ഫ്രത്തല്ലി തൂത്തി (ഏവരും സോദരര്‍)- എന്ന തലക്കെട്ടോടുകൂടിഫ്രാന്സിസ് മാര്‍പാപ്പ ഏതാണ്ട് എട്ട് അദ്ധ്യായങ്ങളിലായി 45000 വാക്കുകളോടുകൂടി, തന്റെ പുതിയ ചാക്രികലേഖനം ഈ മാസം 3ന് വത്തിക്കാനില്‍ പ്രസിദ്ധീകരിച്ചു. സാര്‍വ്വദേശീയ സാഹോദര്യം, മുതലാളിത്തത്തോടു പാലിക്കേണ്ട അകലം, കമ്പോള മുതലാളിത്തത്തിന്റെ, പരാജയപ്പെട്ട മാന്ത്രിക ആശയങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍, മഹാമാരിയെ, മനുഷ്യകുലം ഒത്തുചേര്‍ന്ന് പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത, അങ്ങനെ. സ്വാഭാവികമായും, സഭയുടെ പരമാധികാരി പറയേണ്ട കാര്യങ്ങള്‍തന്നെ പുതിയ ഇടയലേഖനത്തിലും പാപ്പ പറഞ്ഞിരിക്കുന്നു.
എല്ലാ പാപ്പമാരും അതത്കാലങ്ങളിലെ സാമൂഹികവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ അപഗ്രഥിച്ച്, ചാക്രികലേഖനത്തിലൂടെ പ്രതിപാദിക്കാറുണ്ട്. സഭാ അനുയായികള്‍ക്ക് അവ വേദവാക്യമാണ്.
പക്ഷെ, ഇവിടെ,ഞെട്ടിച്ചുകളഞ്ഞത്…
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ നേതാവ് സഖാവ് ബിനോയ് വിശ്വത്തിന്റെ, ആശ്ചര്യപ്രകടനമാണ്.
ഈ ഇടയ കത്ത് കണ്ട്, ”ഫ്രാന്‍സിസ് മാര്‍പാപ്പാ… ഞാന്‍ അങ്ങയെ സ്നേഹിച്ച് പോകുന്നു…’ എന്ന് വിതുമ്പി, വികാരവിക്ഷോഭത്താല്‍ വിജ്രംഭിതനാകുകയാണ്. (മാതൃഭൂമി ഒക്ടോബര്‍ 10, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു). ബിനോയ് വിശ്വം.
അല്പത്തരത്തിന്ഒരതിരുവേണ്ടേ!
കത്തോലിക്ക സഭയുമായി ഒരു സഹകരണ സഹവര്‍ത്തിത്വമാണ് ലക്ഷ്യമെങ്കില്‍, ഇത്രയും പ്രകടനപരത വേണ്ടിയിരുന്നില്ല.
കത്തോലിക്ക സഭയും, കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള, ഭൂതകാല ബന്ധങ്ങള്‍ നമ്മളോടു സംവദിക്കുന്നത് ശുഭകരമായ സൂചനകളിലല്ലല്ലോ.
ഭൂതകാലം മറക്കുകയെന്നത്, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങളുടെ ദൗര്‍ബല്യമാണ് വെളിപ്പെടുത്തുന്നത്.
മാര്‍ക്സും, ക്രിസ്തുവും യഹൂദരായിരുന്നു..
സമത്വ സുന്ദരമായ ഒരു ലോകം സ്വപ്നം കണ്ട മനുഷ്യ സ്നേഹികള്‍…
തര്‍ക്കമില്ല..
രണ്ടു പേര്‍ക്കും അനുയായികളുടെ വൃന്ദവും, പ്രസ്ഥാനവും ഉണ്ടായി.. അതില്‍ സമാനതകളേറെയാണ്..
കമ്യൂണിസത്തിനും കത്തോലിക്ക സഭക്കും രണ്ടും കേന്ദ്രീകൃത ജനാധിപത്യശൈലി പിന്തുടരുന്നവര്. പക്ഷെ പരസ്പരമുള്ള അന്തര്‍ധാര സംഘര്‍ഷഭരിതമായിരുന്നു. കമ്യൂണിസ്റ്റ് പാര്ട്ടിആവിര്ഭവിച്ചകാലത്ത്, യൂറോപ്പിനെ ഒരു ഭൂതം ആവേശിച്ചിരിക്കുന്നുവെന്നാണ് സാമ്രാജ്യത്വത്തോടൊപ്പം കത്തോലിക്ക സഭയും അഭിപ്രായപ്പെട്ടത്.
പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ തന്നെ സഭ കമ്യൂണിസത്തിനെതിരായിരുന്നു. പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ തന്റെ ചാക്രിക ലേഖനത്തില്‍ കമ്യൂണിസത്തോടെ അടുക്കുന്ന വിശ്വാസികള്‍ നേരിടേണ്ടിവരുന്ന അപകടങ്ങളെ പറ്റി സൂചിപ്പിക്കുന്നുണ്ട്.
സഭയും, പാര്‍ട്ടിയുമായുള്ള പോരാട്ടങ്ങള്‍ ഒരിക്കലും ഒരുകാലത്തും അവസാനിച്ചിരുന്നില്ല. 2015-ല്‍ ക്യൂബയലേക്ക് യാത്ര തിരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മെക്സിക്കോയില്‍ വെച്ച്, മാര്‍ക്സിയന്‍ ദര്‍ശനങ്ങള്‍ക്ക് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോടു പ്രതികരിക്കുവാനുള്ള ശേഷിയില്ല എന്ന് തുറന്നു പറഞ്ഞിരുന്നു.
കമ്യൂണിസ്റ്റ് ക്യൂബയും, കമ്പോള മുതലാളിത്ത അമേരിക്കയും തമ്മില്‍ നയതന്ത്രബാന്ധവം ഒരുക്കിയതും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്മ്മികത്വത്തിലായിരുന്നുവെന്നത് ചാക്രിക ലേഖനങ്ങളില്‍ അഭിരമിച്ചുപോയ സഖാക്കള്‍ ഓര്‍ക്കുന്നുണ്ടാവും.
1951 മുതല്‍ വത്തിക്കാനുമായുള്ള നയതന്ത്രം വിച്ഛേദിച്ച് ചൈനീസ് കാത്തലിക് പാട്രിയോട്രിക് അസോസിയേഷന് രൂപീകരിച്ച ചൈനക്കെതിരെയും, ചൈനയില്‍ പീഡനം അനുഭവിക്കുന്ന സഭാവിശ്വാസികള്ക്കുവേണ്ടിയും, ഈ കഴിഞ്ഞ മാര്‍ച്ചിലും, ഇതേ മാര്പാപ്പയാണ്പ്രതിഷേധവും, പ്രാര്‍ത്ഥനയും ഒരേ സമയം നടത്തിയത്.
കര്‍ദ്ദിനാള്‍ ട്രോഷാനിയ സിമോണിയ, ഈ പേര് ലോക സഭ വിശ്വാസികള്‍ക്കറിയാം… സഖാക്കള്‍ അറിയണമെന്നില്ല..
”മാര്‍പാപ്പയെ കരയിച്ച വൈദികന്” എന്നറിയപ്പെടുന്ന കര്‍ദ്ദിനാള്‍ അല്‍ബേനിയായിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിരന്തര വേട്ടയാടലിനെ അതി ജീവിച്ച്, ദീര്‍ഘകാലം തടങ്കലില്‍ കഴിഞ്ഞ വൈദികനാണ്. 2014 ല്‍ അല്‍ബേനിയയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ എന്വര്ഹോക്സയുടെ കമ്യൂണിസ്റ്റ് പട്ടാളം കര്‍ദ്ദിനാളിനോടു ചെയ്ത പീഡനങ്ങള്‍ കേട്ട് പൊട്ടി കരഞ്ഞത്രെ.
അത്ര പെട്ടന്ന്, ഈ കഥകള്‍ സഭക്ക് മറക്കാനാവില്ലല്ലൊ.
ഇനി പോളണ്ടിനെ കുറിച്ച് പറയാം.
കേവലം ഒന്‍പത് ദിന രാത്രങ്ങള്‍ – പോളണ്ടിനെ കമ്യൂണിസ്റ്റ് ആധിപത്യത്തില്‍ നിന്നും മുക്തമാക്കാന്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് അത്രയും സമയം തന്നെ അധികമായിരുന്നു.
ദൈവവിശ്വാസത്തെ വെല്ലുവിളിച്ചു കുതിച്ച കമ്യൂണിസ്റ്റ് ഭരണകൂടത്തിനെ പിടിച്ചുകെട്ടാന്‍ പോളിഷ് വൈദികനായിരുന്ന കരോള്‍ വൊയ്റ്റിവ എന്ന ജോണ്‍ പോള്‍ രണ്ടാമനെ തന്നെ വത്തിക്കാന്‍ ഇറക്കേണ്ടിവന്നു..
കളി സഭയോടു വേണ്ട.
അങ്ങനെ, സഭയോടു ഏറ്റുമുട്ടി… അരിവാള്‍ ചുറ്റിക കുരിശ് നിര്‍മ്മിച്ച്, മാര്‍പാപ്പക്കു നല്കി വിശ്വാസ പാതയില്‍ ചരിച്ചു തുടങ്ങിയ ബൊളീവിയന്‍ കമ്യൂണിസ്റ്റ് പ്രസിഡന്റു പോലെയുള്ള എത്രയെത്രെ ഭരണകൂടങ്ങള്‍.
ചാക്രിക ലേഖനത്തിലെ അന്ത:സത്തയോടു അനുരാഗം സാധാരണക്കാരന് തോന്നുന്നതില്‍ അതിശയമില്ല…
പക്ഷെ, പ്രാപഞ്ചിക, സാമൂഹിക, സമസ്യകള്‍ക്ക്, അത്, ഇനി സാമ്പത്തികമായാലും, ഭൗതികമായാലും, മാര്‍ക്സിസ്റ്റ് വീക്ഷണത്തിലൂടെ മാത്രം ഉത്തരം പൂരിപ്പിച്ച് നല്കികൊണ്ടിരുന്ന സാദാ സഖാക്കള്‍, മാര്‍ക്സിറ്റ് അപ്പോസ്തലന്റെ പ്രതിപുരുഷനായി സങ്കല്പിച്ചിട്ടുള്ള, ബിനോയ് വിശ്വത്തിനെ പോലുള്ളവര്‍ മുതലാളിത്തത്തിനും, മറ്റ് ദുര്‍ഘട സന്ധികള്‍ക്കും, പ്രതിവിധിയായി വത്തിക്കാന്റെ വേദവാക്യങ്ങള്‍ പരിഹാരമാണന്ന് സമ്മതിക്കുന്നത് കാണുമ്പോള്‍, അന്തം വിട്ട് പോകുന്നു.
1959ലെ വിമോചന സമരംഓര്ക്കുമ്പോള്, സഭയെ സ്നേഹിച്ച് കൊല്ലാന്‍ തോന്നും..
എകെജിയു മായി സഹകരിച്ച് കുടിയിറക്കു വിരുദ്ധ സമരം നടത്തിയ ഫാദര്‍ ജോസഫ് വടക്കനെ സഭ പടിയടച്ച്, എട്ടു വര്‍ഷത്തേക്ക് പിണ്ഡംവെച്ചത് ഓര്‍ക്കുമ്പോള്‍ സ്നേഹം അണപൊട്ടുന്നു..
അങ്ങനെ സ്നേഹം, തോന്നാന്‍ ഏന്തെല്ലാം കാരണങ്ങള്‍ വാല്‍ക്കഷ്ണം:- പടനിലത്ത് വേലകളി തുടങ്ങി. ഇനി അല്പം പരിപ്പ് വേവിച്ച് നോക്കാം
കലഞ്ഞൂര്‍ ജയകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: