കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസ്സപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കസ്റ്റംസ് ചോദ്യം ചെയ്യുന്നതില്‍ നിന്നും കേസിലെ പ്രധാന കണ്ണിയായ ശിവശങ്കറിനെ രക്ഷിച്ചെടുക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചതോടെ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്ന് ഉറപ്പായി. ഇപ്പോള്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ ആവശ്യങ്ങളും ശിവശങ്കര്‍ വഴിയാണ് നടപ്പായത്. ഡോളര്‍ കൈമാറ്റം ഉള്‍പ്പെടെ നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു കഴിഞ്ഞു.
കേന്ദ്ര ഏജന്‍സികളെ താന്‍ ക്ഷണിച്ചു വരുത്തിയതാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇപ്പോള്‍ അന്വേഷണത്തെ അട്ടിമറിക്കാനാണ് നീക്കം നടത്തുന്നത്. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെയും അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കാത്തതും സെക്രട്ടറിയേറ്റിലെ തീവെപ്പും എല്ലാം അട്ടിമറിശ്രമങ്ങളുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ലൈഫ് പദ്ധതിയിലെ തട്ടിപ്പിനെതിരായ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നിലപാടെടുത്തത് ഇതിന്റെ ഭാഗമാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. ബംഗാളില്‍ മമത ചെയ്തതു പോലെ പിണറായിയും സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര അന്വേഷണത്തെ അട്ടിമറിക്കാന്‍ നീക്കം നടത്തുകയാണ്.
എല്ലാം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സിപിഎം പറയുന്നത് അപഹാസ്യമാണ്. സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് തട്ടിപ്പിലും എന്ത് രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്ന് സിപിഎം വ്യക്തമാക്കണം. സ്വര്‍ണ്ണക്കടത്തിലെ പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവരങ്ങള്‍ പുറത്തുവന്നത് എന്ത് രാഷ്ട്രീയ ഗൂഢാലോചനയാണ് ?. പരിശോധനയില്‍ ഹൃദയത്തിനും തലച്ചോറിനും വരെ ഒരു അസുഖവുമില്ലാതിരിന്നിട്ടും ശിവശങ്കറിനെ മെഡിക്കല്‍ കോളേജില്‍ കിടത്തിച്ച് അന്വേഷണം വൈകിക്കുകയാണ്. ശിവശങ്കറിന് കോവിഡ് ആണെന്ന റിപ്പോര്‍ട്ട് വന്നാലും അത്ഭുതപ്പെടാനില്ല. ശിവശങ്കറിന്റെ ഹൃദയവും തലച്ചോറും മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: