കേരള കോണ്‍ഗ്രസ് മാണി ഗ്രുപ്പിന്റെ മുന്നണി മാറ്റത്തിന് ദേശീയ രാഷ്ട്രീയത്തില്‍ എന്ത് പ്രാധാന്യമാണുള്ളത്? മധ്യ തിരുവിതാംകൂറിലും മലബാറിലെ ചില കുടിയേറ്റ മേഖലയിലും മാത്രം സാന്നിധ്യമുള്ള ഒരു പാര്‍ട്ടിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിലെന്ത് പ്രസക്തി എന്നത് സ്വാഭാവികമായും ഒരു ചോദ്യം തന്നെയാണ്. എന്നാല്‍ അതല്ല യാഥാര്‍ഥ്യം; ഇന്നിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് മാനങ്ങള്‍ ഏറെയുണ്ട്; അത് ഒരര്‍ഥത്തില്‍ കേരളത്തിലെ മാത്രമല്ല ദേശീയ രംഗത്തും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിയെബാധിക്കാവുന്ന വിധത്തിലേക്ക് രൂപപ്പെടുവാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. യുഡിഎഫ് തകരുന്നതിന്റെ ഫലം ദേശീയ തലത്തില്‍ തന്നെ നിഴലിക്കുമെന്നതാണ് ശ്രദ്ധിക്കേണ്ടുന്ന കാര്യം. എല്ലാം വേഗത്തിലാവണമെന്നില്ല; എന്നാലിത് അവിടേക്കുള്ള യാത്രയുടെ ആരംഭമാണ്.
ഇവിടെ ശ്രദ്ധിക്കേണ്ടത്, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കിക്കൊടുത്ത സംസ്ഥാനമാണ് കേരളം; ഇരുപത് സീറ്റില്‍ പത്തൊന്‍പതും അന്ന് കോണ്‍ഗ്രസ് സഖ്യത്തിനായിരുന്നുവല്ലോ. പല കാരണങ്ങളുണ്ടാവാം അതിന്; അതിലൊന്ന് രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനെത്തിയതുമാണ്; രാഹുലിന്റെ വരവോടെ കേരളത്തില്‍ രൂപപ്പെട്ട മതപരമായ ഒരു കെമിസ്ട്രിയാണ്. കോണ്‍ഗ്രസ് അധികാരത്തിലേറാന്‍ പോകുന്നു, രാഹുല്‍ പ്രധാനമന്ത്രി ആവും, അതുകൊണ്ട് മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഈ സഖ്യത്തിനൊപ്പം നില്‍ക്കണം……. അതായിരുന്നുവല്ലോ ഇവിടത്തെ പ്രചാരണം. കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ ഒരു പരിധിവരെ അത് വിശ്വസിച്ചു. രാഹുല്‍ ആവും പ്രധാനമന്ത്രി എന്ന് യെച്ചൂരിയെപ്പോലുള്ള സഖാക്കള്‍ ദേശീയതലത്തില്‍ പറഞ്ഞുനടന്നതും കോണ്‍ഗ്രസ് സഖ്യത്തിന് ഇവിടെ സഹായകരമായി. അതിലെല്ലാമുപരിയായി നാമൊക്കെ അറിയുന്നത് പോലെ വത്തിക്കാന്റെ അടക്കമുള്ള താല്പര്യങ്ങളുമുണ്ട്. നരേന്ദ്ര മോഡി സര്‍ക്കാര്‍, ഹിന്ദുത്വ ശക്തികള്‍ ഇനി ഒരുകാരണവശാലും അധികാരത്തില്‍ തുടര്‍ന്നുകൂടെന്ന ചിന്ത വത്തിക്കാന്‍ മാത്രമല്ല പാക്കിസ്ഥാനും ചൈനക്കും അതുപോലുള്ള ഇന്ത്യ വിരുദ്ധ ശക്തികള്‍ക്കൊക്കെ ഉണ്ടായിരുന്നല്ലോ. അവരൊക്കെ ഒന്നിച്ചുവന്ന ഏക സംസ്ഥാനം ഒരു പക്ഷെ കേരളം ആവണം. ഇവിടെ ക്രൈസ്തവ മത നേതൃത്വത്തിന്റെ ആശീര്‍വാദമുണ്ടെന്ന് അവകാശപ്പെടുന്ന കേരളാ കോണ്‍ഗ്രസിന് ഒരു പ്രധാന സ്ഥാനമുണ്ടല്ലോ.
ഇന്നിപ്പോള്‍ ആ കേരള കോണ്‍ഗ്രസ് ആണ് അഥവാ അതിലെ ഒരു പ്രധാന വിഭാഗമാണ് കോണ്‍ഗ്രസ് മുന്നണിവിട്ട് പുറത്തുപോയത്; അവരെത്തിപ്പെട്ടത് ഇടത് പാളയത്തിലുമാണ്; മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കൊപ്പം. സ്വര്‍ണ്ണക്കടത്ത്, വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി, ഖുര്‍ആന്‍ – ഈന്തപ്പഴം കടത്ത്, നേതാക്കളുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട കേസുകള്‍ തുടങ്ങി വലിയ നാണക്കേടുകളും പ്രതിസന്ധികളും തലവേദന സൃഷ്ടിച്ചവേളയില്‍ ഇടതുമുന്നണിക്ക് ഈ രാഷ്ട്രീയ ചാഞ്ചാട്ടം വലിയ നേട്ടമായി എന്നത് അംഗീകരിക്കാതിരുന്നിട്ട് കാര്യമില്ല. മാണി ഗ്രുപ്പിന് എത്രത്തോളം ശക്തി ഇടതുപക്ഷ മുന്നണിക്ക് അധികമായി നല്‍കാനാവും എന്നതിനപ്പുറം ഈ മാറ്റമുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇടതുപക്ഷത്തിന്, പ്രത്യേകിച്ചും സിപിഎമ്മിന്, പറഞ്ഞുനില്ക്കാന് അവസരമുണ്ടാക്കി കൊടുക്കുന്നു.
യുഡിഎഫിന്റെ പ്രശ്നം നിലനില്‍പ്പ് തന്നെ
2016- ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മാണി ഗ്രുപ്പ് യുഡിഎഫിനോട് വിടപറഞ്ഞതാണ്. കെഎം മാണി നേരിട്ടിരുന്ന കോഴക്കേസും മറ്റുമാണ് അത്തരമൊരു നിലപാടെടുക്കാന്‍ നിര്‍ബന്ധിതമാക്കിയത് എന്നത് എല്ലാവര്‍ക്കുമറിയാം. ചരല്‍ക്കുന്ന് അതിനൊക്കെ സാക്ഷിയുമാണ്. പക്ഷെ, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പായി മാണിയെ തിരികെ മുന്നണിയിലെത്തിക്കാന്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമായി. ഇക്കാര്യത്തില്‍ പികെ കുഞ്ഞാലിക്കുട്ടിവഹിച്ച പങ്ക് പ്രധാനമാണ്. എന്നാല്‍ അന്ന് വലിയൊരു വിട്ടുവീഴ്ച, ത്യാഗം കോണ്‍ഗ്രസ് ചെയ്യുകയും ചെയ്തു; ലോകസഭയില്‍ അംഗമായിരുന്ന മാണിയുടെ പുത്രന് രാജ്യസഭാ സീറ്റ് കൈമാറിക്കൊണ്ടായിരുന്നു ആ ഒത്തുതീര്‍പ്പ്. പിജെ കുര്യന് ഒഴിഞ്ഞ സീറ്റാണ് അന്ന് കോണ്‍ഗ്രസ് വിട്ടുകൊടുത്തത്. അതിലൊരു രാഷ്ട്രീയം വേറെയുമുണ്ട്; ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയം. കുര്യനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ കെഎം മാണിയെ ഉമ്മന്‍ചാണ്ടി ഉപയോഗിച്ചു. പിന്നീട് 2019- ല്‍ കോട്ടയം മണ്ഡലവും കേരള കോണ്‍ഗ്രസിന് നല്കി. മാണിയുടെ മരണാന്തരം ആ പാര്‍ട്ടി രണ്ടായതും പാലാ ഉപതിരഞ്ഞെടുപ്പില്‍ തോറ്റതുമൊക്കെ ചരിത്രം. അവിടെനിന്നാണ് മാണിയുടെ പുത്രന് തന്റെ കീഴിലുള്ള പാര്‍ട്ടിയെ എകെജി സെന്ററില്‍ കൊണ്ടുപോയി തളച്ചത്.
മാണി ഗ്രുപ്പ്, നേരത്തെ പറഞ്ഞത് പോലെ, തികച്ചുമൊരു പ്രാദേശിക സാന്നിധ്യമുള്ള ഒരു കക്ഷിയാണ്. പക്ഷെ അതിന്റെ വിടചൊല്ലല്‍ കോണ്‍ഗ്രസ് സഖ്യത്തിനുണ്ടാക്കുന്ന ആഘാതം ചെറുതല്ല. 38 വര്‍ഷത്തിന് ശേഷം അവര്‍ വഴിപിരിയുമ്പോള്‍ അത് ഏറ്റവുമധികം ബാധിക്കുക കോണ്‍ഗ്രസിനെത്തന്നെയാണ്. മാണി ഗ്രുപ്പ് ഇല്ലാത്ത യുഡിഎഫിന് എത്രസീറ്റില്‍ വിജയിക്കാനാവുമെന്നതൊക്കെ കണ്ടറിയണം, പ്രത്യേകിച്ചും മധ്യ തിരുവിതാംകൂര്‍ മേഖലയില്‍. ഇക്കാര്യത്തിലൊരു രാഷ്ട്രീയ പഠനം നടക്കേണ്ടതുണ്ട്; ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പായി സന്ധിചെയ്യാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായത് ആ പാര്‍ട്ടിക്ക് കുറെ പ്രസക്തിയുണ്ട് എന്നതുകൊണ്ടാണല്ലോ. കെഎം മാണി അല്ല ജോസ് കെ മാണി എന്നൊക്കെ പറയുന്നവരെ കാണുന്നില്ല എന്നല്ല; എന്നാല്‍ ആ ചെറു പാര്‍ട്ടിക്ക് ഈയൊരു കരുനീക്കങ്ങളിലൂടെ യുഡിഎഫിന്റെ വിശ്വാസ്യതയും അതിലെ കക്ഷികളുടെയും പ്രവര്‍ത്തകരുടെയും ആത്മവിശ്വാസവും കുറെയൊക്കെ തകര്ക്കാനാവുന്നുണ്ട്. 2016- ല്‍ മാണി മാറി നില്‍ക്കുകയാണ് ചെയ്തത്; ഇപ്പോള്‍ അവര്‍ ചെന്നത് ഇടതുപക്ഷതാണ് എന്നത് മറന്നുകൂടാ.
ഇനിയിപ്പോള്‍ എന്താണ് യുഡിഎഫിന്റെ അവസ്ഥ? കണക്കനുസരിച്ച് ഈ മുന്നണിയില്‍ പാര്‍ട്ടികള്‍ കുറെയുണ്ടാവാം; കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, പിജെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസ്, ആര്‍എസ്പി, സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് ഒക്കെയും. എന്നാല്‍ ആളുള്ള പാര്‍ട്ടികള്‍ ഏതാണ്; അത് കോണ്‍ഗ്രസും ലീഗും മാത്രമല്ലെ. ജോസഫിന്റെ പാര്‍ട്ടി അക്ഷരാര്‍ഥത്തില്‍ ഇടുക്കിയിലെ രണ്ടോ മൂന്നോ മണ്ഡലങ്ങളില്‍ ഒതുങ്ങുന്നു; ആര്‍എസ്പി കൊല്ലത്തെ രണ്ടോ മൂന്നോ മണ്ഡലങ്ങളിലും. അതായത് ഇന്നിപ്പോള്‍ യുഡിഎഫ് എന്നത് വെറും മുസ്ലിം ലീഗ് – കോണ്‍ഗ്രസ് സഖ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു; ഐക്യജനാധിപത്യ മുന്നണി എന്നതൊക്കെ വെറും ഭംഗിവാക്കായി മാറുന്നു. ഈ സംവിധാനം തല്ക്കാലം ഇങ്ങനെയൊക്കെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ പോകുമായിരിക്കും. പക്ഷെ, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടായാല്‍, അത് ഈ മുന്നണിയുടെ നിലനില്‍പ്പിനെ കാര്യമായി തന്നെ ബാധിക്കും.
മുസ്ലിം ലീഗിന് കുറച്ചൊക്കെ ആത്മവിശ്വാസമുണ്ടാവും; തങ്ങളുടെ കോട്ടകള്‍ എന്ന് അവര്‍ വിശ്വസിക്കുന്ന കേന്ദ്രങ്ങളില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രത്യാശ. അതിനായി അവര്‍ പോപ്പുലര്‍ ഫ്രെണ്ടിനെയും ജമാ അത്തെ ഇസ്ലാമിയെയോ ജിഹാദി ഗ്രുപ്പുകളെയോ ഒക്കെ കൂട്ടും പിടിച്ചേക്കും. പക്ഷെ ഈ ലീഗ് കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് വലിയ പ്രസക്തി ഇല്ല എന്നതോര്‍ക്കുക. അതേസമയം ലീഗിന്റെ പിന്തുണയില്ലാതെ ആ ജില്ലകളില്‍ കോണ്‍ഗ്രസിന് വലിയ വിജയം പ്രതീക്ഷിക്കാനാവുകയുമില്ല. പറഞ്ഞുവന്നത്, മുസ്ലിം ലീഗിന് തിരികെ വലിയ സഹായം നല്കാനാവാത്ത ഒരുമുന്നണിയായി യുഡിഎഫ് മാറുന്ന കാഴ്ചയാവും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നാം കാണാന്‍ പോകുന്നത് എന്നതാണ്. തങ്ങളുടെ മാത്രം കരുത്തില്‍ വിജയിക്കുന്ന പാര്‍ട്ടി എന്നതാണ് സ്ഥിതിയെങ്കില്‍ പിന്നെ മുന്നണിക്കൊണ്ട് എന്ത് നേട്ടം?
സ്വാഭാവികമായും മുസ്ലിം ലീഗ് ഈ തിരഞ്ഞെടുപ്പിന് ശേഷം ഒരു വിലയിരുത്തല്‍ നടത്താതിരിക്കുമോ? കോണ്‍ഗ്രസ്- മാണി-ലീഗ് എന്നിവരെ ചുറ്റിപ്പറ്റിയായിരുന്നു ദശാബ്ദങ്ങളായി യുഡിഎഫ് -ന്റെ നിലനില്‍പ്പ് എന്നതുമോര്‍ക്കേണ്ടതുണ്ട്. ആ അവസ്ഥയാണ് ഇപ്പോള്‍ തകര്‍ന്നത്. അത് വെറുമൊരു ചെറിയ പ്രശ്നമെന്നൊക്കെ കോണ്‍ഗ്രസുകാര്‍ പറയുമെങ്കിലും ആ തകര്‍ച്ച വലിയ ആഘാതമായി മാറുകതന്നെ ചെയ്യും.
ഒരു പക്ഷെ, ലീഗ് ചില വിട്ടുവീഴ്ചകള്‍ക്ക് തല്‍ക്കാലത്തേക്ക് തയ്യാറായേക്കും. കേരളത്തില്‍ യുഡിഎഫിന്റെ നേതൃത്വം അവര്‍ കോണ്‍ഗ്രസില്‍ നിന്ന് ചോദിച്ചുവാങ്ങിയേക്കാം. കര്‍ണാടകത്തില്‍ ഭരണമുണ്ടാക്കാനായി കുമാരസ്വാമിയെ അധികാരത്തിലേറ്റിയ ചരിത്രമുണ്ടല്ലോ; ജാര്‍ഖണ്ഡില്‍ ജെ എം എമ്മിന് മുഖ്യമന്ത്രി പദം കൈമാറാനും കോണ്‍ഗ്രസിന് വിഷമമുണ്ടായില്ല. അത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് ഇവിടെയും, സ്വതവേ ദുര്‍ബലമായ, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേരളത്തിലും സമ്മതിച്ചുകൂടായ്കയില്ല. പക്ഷെ, ലീഗിന്റെ നേതൃത്വമുണ്ടെന്ന് കരുതി യുഡിഎഫിന് അധികാരത്തിലേറാനാവുമോ എന്നതൊക്കെ രണ്ടാമത്തെ ചോദ്യമാണ്.
പഴയകാലത്ത് ഡല്‍ഹിയില്‍, കേന്ദ്രത്തില്‍, കോണ്‍ഗ്രസിന് ഒരു ആധിപത്യമുണ്ടായിരുന്നു; അധികാരം, പണം അടക്കം പല സഹായവും അക്കാലത്തു അവര്‍ ഘടക കക്ഷികള്‍ക്ക് കൊടുക്കാറുമുണ്ട്. എന്നാലിന്നോ; യാതൊന്നുമില്ല എന്നതല്ലേ അവസ്ഥ. തമിഴ്നാട്ടില്‍ ഡിഎംകെയുടെ പണം പറ്റിക്കൊണ്ട് ഇവരൊക്കെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് നാം കണ്ടതാണല്ലോ. ദേശീയ രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാത്തവരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറിക്കഴിഞ്ഞു; ഒരു പാര്‍ട്ടി എന്ന നിലക്കുള്ള കോണ്‍ഗ്രസിന്റെ അവസ്ഥയും സമാനമാണ്. പികെ കുഞ്ഞാലിക്കുട്ടിയെ പോലുള്ളവര്‍ അതൊക്കെ ഡല്‍ഹിയില്‍ നേരില്‍ കാണുന്നുമുണ്ടല്ലോ. എന്തിന് ഇക്കൂട്ടരെ രക്ഷിച്ചുകൊണ്ട് നടക്കണം എന്നവര്‍ ചിന്തിച്ചാല്‍ അതിശയിക്കാനുണ്ടോ? തിരികെ ഒന്നും നല്കാനാവാത്തവരെ ലീഗ് ഏറെനാള്‍ പിന്താങ്ങിക്കൊണ്ട് നടക്കും എന്ന് കരുതാന്‍ കഴിയുമോ? അത്ര വിഢികളല്ല മുസ്ലിം ലീഗുകാര്‍. അതായത്, കോണ്‍ഗ്രസിനെ മുസ്ലിം ലീഗ് കൈവിടുന്ന നാളുകള്‍ ഏറെ അകലെയാവില്ല എന്ന് പ്രവചിക്കാന്‍ ഇപ്പോള്‍ ആരെങ്കിലും തയ്യാറായാല്‍ അതിശയിക്കാനില്ല. അധികാരമില്ലാത്ത, പണമില്ലാത്ത ഒരു പാര്‍ട്ടിക്കൊപ്പം കോണ്‍ഗ്രസുകാര്‍ എത്രനാള്‍ നിലകൊള്ളുമെന്നതും ഓര്‍ക്കേണ്ടതുണ്ട്. രാഹുല്‍ ഗാന്ധിക്ക് ലോകസഭ കാണാന്‍ ഇനി എന്ത് മാര്‍ഗമെന്ന വലിയ പ്രതിസന്ധി കൂടി കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന നാളുകള്‍ അകലെയല്ലതാനും.
ഇന്നിപ്പോള്‍ നോക്കുമ്പോള്‍ രാജ്യത്ത് കോണ്‍ഗ്രസിന് സുരക്ഷിതം എന്ന് പറയാവുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതാണ് ഒരു പൊതു വിലയിരുത്തല്‍. 1977- ലും മറ്റും വടക്കേയിന്ത്യ മുഴുവന്‍ ജനത പാര്‍ട്ടി കയ്യടക്കിയപ്പോഴും ഇന്ദിരക്കൊപ്പം കൂടെനിന്നവരാണ് മലയാളികള്‍; അവിടെയാണ് ഈ പ്രതിസന്ധി. കേരളത്തില്‍ കൂടി കോണ്‍ഗ്രസ് തകര്‍ന്നാല്‍? അതെ, അതിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതില്‍ ഒരു ചെറുകക്ഷിയായ മാണി ഗ്രുപ്പിന് ഒരു സ്ഥാനമുണ്ട് എന്നത് പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: