ചെന്നൈ: ശ്രീലങ്കയുടെ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെക്കുറിച്ചുള്ള ജീവചരിത്ര സിനിമ, ‘800’ തമിഴകത്ത് വിവാദത്തില്‍. മുരളീധരനായി വിജയ് സേതുപതി വേഷമിടുന്ന ചിത്രം തമിഴ് വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപണം. സിനിമയില്‍ നിന്ന് പിന്മാറാന് പ്രമുഖരുള്‍പ്പെടെ ആവശ്യപ്പെട്ടതോടെ വിജയ് സേതുപതിയും ധര്‍മ്മസങ്കടത്തിലായി.
ക്രിക്കറ്റ് പിച്ചുകളില്‍ തന്റെ കൈക്കുഴ സ്പിന്‍ കൊണ്ട് എതിരാളികളെ അരിഞ്ഞുവീഴ്ത്തിയ മുരളീധരന് ടെസ്റ്റില്‍ 800 വിക്കറ്റ് നേടിയിരുന്നു. ഈ നേട്ടം കൈവരിച്ച ഒരേയൊരു താരമാണ് മുരളി. ഇതോര്‍മിപ്പിച്ചാണ് സിനിമയ്ക്ക് ‘800’ എന്നു പേരിട്ടത്. മൂവി ട്രെയ്ന്‍ മോഷന്‍ പിക്ചേഴ്സും ദാര്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തെക്കുറിച്ച് ഈ മാസം എട്ടിനാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
മുരളീധരന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ തമിഴ് ഗായകന് തീജയ്യെ സമീപിച്ചതോടെയാണ് വിവാദം തുടങ്ങിയത്. ‘അസുരന്’ എന്ന തമിഴ് ഹിറ്റ് ചിത്രത്തില്‍ ധനുഷിന്റെ മകനായി അഭിനയിച്ച് ശ്രദ്ധനേടിയ താരമാണ് തീജയ്. സിനിമയില്‍ അഭിനയിക്കാന്‍ തീജയ് വിസമ്മതിച്ചു. ലങ്കന്‍ ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരക്കഥയിലുണ്ടെന്നും അതിനാലാണ് പിന്മാറുന്നതെന്നും അദ്ദേഹം പരസ്യമായി പറഞ്ഞു. ഇതോടെ, തമിഴ് സിനിമാ-രാഷ്ട്രീയരംഗം ഇതേറ്റുപിടിച്ചു.
വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഭാരതീരാജയെപ്പോലുള്ള പ്രമുഖര്‍ തന്നെ രംഗത്തെത്തി. ”ജനങ്ങളില്‍ നിന്ന് നല്ലപേര് സമ്പാദിക്കാന്‍ പ്രയാസമാണ്. പക്ഷെ, താങ്കളെ ജനങ്ങള്‍ സ്നേഹിക്കുന്നു. അതിനു കാരണം താങ്കള്‍ ചെയ്ത മികച്ച കഥാപാത്രങ്ങളാണ്. കൂടുതല്‍ ദൂരം ഇനിയും യാത്ര ചെയ്യാനുണ്ട്. ജീവതകാലം മുഴുവന്‍ ചതിയനായി അറിയപ്പെടാന്‍ താങ്കളെന്തിന് മുഖം നല്‍കണം. ദയവായി ഈ സംരംഭത്തില്‍ നിന്ന് പിന്മാറൂ”, ഭാരതീരാജ കുറിച്ചു. ഗാനരചയിതാക്കളായ വൈരമുത്തു, താമര, പിഎംകെ നേതാവ് എസ്. രാംദാസ് എന്നിവരും പിന്മാറണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
ഭാരതീരാജയുടെ വാക്കുകളും സിനിമ, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള വിയോജിപ്പും വിജയ്യെ സമ്മര്‍ദത്തിലാക്കിയെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലും പുറത്തും പ്രചരിക്കുന്ന വാദങ്ങളോട് അനുകൂലിച്ചോ, പ്രതികൂലിച്ചോ താരം പ്രതികരിച്ചിട്ടില്ല. എന്നാല്‍, നടുക്കടലിലായെന്ന തരത്തില്‍ അദ്ദേഹം അടുത്ത സുഹൃത്തിനോട് പ്രതികരിച്ചതായാണ് വിവരം.
ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ മികവോടെ അവതരിപ്പിക്കാന്‍ വിജയ് സേതുപതിക്കാകുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട ദിവസം മുരളീധരന് പറഞ്ഞിരുന്നു. ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിങ് കണ്‍സള്‍ട്ടന്റാണ് മുരളീധരനിപ്പോള്‍. വിവാദങ്ങളോടും മുരളി കഴിഞ്ഞ ദിവസം പ്രതികരിച്ചു. നിരപരാധികളുടെ കൊലപാതകത്തെ താന്‍ അനുകൂലിച്ചിട്ടില്ലെന്നും ലങ്കന്‍ തമിഴനായി ജനിച്ചത് തന്റെ കുറ്റമാണോയെന്നും മുരളി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: