ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം ഹത്രാസില്‍ കലാപത്തിന് പോകുമ്പോള്‍ അറസ്റ്റിലായ അഴിമുഖം റിപ്പോര്‍ട്ടര്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണമെന്ന പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ) ആവശ്യം തള്ളി കോടതി. കെയുഡബ്ല്യുജെ സമര്‍പ്പിച്ച അപേക്ഷ മഥുര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) അഞ്ജു രജ്പുത്താണ് നിരാകരിച്ചത്. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഭേദഗതി വരുത്തുന്നതിന് സിദ്ദിഖിനെ കാണാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം.
സിദ്ദിഖിനെ കാണുന്നതിന് നേരത്തെ അഭിഭാഷകന് വില്‍സ് മാത്യൂസ് മഥുര ജയിലില്‍ പോയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. സിദ്ദിഖിന്റെ അമ്മയും ഭാര്യയും അറസ്റ്റിന്റെ കാരണങ്ങളെക്കുറിച്ച് അജ്ഞരാണെന്നും സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കെയുഡബ്ല്യുജെ മുന്‍ ഭാരവാഹികളായ പികെ മണികണ്ഠന്, പ്രശാന്ത് എം നായര്‍, ഇപ്പോഴത്തെ ഭാരവാഹി അനില്‍ വി ആനന്ദ് എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ പറഞ്ഞു.
അറസ്റ്റിന് മുമ്പ് അവരോട് സംസാരിക്കാന്‍ പോലിസ് അനുവദിച്ചില്ല. അറസ്റ്റിന് ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അമ്മ ഗുരുതരാവസ്ഥയിലാണ്. 30 മിനിറ്റ് കാണാനാണ് അനുമതി തേടിയത്. ഉമ്മയേയും ഭാര്യയേയും വാട്സ്ആപ്പ് വീഡിയോ കാള്‍ വഴി കാണാനുള്ള അനുമതിയും സിജെഎം നിരസിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനത്തിനിടെ അറസ്റ്റിലായ സിദ്ദിഖിനെ മാധ്യമ പ്രവര്‍ത്തനത്തിന്റെ മറ നല്കി രക്ഷിക്കാന്‍ കെയുഡബ്ല്യുജെ നടത്തുന്ന നീക്കം വിവാദമായിരുന്നു. ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: