തിരുവനന്തപുരം: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറുവയസ് പൂര്‍ത്തിയായിട്ടില്ലെന്നും സിപിഎം ചരിത്രത്തെ വളച്ചൊടിക്കരുതെന്നും സിപിഐ. ‘സിപിഐയുടേത് കമ്മ്യൂണിസ്റ്റ് സമീപനമല്ല” എന്ന് ഒക്ടോബര്‍ 16 ലെ കേരള കൗമുദി പത്രത്തില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് സിപിഐ(എം) പോളിറ്റ് ബ്യൂറോ മെമ്പര്‍ എസ് രാമചന്ദ്രന് പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നതായി കണ്ടു. 1920 ല്‍ താഷ്കന്റില്‍ രൂപീകരിച്ചതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്നതാണ് അദ്ദേഹം അവകാശപ്പെടുന്നത്. 1964 ല്‍ രൂപീകൃതമായ സിപിഐ(എം) അന്നുമുതല്‍ പ്രചരിപ്പിക്കുന്നതും ഈ നിലപാടാണ്. 1920 ല്‍ താഷ്കന്റില്‍ ചേര്‍ന്ന ഇന്ത്യാക്കാരായ കമ്മ്യൂണിസ്റ്റുകാരുടെ തുടര്‍ച്ചയാണ് 1964 ല്‍ രൂപീകരിക്കപ്പെട്ട സിപിഐ(എം) എന്നു പറയുന്നതിന് അവര്‍ക്കവകാശമുണ്ട്.
എന്നാല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്ന പേരില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുന്നത് 1925 ഡിസംബര്‍ 25 മുതല്‍ 28 വരെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന സമ്മേളനത്തില്‍ വച്ചാണ്. അതില്‍ ”കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ” എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചുകൊണ്ടുള്ള പ്രമേയം പാസ്സാക്കുന്നത് ഡിസംബര്‍ 26 നായതുകൊണ്ടാണ് 1925 ഡിസംബര്‍ 26 സിപിഐ യുടെ സ്ഥാപക ദിനമായി കണക്കാക്കുന്നത്.
1920 ഒക്ടോബര്‍ 17ന് താഷ്കന്റില്‍ എം എന്‍ റോയി, ഇവലീന് ട്രന്റ് റോയി, അബനീ മുഖര്‍ജി, റോസാ ഫിറ്റിന്‍ഗോവ്, മുഹമ്മദ് അലി, മുഹമ്മദ് ഷഫീക്കി സിദ്ദിഖി, ആചാര്യ എന്നീ ഏഴു പേര് ചേര്‍ന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്ന പേരില്‍ ഒരു പാര്‍ട്ടി ടര്‍ക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിക്കുകയും കോമിന്റേണിന്റെ ടര്‍ക്കിസ്ഥാന്‍ ബ്യൂറോയുടെ രാഷ്ട്രീയ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ”ഫോറിന് കമ്മ്യൂണിസ്റ്റ്സ് ഇന്‍ ടര്‍ക്കിസ്ഥാന്‍” എന്ന ഡോക്യുമെന്റില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇത് ചരിത്രത്തിന്റെ ഭാഗമാണ്. അതിനെ കോമിന്റേണും (കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍) ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പായി മാത്രമെ കണക്കാക്കിയിട്ടുള്ളു. ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായ ഇന്ത്യാക്കാര്‍ ഇത്തരം ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. താഷ്കന്റില്‍ എം എന്‍ റോയിയുടെ നേതൃത്വത്തില്‍ താഷ്കന്റ് ലെനിന് മിലിട്ടറി സ്ക്കൂളും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കു വേണ്ടി ആരംഭിച്ചിരുന്നു. ജര്‍മ്മനിയിലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്കാരുടെ ഗ്രൂപ്പിനെ ”ബെര്‍ലിന്‍ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പെന്നും യുഎസ്എയിലെയും കാനഡയിലെയും സിക്ക്കാരായ ഇന്ത്യാക്കാര്‍ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിനെ ഗദ്ദര്‍ പാര്‍ട്ടി എന്നുമാണ് അറിയപ്പെട്ടിരുന്നതെന്ന് സിപിഐ നേതാവ് അഡ്വ. കെ. പ്രകാശ് ബാബു പറയുന്നു.
ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ബോംബെയിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പ്, ബംഗാളിലെ അനുശീലന്‍ സമിതി, ലക്നൗ ഗ്രൂപ്പ്, ബനാറസ് ഗ്രൂപ്പ്, മദ്രാസിലെ ശിങ്കാരവേലു ചെട്ടിയാര്‍ നേതൃത്വം നല്കിയ മദ്രാസ് ലേബര്‍ – കിസാന്‍ പാര്‍ട്ടി, ബംഗാളിലെ നൗ ജവാന് ഗ്രൂപ്പ് തുടങ്ങിയ കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകളെ ഒരുമിപ്പിച്ചുകൊണ്ട് 1925 ഡിസംബര്‍ 26 ന് ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ’ രൂപീകരിക്കപ്പെട്ടു. ചരിത്രം സത്യമാണ്. അത് വ്യാഖ്യാനിച്ചു മാറ്റാന്‍ കഴിയില്ലന്നും സിപിഐ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: