ചേര്‍ത്തല: മുസ്ലീം ലീഗ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി മൊഹബത്തിലാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവനെ എക്കാലവും അവഹേളിച്ച പാര്‍ട്ടിയാണ് സിപിഎം. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയിലെ വിസി നിയമനം ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ മതപരമായ അജണ്ടയാണ് വോട്ട്ബാങ്ക് മുന്നില്‍ കണ്ട് സിപിഎം നടപ്പിലാക്കിയത്. ഇടതു സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതികരിച്ച എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറിക്കെതിരെ യുഡിഎഫ് ഘടകകക്ഷിയായ ലീഗ് പ്രതികരിച്ചതിന് പിന്നില്‍ മതവും രാഷ്ട്രീയവുമുണ്ട്. പാലാരിവട്ടം പാലത്തിലൂടെ സിപിഎമ്മും മുസ്ലീംലീഗും പരസ്പരം കൈകോര്‍ത്തിരിക്കുകയാണ്.
പാലാ ഉപതെരഞ്ഞെടുപ്പിനിടയില്‍ പാലാരിവട്ടം പാലം പണിതവരെ സര്‍ക്കാര്‍ ഭക്ഷണം തീറ്റിക്കുമെന്ന പറഞ്ഞ മുഖ്യമന്ത്രി പിന്നീടതു മറന്നുപോയത് ഇക്കാരണത്താലാണ്. വര്‍ഗീയതയുടെ പേരില്‍ സിപിഎമ്മുമായി ചങ്ങാത്തമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറിക്കെതിരെ മുഖപ്രസംഗം എഴുതിയത്.
എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി ഒന്പതാമതും തെരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശനെ അഭിനന്ദിക്കാനാണ് എത്തിയതെന്നും സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്, ജില്ലാ സെക്രട്ടറി ടി. സജീവ് ലാല്‍, ചേര്‍ത്തല നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: