സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ നിര്‍ത്തലാക്കാനുള്ള അസമിലെ ബിജെപി സര്‍ക്കാരിന്റെ തീരുമാനം ഏറ്റവും ശരിയായ ദിശയിലുള്ള ഒന്നാണ്. ഇതിനുള്ള വിജ്ഞാപനം അടുത്ത നവംബര്‍ മാസം പുറത്തിറങ്ങുന്നതോടെ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ ഒന്നുകില്‍ സാധാരണ സ്കൂളുകളാക്കുകയോ അല്ലെങ്കില്‍ അടച്ചുപൂട്ടുകയോ ചെയ്യേണ്ടിവരും. മദ്രസകളില്‍ പ്രവര്‍ത്തിച്ചിരുന്ന അധ്യാപകരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റും. മതപരമായ അവകാശങ്ങളുടെ കാര്യത്തില്‍ വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ വിവേചനങ്ങള്‍ പാടില്ലെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു ശക്തമായ തീരുമാനം കൈക്കോണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മതപഠനത്തിന് സര്‍ക്കാര്‍ സഹായം അനുവദിച്ചാല്‍ ഇപ്പോള്‍ ആ ആനുകൂല്യം ലഭിക്കാത്തവരും നാളെ അത് വേണമെന്ന് ആവശ്യപ്പെടും. സര്‍ക്കാര്‍ ചെലവില്‍ ഖുറാന് പഠിപ്പിക്കുകയാണെങ്കില്‍ ബൈബിളും ഭഗവദ്ഗീതയുമൊക്കെ പഠിപ്പിക്കണമെന്ന ആവശ്യമുയരും. തുല്യനീതിയുടെ അടിസ്ഥാനത്തില്‍ ഇത് നിഷേധിക്കാനാവില്ല. ഈ സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ചെലവില്‍ മദ്രസകള്‍ വേണ്ടെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ‘എല്ലാവര്ക്കും നീതി, ആരോടും പ്രീണനമില്ല’ എന്ന ബിജെപിയുടെ നയമാണ് ഇവിടെ പ്രാവര്‍ത്തികമാകുന്നത്.
മതനിരപേക്ഷത ഹിന്ദുവിരുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള കപടമതേതരവാദികള് അസം സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിച്ചുകൊള്ളണമെന്നില്ല. മദ്രസകളില്‍ നടക്കുന്ന മതപഠനത്തിനെതിരെ ഇസ്ലാമിക സമൂഹത്തിനകത്തു നിന്നും പുറത്തുനിന്നും നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. ബുദ്ധിയുറയ്ക്കാത്ത പ്രായത്തിലുള്ള കുട്ടികളില്‍ മതപരമായ സങ്കുചിതത്വം കുത്തിവയ്ക്കുക വഴി അവരില്‍ സ്വാഭാവികമായ മാനസിക വികാസം സംഭവിക്കാതിരിക്കുകയും, ശാസ്ത്രബോധവും ശരിയായ സാമൂഹ്യ വീക്ഷണവും രൂപപ്പെടുന്നതില്‍ വിഘാതം സൃഷ്ടിക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ വിചക്ഷണന്മാര് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉടുപ്പിലും നടപ്പിലും ചിന്താഗതിയിലുമൊക്കെ തങ്ങള്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരാണെന്ന തോന്നലുണ്ടാവുന്നത് വളര്‍ന്നുവരുന്ന തലമുറയുടെ പൗരബോധത്തെപ്പോലും വികലമാക്കും. സാമൂഹ്യ മുഖ്യധാരയുമായി ഒത്തുപോകാനുള്ള അവസരം ഇല്ലാതാക്കും. അറബിയും ഖുറാനും മാത്രം പഠിപ്പിക്കുന്ന മദ്രസകളില്‍ ഇംഗ്ലീഷും ശാസ്ത്രവിഷയങ്ങളും പഠിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായമുണ്ട്. പക്ഷേ ബഹുഭൂരിപക്ഷം മദ്രസകളിലും മതമല്ലാതെ മറ്റൊന്നും പഠിപ്പിക്കുന്നില്ല. ഇതര വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനു ലഭിക്കുന്ന പണം വകമാറ്റി ചെലവഴിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.
മദ്രസകള്‍ മതമൗലികവാദം വളര്‍ത്തുകയാണെന്ന വിമര്‍ശനത്തിനു നേരെ കണ്ണടയ്ക്കാനാവില്ല. ശരിയായ അര്‍ത്ഥത്തില്‍ മതപഠനം പോലുമല്ല മദ്രസകളില്‍ നടക്കുന്നത്. ഇസ്ലാം മാത്രമാണ് ലോകത്ത് സത്യമതമായിട്ടുള്ളതെന്നും, നബി പ്രവാചകന് മാത്രമാണ് ആരാധ്യനായിട്ടുള്ളതെന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് മറ്റ് മതങ്ങള്‍ മനസ്സിലാക്കാനുള്ള അവസരം തന്നെ നിഷേധിക്കുന്നു. ഇതര മതസ്ഥരോട് അസഹിഷ്ണുത പുലര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരാവും. ഇസ്ലാമിക മതമൗലികവാദികളായിത്തീരുന്നവര് തീവ്രവാദികളും ഭീകരവാദികളുമാവാനുള്ള സാധ്യത വളരെയധികമാണ്. ഇക്കാരണംകൊണ്ടുതന്നെ ഇസ്ലാമിക ഭീകരവാദ ഭീഷണി നേരിടുന്ന പല യൂറോപ്യന്‍ നാടുകളും മതസ്വാതന്ത്ര്യത്തിനുപോലും കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. പാക്കിസ്ഥാന് ഭീകരവാദത്തിന്റെ വിളനിലമായി മാറാനുള്ള കാരണങ്ങളിലൊന്ന് അവിടുത്തെ മദ്രസകളാണെന്ന് പല പഠനങ്ങളിലൂടെയും വെളിപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരിലും ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടായിരുന്നു. മദ്രസകളിലെ പഠനം തന്നെ സങ്കുചിതമാണെന്നിരിക്കെ അതിന് സര്‍ക്കാര്‍ സഹായവും ലഭിക്കുന്നത് ഒട്ടും ആശാസ്യമല്ല. ഇവിടെയാണ് സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ അടച്ചുപൂട്ടാനുള്ള അസം സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: