കൊച്ചി: യുഎഇ കോണ്‍സുലേറ്റ് സംസ്ഥാന സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തുന്നത് താന്‍ വഴിയായിരുന്നെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ നല്കിയ മൊഴിയിലാണ് ശിവശങ്കരന് ഇക്കാര്യം വ്യക്തമാക്കിയത്.
2016 മുതല്‍ യുഎഇ കോണ്‍സുലേറ്റ് താന്‍ വഴിയാണ് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുള്ളത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിടുവിച്ച് കിട്ടുന്നതിനായി സ്വപ്ന സുരേഷ് പല തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സഹായവും താന്‍ ചെയ്ത് നല്‍കിയില്ലെന്നും ശിവശങ്കര്‍ അന്വേഷണ സംഘത്തെ അറിയിച്ചു.
സൗന്ദര്യ വര്‍ധക വസ്തുക്കള്‍ അടക്കം ഡിപ്ലോമാറ്റിക് ബാഗേജ് വഴി കൊണ്ടുവരാറുള്ളതായി സ്വപ്ന പറഞ്ഞിട്ടുണ്ട്. ഇങ്ങനെ കൊണ്ടുവരുന്നവ ബിമാപള്ളിയില്‍ വില്‍ക്കുകയാണ് പതിവ്. ‘കോണ്‍സുല്‍ ഈസ് ഈറ്റിങ് മാംഗോസ്’ എന്ന കോഡ് ഭാഷയാണ് ഇതിനായി സ്വപ്ന ഉപയോഗിച്ചിരുന്നത്. ബേഗേജ് വഴി സ്വര്‍ണം കടത്തിയിരുന്നത് ഒരിക്കല്‍ പോലും അറിയിച്ചിട്ടില്ല.
യുഎഇ കോണ്‍സുലേറ്റ് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുന്നതിന് തന്റെ സഹായങ്ങള്‍ തേടിയിട്ടുണ്ട്. സ്വപ്ന സുരേഷ് മൊഴിയില്‍ പറയുന്നത് പോലെ 2017 ക്ലിഫ് ഹൗസില്‍ സ്വപ്നയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടതിനെക്കുറിച്ച് ഓര്‍മയില്ലെന്നും ശിവശങ്കര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും പലതവണ കണ്ടതായി സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ശിവശങ്കര്‍ ഇതിനോടെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സ്വപ്നക്കൊപ്പം മൂന്ന് തവണ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് അറിയിച്ചു. റീബില്‍ഡ് കേരളയുടെ ചുമതലയും ശിവശങ്കറിന് സര്‍ക്കാര്‍ നല്‍കിയിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റുമായി ഒരു തവണ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ടെന്നും എം. ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: