്യങ്ങള് നിറവേറ്റുന്നതിനായി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രീതിയാണ് മമത ബംഗാളില്‍ പിന്തുടരുന്നത്. ഇവിടത്തെ ഹിന്ദു സമുദായത്തെ മമത വേദനിപ്പിച്ചു. എന്നാല്‍ അധികാരക്കസേര നഷ്ടപ്പെടുമെന്ന് മനസ്സിലായതോടെ വോട്ടുബാങ്കിന് വേണ്ടി ഹിന്ദുക്കള്‍ക്ക് വേണ്ടി നില്‍ക്കുകയാണെന്നും അദേഹം പറഞ്ഞു.
പൗരത്വനിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാറാക്കാന്‍ മൂന്ന് മാസം കൂടി വേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓഗസ്റ്റ് മാസത്തില്‍ പൗര്ലമെന്ററി കാര്യ സമിതിയെ അറിയിച്ചിരുന്നു. 2019 ഡിസംബര്‍ 11നാണ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. 2020 ജനുവരി 10 മുതല്‍ സിഎഎ പ്രാബല്യത്തില്‍ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: